Business

ജിഎസ്ടി: 20 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ഇ ഇന്‍വോയ്‌സ്

ജിഎസ്ടി: 20 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ഇ ഇന്‍വോയ്‌സ്
X

തിരുവനന്തപുരം: 20 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് 2022 ഏപ്രില്‍ ഒന്ന് മുതല്‍ ഇ ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി. 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍ ഏതെങ്കിലും വര്‍ഷത്തില്‍ 20 കോടിയോ അതിലധികമോ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഇ ഇന്‍വോയ്‌സ് തയ്യാറാക്കണം. ഇ ഇന്‍വോയ്‌സിങ് ബാധകമായ വ്യാപാരികള്‍ നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും, വ്യാപാരി നല്‍കുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകള്‍ക്കും ഇ ഇന്‍വോയ്‌സ് തയ്യാറാക്കണം. നിലവില്‍ 50 കോടി രൂപയിലധികം വിറ്റുവരവുള്ള വ്യാപാരങ്ങള്‍ക്കാണ് ഇ ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഏപ്രില്‍ ഒന്ന് മുതല്‍ 20 കോടി രൂപയായി കുറച്ചത്.

ഇ ഇന്‍വോയ്‌സ് എടുക്കാന്‍ ബാധ്യതയുള്ള വ്യാപാരികള്‍ ചരക്കുനീക്കം നടത്തുന്നതിന് മുമ്പുതന്നെ ഇന്‍വോയ്‌സിങ് നടത്തണം. ഇതിനായി ജിഎസ്ടി കോമണ്‍ പോര്‍ട്ടല്‍ വഴിയോ ഇഇന്‍വോയ്‌സ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ https://einvoice1.gst.gov.in വഴിയോ ഇ ഇന്‍വോയ്‌സ് രജിസ്‌ട്രേഷന്‍ എടുക്കണം. ഇവേ ബില്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് ആ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഇഇന്‍വോയ്‌സിങ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാം.

ഇഇന്‍വോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇന്‍വോയ്‌സ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. ജിഎസ്ടി നിയമപ്രകാരം നികുതിരഹിതമായ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇഇന്‍വോയ്‌സിങ് ആവശ്യമില്ല.

സെസ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്‍സികള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട് സര്‍വീസ്, മള്‍ട്ടിപ്ലെക്‌സ് സിനിമ അഡ്മിഷന്‍ എന്നീ മേഖലകളെയും ഇഇന്‍വോയ്‌സിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇ ഇന്‍വോയ്‌സിങ് ബാധ്യതയുള്ള വ്യാപാരികള്‍ അവരവരുടെ വ്യാപാര സോഫ്റ്റ്‌വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it