Sub Lead

കാറില്‍ സഞ്ചരിച്ച ഭാര്യയെയും ആണ്‍ സുഹൃത്തിനെയും പെട്രോളൊഴിച്ച് കത്തിച്ച് ഭര്‍ത്താവ്; ഭാര്യ മരിച്ചു

ഓമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാര്‍ വഴിയില്‍ തടഞ്ഞ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കാറില്‍ സഞ്ചരിച്ച ഭാര്യയെയും ആണ്‍ സുഹൃത്തിനെയും പെട്രോളൊഴിച്ച് കത്തിച്ച് ഭര്‍ത്താവ്; ഭാര്യ മരിച്ചു
X

കൊല്ലം: ചെമ്മാംമുക്കില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചുകത്തിച്ചു. ആക്രമണത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനിലയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ഓമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാര്‍ വഴിയില്‍ തടഞ്ഞ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. എന്നാല്‍, പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നതെന്ന് പോലിസ് സംശയിക്കുന്നു. അനിലയുടെ ബേക്കറിയിലെ ജീവനക്കാരനാണ് സോണി.



രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് പറയുന്നത്. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം. പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്.

കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജന്‍ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമായി. സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായിരുന്നു.

Next Story

RELATED STORIES

Share it