Wayanad

കഞ്ചാവ് കടത്ത്: ഒരാള്‍ അറസ്റ്റില്‍; ആറ് കിലോ കഞ്ചാവും വാഹനവും പിടികൂടി

കഞ്ചാവ് കടത്ത്: ഒരാള്‍ അറസ്റ്റില്‍; ആറ് കിലോ കഞ്ചാവും വാഹനവും പിടികൂടി
X

കല്‍പ്പറ്റ: ആറുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് പാനൂര്‍ കല്ലങ്കണ്ടി സ്വദേശി പൊന്‍കളത്തില്‍ അഷ്‌കറി (29) നെയാണ് വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കണ്ണൂരില്‍നിന്ന് വയനാട്ടിലേയ്ക്ക് വിതരണത്തിന് കൊണ്ടുപോയ കെഎല്‍ 58 വൈ 9551 സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.


പനമരം ആര്യന്നൂര്‍ നടയില്‍ വാഹനം തടഞ്ഞാണ് പിടികൂടിയത്. നിരവധി തവണയായി ഈ സ്വിഫ്റ്റ് കാറില്‍ വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. കണ്ണൂര്‍- വയനാട് അതിര്‍ത്തിയായ പേര്യയില്‍ രാത്രി 3.45 ഓടെ ഈ വാഹനം കടന്നുപോവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്നിടങ്ങളിലായി കാത്തിരുന്ന അന്വേഷണസംഘം വലവിരിക്കുകയായിരുന്നു.

സംശയം തോന്നിയ പ്രതി പനമരം പാലത്തിന് സമീപത്തുനിന്ന് തിരിച്ചുപോരുന്നതിനിടെ കാറുകളും ബൈക്കുമായി പിന്തുടര്‍ന്നാണ് പിടികൂടിയത്. വയനാട്ടിലെ റിസോര്‍ട്ടുകളില്‍ ഇയാള്‍ കഞ്ചാവ് എത്തിക്കാറുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി എം മജു, ഓഫിസര്‍മാരായ അനില്‍കുമാര്‍, സനൂപ്, ജിതിന്‍, ബാബുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്.

Next Story

RELATED STORIES

Share it