Kozhikode

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി: മുസ് ലിം ലീഗ് മണ്ഡലം കമ്മിറ്റി രാജിവച്ചു

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി:   മുസ് ലിം ലീഗ് മണ്ഡലം കമ്മിറ്റി രാജിവച്ചു
X

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് മുസ്‌ലിംലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രാജിവച്ചു. വിമര്‍ശനങ്ങള്‍ അതിരുകടന്നെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്റ് എസ് കെ അസൈനാറാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയ എതിരാളികള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചില അണികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഇത്തരം പ്രചാരണങ്ങള്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഏറെ വേദനിപ്പിച്ചതിനാല്‍ തന്നെ തദ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം യോഗത്തില്‍ അറിയിക്കുകയായിരുന്നു. പ്രസിഡന്റ് രാജിയില്‍ ഉറച്ചുനിന്നതോടെ മറ്റു ഭാരവാഹികളും രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.

നേരത്തേ മുസ്‌ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിച്ചിരുന്ന ചങ്ങരോത്ത്, തുറയൂര്‍ പഞ്ചായത്തുകളില്‍ സിറ്റിങ് സീറ്റുകളില്‍ ഇക്കുറി പാര്‍ട്ടി പരാജയപ്പെട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ് എന്നായിരുന്നു വിമര്‍ശനം. മാത്രമല്ല, ചിലര്‍ സാമൂഹി മാധ്യമങ്ങളിലൂടെ ഭാരവാഹികളെ അധിക്ഷേപിച്ച് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം അതാത് പഞ്ചായത്ത് കമ്മിറ്റികള്‍ക്കാണെന്നും മണ്ഡലം കമ്മിറ്റിക്കെതിരായ വിമര്‍ശനം ശരിയല്ലെന്നും മണ്ഡലം പ്രവര്‍ത്തക സമിതി വിലയിരുത്തി. അതേസമയം, 16ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം, മണ്ഡലം കമ്മിറ്റിയുടെ രാജി മേല്‍ഘടകം അംഗീകരിച്ചിട്ടില്ലെന്നാണു റിപോര്‍ട്ട്.

Failure in local body elections: Muslim League constituency committee resigns

Next Story

RELATED STORIES

Share it