Kasaragod

കാട്ടാനകളെ പ്രതിരോധിക്കാന്‍ 'ആന മതില്‍' പദ്ധതി

കാട്ടാനകളെ പ്രതിരോധിക്കാന്‍ ആന മതില്‍ പദ്ധതി
X

കാസര്‍കോട്: കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത് ആവിഷ്‌കരിച്ച ആനമതില്‍ പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍. ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രോല്‍സാഹന ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതാണ് കര്‍ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ കാട്ടാനകളുടെ ആക്രമണങ്ങള്‍ രൂക്ഷമായതോടെയാണ് സ്ഥിരം പ്രതിരോധ സംവിധാനമെന്ന നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. സമഗ്ര പദ്ധതിയെന്ന നിലയില്‍ ഇതിനായി കഴിഞ്ഞ ബജറ്റില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഒരുകോടി രൂപയും നീക്കീവച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള സഹായത്തിന് സമീപിക്കുവാന്‍ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിനൊപ്പം ജില്ലാ പഞ്ചായത്തിന്റെ ഒരു വിഹിതവും ആന ശല്യം നേരിടുന്ന ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ ഒരു വിഹിതവും പദ്ധതിക്ക് വിനിയോഗിക്കും. ആനശല്യം തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും യോജിപ്പിച്ച് കേരളത്തില്‍ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.

Next Story

RELATED STORIES

Share it