Malappuram

വാര്‍ത്താ സ്വാതന്ത്ര്യനിഷേധം ഭരണഘടനാവിരുദ്ധം: ഐഎസ്എം

കലാപമേഖലകളില്‍നിന്ന് റിപോര്‍ട്ട് ചെയ്യാന്‍ നിയമപരമായ വിലക്കില്ലെന്നിരിക്കെ ചാനലുക്കള്‍ക്ക് മേല്‍ നിരോധനമേര്‍പെടുത്തിയത് രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭരണകൂട ഭീകരത മറച്ചുവയ്ക്കാനുള്ള തന്ത്രം മാത്രമാണ്.

വാര്‍ത്താ സ്വാതന്ത്ര്യനിഷേധം ഭരണഘടനാവിരുദ്ധം: ഐഎസ്എം
X

മലപ്പുറം: ആര്‍എസ്എസ്, ഡല്‍ഹി പോലിസ്, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവരെ വിമര്‍ശിച്ച് ഡല്‍ഹി കലാപവാര്‍ത്ത സംപ്രേക്ഷണം ചെയ്തുവെന്ന ആരോപണം ചുമത്തി ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകള്‍ക്കുമേല്‍ നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവ് വാര്‍ത്തകള്‍ സത്യസന്ധമായി റിപോര്‍ട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ഐഎസ്എം ജില്ലാ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച 'സാമൂഹ്യബോധനം' അഭിപ്രായപ്പെട്ടു. കലാപമേഖലകളില്‍നിന്ന് റിപോര്‍ട്ട് ചെയ്യാന്‍ നിയമപരമായ വിലക്കില്ലെന്നിരിക്കെ ചാനലുക്കള്‍ക്ക് മേല്‍ നിരോധനമേര്‍പെടുത്തിയത് രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭരണകൂട ഭീകരത മറച്ചുവയ്ക്കാനുള്ള തന്ത്രം മാത്രമാണ്.

ദേശവിരുദ്ധരും, കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവരും, മതങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നവരുമായ സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടം അതേ കാരണങ്ങള്‍ പറഞ്ഞ് ജനാധിപത്യ, മതേതര സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് മതേതരസമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് 'സാമൂഹ്യ ബോധനം' ആഹ്വാനം ചെയ്തു. 'ഇസ്‌ലാമോഫോബിയയുടെ കേരള പരിസരം: വസ്തുത, കാരണം' എന്ന പ്രമേയത്തില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ഐഎസ്എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്ത സേേമ്മളനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ മുഖ്യാഥിതിയായി പങ്കെടുത്തു.

'ആഗോള മീഡിയ നിര്‍വഹിക്കുന്ന ഇസ്‌ലാം പേടിയുടെ നിറഭേദങ്ങള്‍', 'ലൗ ജിഹാദ്: ഇസ്‌ലാം പേടിയുടെ അപനിര്‍മാണം', 'മാധ്യമവേട്ട: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. ജാബിര്‍ അമാനി, എം ടി മനാഫ് മാസ്റ്റര്‍, റിഹാസ് പുലാമന്തോള്‍ പ്രബന്ധാവതരണം നടത്തി. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, ഷാനിഫ് വാഴക്കാട്, ജലീല്‍ വൈരങ്കോട്,കെ പി അബ്ദുറഹിമാന്‍ സുല്ലമി, ടി ആബിദ് മദനി, അബ്ദുല്‍ഖരിം വല്ലാഞ്ചിറ, പി മൂസക്കുട്ടി മദനി, പി എം എ സമദ്, ശരീഫ് കോട്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it