Palakkad

കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ; സ്ഥലം ഉടമ പോലിസ് കസ്റ്റഡിയില്‍

കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ; സ്ഥലം ഉടമ പോലിസ് കസ്റ്റഡിയില്‍
X
പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു. രണ്ട് മൃതദേഹങ്ങളാണ് പുറത്തെടുത്തത്. സ്ഥലം ഉടമ ആനന്ദകുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകും. ഈ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഷിജിത്ത്, സതീഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായാണ് കുഴിയില്‍ അടക്കിയത്. മൃതദേഹങ്ങളില്‍ വസ്ത്രം ഇല്ലായിരുന്നു. പ്രദേശത്ത് രണ്ടുപേരെ കാണാതായെന്ന് പാലക്കാട് കസബ പോലിസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പോലിസ് എത്തിയതും തുടര്‍നടപടികളിലേക്ക് കടന്നതും.

യുവാക്കള്‍ മരിച്ചത് ഷോക്കേറ്റെന്നാണ് സൂചന. യുവാക്കളുടെ മൃതദേഹം സ്ഥലമുടമ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നും താനാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും സ്ഥലമുടമ പോലിസിനോട് സമ്മതിച്ചെന്നാണ് വിവരം.

ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പോലിസ് കേസെടുത്തിരുന്നു. തുടര്‍ന്ന് 4 പേരും കരിങ്കരപ്പുള്ളിയില്‍ സതീഷിന്റെ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെ പോലിസ് തിരഞ്ഞെത്തിയതറിഞ്ഞ് നാലുപേരും ബന്ധുവീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കുമാണ് ഓടിയത്. അഭിനും അജിത്തും വെനേലിയില്‍ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ ഇരുവരും കസബ സ്റ്റേഷനിലെത്തി പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരിസരത്തുള്ള പാടത്ത് മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയത്. ഇതിനുള്ളില്‍ നിന്ന് ഒരു കാല് കണ്ടെത്തുകയും ചെയ്തു. സമീപത്തെ വീട്ടിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് യുവാക്കളും പാടത്തേയ്ക്ക് പോകുന്നതായി കണ്ടെത്തി. എന്നാല്‍ ഇവര്‍ തിരിച്ച് വരുന്നതിന്റെ സൂചനകളൊന്നും ഇല്ലാതെ വന്നതോടെയാണ് മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേതെന്ന നിഗമനത്തിലേയ്ക്ക് പോലിസ് എത്തിയത്.

Next Story

RELATED STORIES

Share it