Kannur

മോറിസ്‌കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

മോറിസ്‌കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
X

കണ്ണൂര്‍: മോറിസ്‌കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊല്ലം അഞ്ചുകല്ല്മൂട് സ്വദേശി സന്തോഷ് ഫിലിക്‌സിനെ (38) ആണ് കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി പി സദാനന്ദന്‍ അറസ്റ്റ് ചെയ്തത്. മോറിസ്‌കോയിന്‍ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. സന്തോഷ് ഫിലിക്‌സിന്റെ പേരില്‍ കൊല്ലം ആക്‌സിസ് ബാങ്കിലുള്ള അക്കൗണ്ട് പരിശോധിച്ചതില്‍ 58,28,13,140 രൂപ വിവിധ നിക്ഷേപകരില്‍നിന്നും സ്വീകരിച്ചതായി മനസ്സിലായി.

മൊത്തം 1,300 കോടി രൂപ പിരിച്ചെടുത്തതില്‍ 58 കോടി രൂപയും സന്തോഷിന്റെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്. ഈ തട്ടിപ്പ് പദ്ധതിയിലേക്ക് ആയിരകണക്കിന് ആളുകളെ ഇയാള്‍ ചേര്‍ത്തതായി വ്യക്തമായി. ഇയാള്‍തന്നെ ലോങ്‌റിച്ച് വെബ്‌സൈറ്റിലും മോറിസ്‌കോയിന്‍ വെബ്‌സൈറ്റിലുമായി 376 വ്യത്യസ്ത ഐഡികളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി.

പിന്‍സ്‌റ്റോക്കിസ്റ്റുകള്‍ വഴി ശേഖരിച്ച ഭീമമായ തുക കമ്പനി ഉടമ നിഷാദിന്റെ ഫെഡറല്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക് തുടങ്ങിയ അക്കൗണ്ടിലേക്കും ലോങ് റിച്ച് ഗ്ലോബല്‍ എന്ന പേരില്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ കോയമ്പത്തൂര്‍ ബ്രാഞ്ച് അക്കൗണ്ടിലേക്കും ഐസിഐസിഐ യുടെ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍നിന്നും AVAILSOLUTION, CASHFREE, EASEBUZ തുടങ്ങിയ ഇന്റര്‍നെറ്റ് മണിപേയ്‌മെന്റ് ഗേറ്റ്‌വേ കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി മനസ്സിലായി.

ഇത്തരം നോഡല്‍ അക്കൗണ്ടുകള്‍ വഴി ആദ്യകാല നിക്ഷേപകര്‍ക്ക് ഭീമമായ പണം വിതരണം ചെയ്തിട്ടുണ്ട്. പ്രസ്തുത അക്കൗണ്ടുകള്‍ എല്ലാം പരിശോധിച്ചതിന്റെ ഭാഗമായിട്ടാണ് സന്തോഷ് ഫിലിക്ക്‌സ് അറസ്റ്റിലയത്. കണ്ണപുരം എസ്‌ഐ വിനീഷ്, എടക്കാട് എസ്‌ഐ മഹേഷ് കണ്ടബേത്ത്, കണ്ണൂര്‍ സിറ്റി എസ്‌ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുകള്‍ നടന്നുവരുന്നത്. ഇതിനകം ഏഴുപേര്‍ മൊത്തം അറസ്റ്റിലായിട്ടുണ്ട്. ലോങ് റിച്ച് നിക്ഷേപ തട്ടിപ്പ് പദ്ധതിയുടെ ഫണ്ടുകള്‍ കൈകാര്യം ചെയ്ത കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തുവരികയാണ്.

Next Story

RELATED STORIES

Share it