Malappuram

വില്‍പനയ്‌ക്കെത്തിച്ച വാറ്റുചാരായവും കര്‍ണാടക വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍

വില്‍പനയ്‌ക്കെത്തിച്ച വാറ്റുചാരായവും കര്‍ണാടക വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: വില്‍പനയ്‌ക്കെത്തിച്ച വാറ്റുചാരായവും കര്‍ണാടക വിദേശ മദ്യവുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂര്‍ സ്വദേശികളായ ആനക്കുഴി രാഖില്‍(25), വെളുത്തേടത്ത് തൊടി അനുരാഗ് (23) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ എ കെ ശ്രീജിത്തും സംഘവും അറസ്റ്റുചെയ്തത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മുതലെടുത്ത് മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിപ്രദേശങ്ങളില്‍ അനധികൃത മദ്യവില്‍പനയും വ്യാജവാറ്റും നടത്തുന്ന സംഘങ്ങളെക്കുറിച്ച് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ എം ദേവസ്യ, സിഐ സജിന്‍ ശശി, എസ്‌ഐ ശ്രീജിത്ത്, എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് രണ്ടുബൈക്കുകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 17 ലിറ്റര്‍ വാറ്റുചാരായവും 23 കുപ്പി കര്‍ണാടക വിദേശമദ്യവു (17.250 ലിറ്റര്‍) മായി മൂന്നുപേരെ അറസ്റ്റുചെയ്തത്.

രാഖില്‍, അനുരാഗ് എന്നിവര്‍ ലോക്ക് ഡൗണ്‍ സമയത്ത് നവമാധ്യമങ്ങള്‍വഴി ഒരുമാസം മുമ്പ് വാറ്റുചാരായനിര്‍മാണം പഠിക്കുകയും രഹസ്യകേന്ദ്രത്തില്‍ വച്ച് വാറ്റുചാരായം നിര്‍മിച്ച് ലിറ്ററിന് 1,500 രൂപ മുതല്‍ വിലയ്ക്ക് ഏജന്റുമാര്‍ മുഖേന വില്‍പ്പന നടത്തിവരികയായിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മൊത്തമായി വില്‍പ്പന നടത്താനായി കൊണ്ടുവന്നതായിരുന്നു.

കര്‍ണാടകയില്‍നിന്ന് ഏജന്റുമാര്‍ മുഖേന പച്ചക്കറിലോറികളിലും മറ്റും കൊണ്ടുവരുന്ന വിദേശമദ്യം കുപ്പിയൊന്നിന് 1,800 രൂപ മുതല്‍ വിലയ്ക്കാണ് സുരേഷ്ബാബു വില്‍പന നടത്തുന്നത്. ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. 20 ലിറ്റര്‍ വാറ്റുചാരായവുമായി രണ്ടുപേരെ ദിവസങ്ങള്‍ക്കുമുമ്പ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തിരുന്നു. അനധികൃത മദ്യവില്‍പനയും വ്യാജവാറ്റും തടയുന്നതിന് പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it