Kannur

ഇടതുപക്ഷ ഭരണത്തില്‍ ജയിലുകള്‍ ക്രിമിനലുകള്‍ക്ക് സുഖവാസകേന്ദ്രമായി മാറി: കെ സുധാകരന്‍ എംപി

ഇടതുപക്ഷ ഭരണത്തില്‍ ജയിലുകള്‍ ക്രിമിനലുകള്‍ക്ക് സുഖവാസകേന്ദ്രമായി മാറി: കെ സുധാകരന്‍ എംപി
X

കണ്ണൂര്‍: ഇടതുപക്ഷ ഭരണത്തില്‍ ജയിലുകള്‍ ക്രിമിനലുകള്‍ക്ക് സുഖവാസകേന്ദ്രമായി മാറിയെന്ന് കെസിപിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം തികഞ്ഞ പരാജയമാണ്. കൊടി സുനിമാരാണ് ജയിലുകള്‍ ഭരിക്കുന്നത്. ജയില്‍ സൂപ്രണ്ടിന്റെ ഓഫിസ് ഫോണ്‍ പോലും ക്രിമിനലുകള്‍ ഉപയോഗിച്ചുവെന്ന റിപോര്‍ട്ട് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ജയില്‍ സൂപ്രണ്ടിന്റെ അധികാരം ഇത്തരം ക്രിമിനലുകള്‍ നല്‍കിയോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്തരം ആരോപണങ്ങളുയരുമ്പോള്‍ നിശബ്ദനായി ഒന്നും ഉരിയാടാതെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് കടന്നുവരാതെ മാറിനില്‍ക്കുന്നു.

മുട്ടില്‍ മരം മുറി പോലുള്ള അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന മൗനം അഴിമതിയില്‍ പങ്കുണ്ട് എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷുകാരെ പോലെ മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിച്ച് അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി സിപിഎമ്മും ബിജെപിയും വര്‍ഗീയത സൃഷ്ടിക്കുകയാണ്. മഹാത്മാ ഗാന്ധി സഹനസമരത്തിലൂടെയാണ് ബ്രിട്ടീഷുകാരില്‍നിന്നും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തത്. അതുപോലെയുള്ള ഗാന്ധിയന്‍ രീതിയിലുള്ള പ്രവര്‍ത്തനമാണ് നമുക്ക് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇന്ന് ആവശ്യം. സിപിഎം- ബിജെപി കൂട്ടുകെട്ടിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ പി ടി തോമസ്, ടി സിദ്ദിഖ്, രാജ്‌മോഹന് ഉണ്ണിത്താന്‍ എംപി എന്നിവര് സംസാരിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യന്‍, വി എ നാരായണന്‍, സജീവ് മാറോളി, മേയര്‍ അഡ്വ.ടി ഒ മോഹനന്‍, സെക്രട്ടറിമാരായ ഡോ. കെ വി ഫിലോമിന, ചന്ദ്രന്‍ തില്ലങ്കേരി, യുഡിഎഫ് ചെയര്‍മാന്‍ പി ടി മാത്യു, മുന്‍ യുഡിഎഫ് ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, എം നാരായണന്‍കുട്ടി, കെ സി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it