Wayanad

മുട്ടില്‍ മരം കൊള്ളക്കേസ്: അറസ്റ്റിലായ പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും

മുട്ടില്‍ മരം കൊള്ളക്കേസ്: അറസ്റ്റിലായ പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും
X

കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്ന് വയനാട്ടിലെത്തിക്കും. പ്രതികളെ മരിച്ച അമ്മയുടെ സംസ്‌കാരത്തിനെത്തിക്കും. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഡ്രൈവറുടെയും അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്. അന്വേഷണം വനം വകുപ്പുമായി സഹകരിച്ചാണ്. അറസ്റ്റിലായ ഡ്രൈവര്‍ വിനീഷ് മരംമുറി കേസിലും പ്രതിയാണെന്നും പോലിസ് പറഞ്ഞു.

മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രധാന പ്രതികളായ മൂന്നുപേരെ പ്രത്യേക അന്വേഷണസംഘം കുറ്റിപ്പുറത്തുനിന്ന് പിടികൂടിയ വിവരം ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ അറിയിച്ചത്. കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിയുന്നതുവരെ അറസ്റ്റുതടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് അറസ്റ്റ് വിവരം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

പട്ടയഭൂമിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്നതിന് പിന്നാലെയാണ് അറസ്റ്റ്. മലപ്പുറം കുറ്റിപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. മൂന്ന് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടുദിവസം മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് നടപടികള്‍ വൈകുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്.

പ്രതികളുടെ കൈകള്‍ ശുദ്ധമല്ലെന്നും രേഖകളില്‍ കൃത്രിമത്വം കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും പ്രതികള്‍ വനം കൊള്ള നടത്തിയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചിരുന്നു. 43 ഓളം കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതിനിടെ, പട്ടയഭൂമിയില്‍നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ കേസില്‍ മുട്ടില്‍ അമ്പലവയല്‍ സ്വദേശികളായ മറ്റ് രണ്ട് പേരെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it