Kannur

മാലിന്യ മുക്ത കേരളം: ലോകബാങ്ക് സഹായത്തോടെ 2500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി

മാലിന്യ മുക്ത കേരളം: ലോകബാങ്ക് സഹായത്തോടെ 2500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി
X

കണ്ണൂര്‍: മാലിന്യ മുക്ത കേരളം യാഥാര്‍ഥ്യമാക്കുന്നതിനായി സംസ്ഥാനത്ത് ലോകബാങ്കിന്റെ സഹായത്തോടെ 2500 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ആഗസ്ത് മാസത്തോടെ തുടങ്ങുന്ന പദ്ധതികള്‍ നാല് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി എം വി ഗോവിന്ദന്‍. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പടന്നപ്പാലം മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ നടപടി സ്വീകരിക്കും. ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒമ്പത് കോടി രൂപയുടെ സംസ്‌കരണ പ്ലാന്റ് എത്രയും വേഗം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ എല്ലാ ആശങ്കകളും പരിഹരിക്കും. അതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പ്രദേശവാസികള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കാത്ത രീതിയിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക. ഇവിടെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാവില്ല. മലിനജലം ശുദ്ധീകരിച്ച് തോട്ടിലേക്ക് ഒഴുക്കുകയും ഖരമാലിന്യങ്ങള്‍ കേക്ക് രൂപത്തിലാക്കി മാറ്റുകയും ചെയ്യുന്നതാണ് പ്ലാന്റിന്റെ രീതി. ഇതുകാരണം എന്തെങ്കിലും ദുര്‍ഗന്ധമോ പരിസ്ഥിതി മലിനീകരണമോ ഉണ്ടാവുന്ന പ്രശ്‌നമില്ല. പടന്നത്തോട്ടിലേക്കും അമ്മായിത്തോട്ടിലേക്കും കടല്‍ജലം കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ശാസ്ത്രീയ പഠനം അനിവാര്യമാണ്. കടല്‍ഭിത്തി ഉയര്‍ത്തി വെള്ളം തടയുന്ന പദ്ധതിക്ക് സിആര്‍ഇസെഡ് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പ്രായോഗിക മാര്‍ഗങ്ങള്‍ ആരായും. ഇക്കാര്യത്തില്‍ താല്‍ക്കാലിക ആശ്വാസ നടപടികള്‍ക്കു പകരം സ്ഥിരമായ പരിഹാരമാണ് ആവശ്യം.

ഇതിന് സത്വര നടപടികള്‍ സ്വീകരിക്കും. ഏറ്റവും പ്രായം കുറഞ്ഞ കോര്‍പറേഷന്‍ എന്ന നിലയില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ വിവിധ ആവശ്യങ്ങളും പ്രശ്‌നങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഒരു യോഗം ഉടന്‍ തന്നെ ചേരുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡെപ്യൂട്ടി മേയര്‍ കെ ഷബീന, ഡിഡിസി സ്‌നേഹില്‍ കുമാര്‍ സിങ്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Waste Free Kerala: Rs 2,500 crore projects will be implemented with the help of the World Bank: Minister

Next Story

RELATED STORIES

Share it