Editors Pick

അതിരുകടന്ന രാഷ്ട്രീയ കോമാളിത്തം

അതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
X

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ സുരേഷ് ഗോപിയെ നടക്കാവ് പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലിസ് സ്‌റ്റേഷനു മുന്നില്‍ ബിജെപി നടത്തിയ സ്ട്രീറ്റ് ഷോ ആ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന അങ്ങേയറ്റം തരം താഴ്ന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതിഫലനം തന്നെയായി എന്നു പറയാതെ വയ്യ. ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം വലിയൊരു ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. സുരേഷ് ഗോപിയെ വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല എന്ന ബാനറുകളും പ്ലക്കാര്‍ഡുകളും അവരുയര്‍ത്തിയിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ സുരേഷ് ഗോപി ചെയ്ത സ്ത്രീവിരുദ്ധ പ്രവൃത്തിയേക്കാള്‍ മ്ലേച്ഛമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഈ രാഷ്ട്രീയ കോമാളിത്തം.

രു പൊതുസ്ഥലത്ത് വാര്‍ത്താ റിപോര്‍ട്ടിങിനിടെ തനിക്കു നേരെ അസുഖകരമായ ചോദ്യം ഉയര്‍ത്തിയ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവച്ചത് കാമറക്കണ്ണുകളുടെ മുന്നിലായിരുന്നു. അതുകൊണ്ട് ആ പ്രവൃത്തി ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും സുരേഷ് ഗോപി അത്തരക്കാരനല്ലെന്നും ഒക്കെയായിരുന്നു ആരാധക വൃന്ദത്തിന്റെയും പാര്‍ട്ടിയുടെയും ന്യായവാദങ്ങള്‍. ആദ്യ സന്ദര്‍ഭത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തക മാന്യമായി കൈയെടുത്തുമാറ്റുന്നതും സുരേഷ് ഗോപി ആ മര്യാദകേട് ആവര്‍ത്തിച്ചപ്പോള്‍ അവര്‍ വീണ്ടും ഒഴിഞ്ഞു മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് അനിഷ്ടവും അസ്വസ്ഥതയും അപമാനവുമുണ്ടായി എന്നത് അവരുടെ തല്‍ക്ഷണ പ്രതികരണത്തില്‍നിന്നും പിന്നീട് നല്‍കിയ പരാതിയില്‍നിന്നും മനസ്സിലാവുകയും ചെയ്യുന്നുണ്ട്. അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് തന്നെയാണ് തന്റെ ചുമതലാ നിര്‍വഹണത്തിന്റെ ഭാഗമായി അവര്‍ തുടര്‍ന്നും സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതിനെ വക്രീകരിച്ച്, ചിരിച്ചു കൊണ്ടാണല്ലോ അവര്‍ നിന്നിരുന്നത്, തോളില്‍ കൈ വച്ചതില്‍ അപ്പോള്‍ തോന്നാത്ത പരാതി പിന്നീടുണ്ടായത് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രേരണ കൊണ്ടാണ് തുടങ്ങിയ ന്യായീകരണങ്ങളുമായി വരേണ്യസ്ത്രീകള്‍ മുതല്‍ സ്ത്രീസ്വാതന്ത്ര്യവാദികള്‍ വരെ രംഗത്തുവന്നു. അവിടെയും നിര്‍ത്താതെ ഭക്തപുരുഷാരവും അടിമക്കൂട്ടവും കുലസ്ത്രീകളും ഇരയെ നിരന്തരമായ സൈബര്‍ ബുള്ളിയിങിനു വിധേയമാക്കി. ഇരയുടെ നിറവും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ മതവും വരെ വെര്‍ബല്‍ അറ്റാക്കിന്റെ ആയുധങ്ങളായി.

മാധ്യമ പ്രവര്‍ത്തകയോട് താന്‍ ചെയ്ത പ്രവൃത്തി വിവാദമായപ്പോള്‍ ഖേദപ്രകടനവുമായി രംഗത്തുവന്ന സുരേഷ് ഗോപി തെറ്റ് സമ്മതിച്ച് മാപ്പുപറയുകയല്ല, പിതൃവാല്‍സല്യം പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്. ഏതുതരം വാല്‍സല്യാതിരേകത്തിന്റെ പേരിലാണെങ്കിലും ഒരു സ്ത്രീയുടെ ദേഹത്ത് അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നത് അതിക്രമവും അക്ഷന്തവ്യമായ അപരാധവുമാണെന്നതില്‍ തര്‍ക്കമില്ല. പിന്നീടും ഓക്കാനം ഉളവാക്കുന്ന അംഗവിക്ഷേപങ്ങളും പരിഹാസദ്യോതകമായ കമന്റുകളും സിനിമാ സ്‌റ്റൈല്‍ ഡയലോഗുകളുമായി ആള്‍ക്കൂട്ടത്തിനു നടുവില്‍വന്ന സുരേഷ് ഗോപി പരോക്ഷമായി ഇരയെ വീണ്ടും അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രസ്തുത സംഭവത്തെക്കുറിച്ച് മറ്റൊരവസരത്തില്‍ ചോദ്യം ചോദിച്ച റിപോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് നവരസനാട്യങ്ങളുടെ അകമ്പടിയോടെ ക്രുദ്ധനായി സുരേഷ് ഗോപി പ്രതികരിച്ചതും നമ്മള്‍ കണ്ടു. 'ആളാവാന്‍ വരരുത്' എന്ന് ആള്‍ക്കൂട്ടത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ആക്രോശിച്ച സുരേഷ് ഗോപി അവരെ അവിടെനിന്ന് പറഞ്ഞു വിട്ടാലേ താന്‍ വായതുറക്കൂ എന്നു വരെ ശാഠ്യം പിടിച്ചു. മറ്റു മാധ്യമ പ്രവര്‍ത്തകരല്ലാം തല ചൊറിഞ്ഞു റാന്‍ മൂളിയതല്ലാതെ ഒരക്ഷരം മറുത്തു പറഞ്ഞില്ല. വനിതകളായ രണ്ടു സഹജീവികള്‍ ഒരു കോമാളി രാഷ്ട്രീയക്കാരനാല്‍ അപമാനിക്കപ്പെട്ടപ്പോള്‍ പഞ്ചപുച്ഛമടക്കി നിന്ന പുരുഷകേസരികളായ മാധ്യമ പ്രവര്‍ത്തകര്‍ ആ തൊഴില്‍ മേഖലയുടെ മഹത്വം മറന്നവര്‍ മാത്രമല്ല, മനുഷ്യനു വേണ്ട അടിസ്ഥാനപരമായ ചില നന്മകളുടെ ഏഴയലത്തു പോലും എത്തിനോക്കാന്‍ യോഗ്യതയില്ലാത്തവരാണ് തങ്ങളെന്ന് സ്വയം തെളിയിച്ചു.

രുതരം സമ്മര്‍ദ്ദങ്ങള്‍ക്കും കീഴൊതുങ്ങാതെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരേ പരാതിയുമായി മുന്നോട്ടുപോയ ആ മാധ്യമ പ്രവര്‍ത്തകയുടെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണ്. മറിച്ചായിരുന്നെങ്കില്‍ തെറ്റായ ഒരു സന്ദേശമാകുമായിരുന്നു നല്‍കുക. സ്ത്രീത്വത്തെ അപമാനിച്ച നടന്റെ, രാഷ്ട്രീയ നേതാവിന്റെ തെറ്റായ പ്രവൃത്തിയെ നോര്‍മലൈസ് ചെയ്യാനും ഇരയെ അപമാനിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഇന്ന് നടക്കാവ് പോലിസ് സ്‌റ്റേഷനു മുന്നില്‍ അരങ്ങേറിയ കോമാളിത്തരവും. ഈ കോമാളികളെ ചുമക്കാന്‍ വിധിക്കപ്പെട്ടവരുടെ ഗതികേടാണ് ഏറെ സഹതാപം അര്‍ഹിക്കുന്നത്.

Next Story

RELATED STORIES

Share it