Kozhikode

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് വിസ് ഡം

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് വിസ് ഡം
X

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ ചേര്‍ന്ന കൗണ്‍സില്‍ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷത വഹിച്ചു. കൊല്ലപ്പെട്ട കുട്ടിയെ അവസാനമായി കാണാനോ അവരുടെ വിശ്വാസമനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ക്കോ അവസരം നല്‍കാതെ ബലപ്രയോഗത്തിലൂടെ അര്‍ധരാത്രി തന്നെ കത്തിച്ചത് ദുരൂഹതയുളവാക്കുന്ന സംഭവമാണ്. കുടുംബവും പൊതുസമൂഹവും ആവശ്യപ്പെടുന്ന വിധത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം. ജനാധിപത്യ വ്യവസ്ഥയിലെ പ്രതിഷേധിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങളാണ് പോലിസ് നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തികളെ കുറ്റവിമുക്തരാക്കിയ ലക്‌നോ പ്രത്യേക സിബിഐ കോടതി വിധി കടുത്ത നീതി നിഷേധമാണ്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജോലി ഇല്ലാത്തവരെയും മറ്റും സര്‍ക്കാറും മറ്റു സന്നദ്ധ സംഘടനകളും കാര്യമായി പരിഗണിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ്, വൈസ് പ്രസിഡന്റ് ഫൈസല്‍ മൗലവി പുതുപ്പറമ്പ്, പ്രഫ. ഹാരിസ്ബ്‌നു സലീം, സി പി സലീം, ഹുസയ്ന്‍ കാവനൂര്‍, വിസ്ഡം ഇസ് ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി, വിസ് ഡം ഇസ് ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീല്‍ അരീക്കോട് സംസാരിച്ചു.

Hathras gang-rape: Wisdom urges PM to remain silent



Next Story

RELATED STORIES

Share it