Kannur

കണ്ണൂരിലെ അമിത നിയന്ത്രണം; കലക്ടര്‍ക്ക് ഇ-മെയില്‍ അയച്ചും സോഷ്യല്‍മീഡിയാ പ്രതിഷേധവുമായി എസ് ഡി പി ഐ

വേണ്ടത്ര മുന്നൊരുക്കവും കൂടിയാലോചനയുമില്ലാതെ ജില്ലാ ഭരണകൂടം നടപ്പാക്കിയ അമിത നിയന്ത്രണത്തിനെതിരേ വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്

കണ്ണൂരിലെ അമിത നിയന്ത്രണം; കലക്ടര്‍ക്ക് ഇ-മെയില്‍ അയച്ചും സോഷ്യല്‍മീഡിയാ പ്രതിഷേധവുമായി എസ് ഡി പി ഐ
X

കണ്ണൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്നൊരുക്കമില്ലാതെ ജില്ല മുഴുവന്‍ നടപ്പാക്കിയ അമിത നിയന്ത്രണത്തിനെതിരേ ജില്ലാ കലക്ടര്‍ക്ക് ഇ-മെയില്‍ അയച്ചും സോഷ്യല്‍മീഡിയാ പ്രതിഷേധവുമായി എസ് ഡിപിഐ. ഹോട്ട് സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ പോലും സമ്പൂര്‍ണ അടച്ചിടലിനു വിധേയമാക്കുകയും അവശ്യസാധനങ്ങള്‍ പോലും ലഭിക്കാത്ത വിധം പഞ്ചായത്ത് കാള്‍ സെന്റര്‍ പ്രഹസനമാക്കുകയും ചെയ്തതിനെതിരേയാണ് കുടുംബങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നത്. കുട്ടികളും വീട്ടമ്മമാരും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളേന്തി വീടുകളിലിരുന്ന് ഫേസ്ബുക്ക്, വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍മീഡിയകളിലൂടെ പ്രതിഷേധം അറിയിക്കുകയാണ്. കൂടാതെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നിവേദനവും സമര്‍പ്പിക്കുന്നുണ്ട്.

വേണ്ടത്ര മുന്നൊരുക്കവും കൂടിയാലോചനയുമില്ലാതെ ജില്ലാ ഭരണകൂടം നടപ്പാക്കിയ അമിത നിയന്ത്രണത്തിനെതിരേ വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്ത് കാള്‍ സെന്റര്‍, ഓണ്‍ ലൈന്‍ ഡെലിവറികള്‍ തികച്ചും അപ്രായോഗികമാണെന്ന് ആദ്യദിവസം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ വീട്ടില്‍ നേരിട്ടെത്തിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം സമ്പൂര്‍ണ പരാജയമായിരുന്നു. പ്രത്യേകിച്ച് റമദാന്‍ കാലം കൂടിയായതോടെ, ഹോട്ട് സ്‌പോട്ടോ കൊവിഡ് സ്ഥിരീകരിക്കാത്ത മേഖലകളും വരെ വഴിയടച്ചിരിക്കുന്നത് ഗ്രാമങ്ങളെ പോലും ബന്ദിയാക്കുന്നതിനു തുല്യമായി മാറിയിരിക്കുകയാണ്.

പലയിടത്തും സാധങ്ങള്‍ക്ക് അമിത വില ഈടാക്കുമ്പോള്‍ അതിനെതിരേ കര്‍ശന നടപടികളെടുക്കുന്നില്ല. ഇക്കാര്യത്തിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നിയന്ത്രണവും ഉണ്ടാവുന്നില്ല. ലോക്ക് ഡൗണിന്റെ മറവില്‍ പോലിസ് അമിതാധികാരം പ്രയോഗിക്കുകയാണെന്ന ആക്ഷേപം പലയിടത്തും ശക്തമാണ്. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശങ്ങളിലും മറ്റും രാഷ്ട്രീയ-സന്നദ്ധ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് പ്രായോഗികമായ ഇടപെടലുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും എസ് ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it