Kottayam

പ്രകൃതിക്ഷോഭത്തിന്റെ ആഘാതവും ദുരന്തബാധിതരുടെ ആവശ്യങ്ങളും; പരിശോധനയ്ക്കായി വിദഗ്ധസംഘം കോട്ടയത്ത്

പ്രകൃതിക്ഷോഭത്തിന്റെ ആഘാതവും ദുരന്തബാധിതരുടെ ആവശ്യങ്ങളും; പരിശോധനയ്ക്കായി വിദഗ്ധസംഘം കോട്ടയത്ത്
X

കോട്ടയം: മഴക്കാല ദുരന്താഘാതങ്ങളുടെ സാമൂഹ്യമാനങ്ങള്‍ മനസ്സിലാക്കുന്നതിനും ദുരന്തങ്ങള്‍ നേരിട്ട് അനുഭവിച്ചവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും വിദഗ്ധസംഘം കോട്ടയത്തെത്തി. യൂനിസെഫ് ചെന്നൈ മേഖല ചീഫ് കെ എല്‍ റാവു ഉള്‍പ്പെടെയുള്ള സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിക്കല്‍, മുണ്ടക്കയം, കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലാണ് സന്ദര്‍ശനം നടത്തുന്നത്.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിസെഫിന്റെയും സ്ഫിയര്‍ ഇന്ത്യയുടെയും സഹകരണത്തോടെ നടത്തുന്ന ഈ സാമൂഹ്യാവലോകനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കേരളത്തിലെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായ സര്‍ക്കാരിതര സന്നദ്ധസംഘടനകളുടേയും പ്രതിനിധികളായ 13 പേരടങ്ങുന്നതാണ് പഠനസംഘം.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരില്‍നിന്ന് ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ദുരന്താനന്തര ആവശ്യങ്ങളുടെ പഠനമാണ് സന്ദര്‍ശന ലക്ഷ്യം. കുട്ടികളുടെ ക്ഷേമം സംരക്ഷണം, ജലം, ഭക്ഷണം എന്നിവയുടെ ലഭ്യത, ആരോഗ്യം, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ക്ഷേമം ,സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളാണ് പ്രധാനമായും പഠിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, സാമൂഹിക നീതി, പട്ടിക ജാതി- പട്ടിക വര്‍ഗ വികസനം, മാതൃശിശു വികസനം, ഭക്ഷ്യ പൊതുവിതരണം എന്നീ വകുപ്പുകളാണ് പഠനത്തില്‍ പങ്കുചേരുന്നത്. വര്‍ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ദുരന്താനന്തര ഘട്ടത്തില്‍ വീണ്ടെടുപ്പിനാവശ്യമായ അടിയന്തര ഹ്രസ്വ, ദീര്‍ഘകാല നടപടികള്‍ പഠനസംഘം ശുപാര്‍ശ ചെയ്യും.

സാമൂഹിക നയരൂപീകരണത്തിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സഹായകമാവുന്ന നിര്‍ദേശങ്ങള്‍ സംഘം സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്നലെ കൂട്ടിക്കലില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോന്‍, മറ്റ് ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

കൂട്ടിക്കല്‍ മേഖലയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. വൈകുന്നേരം കലക്ടറേറ്റിലെത്തിയ സംഘം ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ്, എസ്ഡിഎംഎ പ്രോജക്ട് ഓഫിസര്‍ ജോ ജോണ്‍ ജോര്‍ജ്, വിവിധ വകുപ്പു മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച മുണ്ടക്കയം, കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍ തെക്കേക്കര എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.

Next Story

RELATED STORIES

Share it