Malappuram

പ്രത്യേക പോക്‌സോ കോടതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പ്രത്യേക പോക്‌സോ കോടതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
X
മലപ്പുറം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിച്ചത്. ലൈംഗിക കേസുകളും പോക്സോ കേസുകളും നിരന്തരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുകയാണ് പുതിയ കോടതികളുടെ ലക്ഷ്യം. രണ്ടു വര്‍ഷത്തിനകം പരമാവധി കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച് ജനകീയ പരാതികള്‍ പരമാവധി കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പ്രത്യേക കോടതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊതു സമൂഹവും തികഞ്ഞ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അതില്‍ ഉള്‍പ്പെടുന്നവരെ തിരുത്താനും വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടുതല്‍ കോടതികള്‍ യാഥാര്‍ഥ്യമാവുന്നതോടെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പാവുമെന്നത് ആശ്വാസകരമാകുമെന്നും സാധാരണ ജനതയ്ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജഡ്ജി കെ പി ജോണ്‍ പ്രത്യേക കോടതി നാടിന് സമര്‍പ്പിച്ചു. എംഎസിടി ജഡ്ജി അഹമ്മദ് കോയ, ഒന്നാം അഡീഷനല്‍ കോടതി ജില്ലാ ജഡ്ജി ടി വി സുരേഷ് ബാബു, രണ്ടാം അഡീഷനല്‍ ജില്ലാ ജഡ്ജി ടോമി വര്‍ഗീസ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉദയകുമാര്‍, സബ് ജഡ്ജി ഷൈജല്‍, ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി പ്രിയ, പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ്, മഞ്ചേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ സി അഷ്‌റഫ്, സെക്രട്ടറി അഡ്വ. ആസിഫ് ഇഖ്ബാല്‍ സംബന്ധിച്ചു.

തിരൂരില്‍ എംഎസിടി ജഡ്ജ് ടി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പദ്മകുമാര്‍ അധ്യക്ഷനായി. കുടുംബ കോടതി ജഡ്ജ് എ വി നാരായണന്‍, മുതിര്‍ന്ന അഭിഭാഷകരായ എം കെ മൂസക്കുട്ടി, നന്ദകുമാര്‍, ശിരസ്ദാര്‍ ദനേഷ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ പങ്കെടുത്തു.

Special pocso courts were submitted by Chief Minister




Next Story

RELATED STORIES

Share it