Kozhikode

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
X

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം അടുത്ത ദിവസങ്ങളിലായി വലിയതോതില്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കലക്ടറേറ്റില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏറ്റവും കൂടിയ കേസുകളുടെ എണ്ണം ജില്ലയില്‍ റിപോര്‍ട്ട് ചെയ്തു. ദിവസവും ആയിരത്തിന് മുകളില്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ചികില്‍സാ മേഖലകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിതി ആശങ്കാജനകമാണ്. മറ്റു പ്രദേശങ്ങളിലും ഗുരുതര സാഹചര്യമുണ്ട്. വ്യാപനം വിലയിരുത്തി പ്രദേശം ലോക്ക്ഡൗണ്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പോലിസ് നിരീക്ഷണവും പരിശോധനയും വര്‍ധിപ്പിക്കും. ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തണം. ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കാനാകില്ല. ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് ജാഗ്രതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ വ്യാപനം കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

20,000 രോഗികളെ വരെ ചികില്‍സിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതില്‍ 10,000 പോസിറ്റീവ് ആളുകള്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വീടുകളില്‍ തന്നെ കഴിയാം. 30 ശതമാനം പേര്‍ക്ക് എഫ്.എല്‍.ടി.സി കളില്‍ ചികില്‍സാ സൗകര്യം ഒരുക്കാന്‍ സാധിക്കും. ഗൗരവ ശ്രദ്ധ വേണ്ട 20 ശതമാനം രോഗികള്‍ ഉണ്ടാവും. ഇവര്‍ക്ക് ആവശ്യമായ ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യത ഉറപ്പാക്കാന്‍ നടപടിയുണ്ടാവും. 50 കിലോ ലിറ്റര്‍ ലിക്വിഡ് ഓക്സിജന്‍ ലഭ്യത ഇന്ന് ജില്ലയിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 500 ഓക്സിജന്‍ സിലിണ്ടര്‍ ബെഡ് സൗകര്യം അടുത്ത ആഴ്ചയിലേക്ക് ഒരുങ്ങും. 85 ഐ.സി.യു ബെഡ് സൗകര്യവുമുണ്ടാവും. ഇത് 200 ആയി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടി ഉണ്ടാവും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഓരോ ആഴ്ചയും കൂടുന്ന സ്ഥിതി തുടരുകയാണ്. നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രമേ രോഗവ്യാപനം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it