Emedia

പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുവന്ന ആ വാർത്ത പ്രസിദ്ധീകരിക്കാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നു

അവർ പറഞ്ഞത് അതേപടി അവർ പറഞ്ഞെന്ന പേരിൽ കൊടുക്കുകയാണ് ചെയ്തത്. കൂട്ടിയും കുറച്ചുമില്ല. അന്ന് പോലിസ് ഭാഷ്യങ്ങൾ കൂടി റിപോർട്ട് ചെയ്യേണ്ടതുണ്ടായിരുന്നു.

പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുവന്ന ആ വാർത്ത പ്രസിദ്ധീകരിക്കാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നു
X

മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെകെ സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇ​ദ്ദേഹത്തിന്റെയടക്കം അറസ്റ്റിന് കാരണമായി എന്ന് പറയപ്പെടുന്ന വാർത്ത റിപോർട്ട് ചെയ്യാൻ നിർബന്ധിക്കപ്പെട്ട മാധ്യമപ്രവർത്തകൻ കെഎ ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഹൈസ്‌കൂൾ ജീവിത കാലത്തെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു മലയാളം പഠിപ്പിച്ച കെകെ സുരേന്ദ്രൻ. ദുഷ്കരവും വിരസവുമായ വ്യാകരണ നിയമങ്ങളിൽ തട്ടി വീണുപോയേക്കാമായിരുന്ന ​എൻ്റെ ഭാഷാ പഠന പരിശ്രമങ്ങളെ ആത്മവിശ്വാസം തന്നും ചേർത്തുപിടിച്ചും മുന്നോട്ട് കൊണ്ടുപോയ സ്നേഹനിധിയായ അധ്യാപകൻ. സുൽത്താൻ ബത്തേരി ഡയറ്റിലും വയനാട് ഡിപിഇപിയിലും ജോലിചെയ്തിരുന്ന കാലങ്ങളിൽ കണ്ടുമുട്ടുമ്പോഴെല്ലാം വലിയ സ്നേഹവും വാത്സല്യവും കരുതലും കാണിച്ചിരുന്ന പ്രിയപ്പെട്ട ഗുരുനാഥൻ.

മുത്തങ്ങയിലെ ആദിവാസി സമരവും അതിനെതിരായ പോലിസ് നരനായാട്ടും റിപോർട്ട് ചെയ്യാൻ നിയോഗിക്കപ്പെടുമ്പോൾ പലവിധമായ സമ്മർദ്ദങ്ങളുണ്ടായിരുന്നു. അന്ന് ജോലി ചെയ്തിരുന്ന ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ കേരളത്തിലെ ചുമതലക്കാരന്റെ നിക്ഷിപ്ത താത്പര്യങ്ങൾ അടക്കം. പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വന്ന ഒരു വാർത്ത പ്രസിദ്ധീകരിക്കാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നു. സമരത്തിന് ആശയപരവും ബുദ്ധിപരവുമായ പിന്തുണ നൽകിയിരുന്ന ചില അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, എൻജിഒ പ്രവർത്തകർ, ബുദ്ധിജീവികൾ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്യാൻ പോകുന്നു എന്നൊരു വാർത്ത. അവർ പറഞ്ഞത് അതേപടി അവർ പറഞ്ഞെന്ന പേരിൽ കൊടുക്കുകയാണ് ചെയ്തത്. കൂട്ടിയും കുറച്ചുമില്ല. അന്ന് പോലിസ് ഭാഷ്യങ്ങൾ കൂടി റിപോർട്ട് ചെയ്യേണ്ടതുണ്ടായിരുന്നു. ഇന്നാണെങ്കിൽ അതൊന്നും ഞാനെഴുതില്ല എന്ന നിലപാട് എടുത്തിരിക്കും.

എന്തായാലും പിറ്റേന്ന് മാഷ് അറസ്റ്റ് ചെയ്യപ്പെട്ടു. പോലിസ് കസ്റ്റഡിയിൽ ക്രൂരമായി മർദിക്കപ്പെട്ടു. അന്നത്തെ ആ വാർത്തയുടെ ബലത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നൊരു വ്യാപകമായ പ്രചാരണമായുണ്ടായി. സമരത്തിന്റെ ഫലസിദ്ധികളെ കുറിച്ചും ആത്യന്തിക വിജയത്തെ കുറിച്ചും സമരം തുടങ്ങും മുൻപേ എഴുതിയ സന്ദേഹങ്ങളെ കൂടി ചേർത്ത് പലരും ദുർവ്യാഖ്യാനിച്ചു. സമരത്തെ പിന്തുണച്ചും പോലിസ് അതിക്രമത്തെ എതിർത്തും മാഷിനെതിരായ ഭീകരതകളെ അപലപിച്ചും കൊടുത്ത നിരവധി വാർത്തകൾ ശ്രദ്ധിക്കപ്പെടാതെ പോയി. കുപ്രചരണങ്ങൾ ജയിലിലായിരുന്ന മാഷുടെ ചെവിയിലുമെത്തി. വിശ്വസിക്കാൻ അദ്ദേഹത്തിനും കാരണങ്ങൾ ഉണ്ടായിരുന്നു. മാഷുമായി ഉണ്ടായിരുന്ന അടുപ്പം നഷ്ടമായി എന്നത് കൂടിയായിരുന്നു അന്നത്തെ വലിയ നഷ്ടങ്ങളിലൊന്ന്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പിൽക്കാലത്ത് നേരിട്ട ചില നിശിത വിമർശനങ്ങൾ മാഷിൽ നിന്നായിരുന്നു. അവ അച്ചടി മഷി പുരണ്ടപ്പോൾ ഒന്നും വിഷമം തോന്നിയില്ല. ഒരർത്ഥത്തിൽ അതൊക്കെ അർഹിക്കുന്നത് പോലെ.

നീണ്ട പതിനെട്ട് വർഷങ്ങൾ. കബനി നദിയിൽ ഒരുപാട് വെള്ളം ഒഴുകിപ്പോയി. കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും ഒരുപാട് മാറ്റങ്ങൾ വന്നു. ചെറുപ്പത്തിലെ എടുത്തു ചാട്ടങ്ങളിൽ നിന്നും അത്യാവേശങ്ങളിൽ നിന്നും കാല്പനിക സമീപനങ്ങളിൽ നിന്നും കുറെ ഏറെ മാറി. ദലിത്, ആദിവാസി, പരിസ്ഥിതി, ഭൂമി പ്രശ്നങ്ങളിൽ എല്ലാം എന്റെയും മാഷുടെയും നിലപാടുകൾ ഒന്ന് തന്നെയായി. രാഷ്ട്രീയവും സാമൂഹികവുമായ പരിപ്രേക്ഷ്യങ്ങളിലും സാമ്യത വന്നു.

വിളിക്കണം എന്നും കാണണം എന്നും പലവട്ടം ആഗ്രഹിച്ചിരുന്നു. എന്നാൽ എന്തോ ധൈര്യം വന്നില്ല. അന്യായമായ അറസ്റ്റിനും പീഡനത്തിനും ജയിൽ വാസത്തിനും അദ്ദേഹത്തിന് അഞ്ചു ലക്ഷം രൂപ കോടതി നഷ്ടപരിഹാരം വിധിച്ചപ്പോൾ വിളിക്കാതിരിക്കാൻ ആയില്ല. ഒടുവിൽ കണ്ടു പിരിയുമ്പോൾ ഒടുവിൽ നിർത്തിയിടത്തു നിന്ന് എന്നപോലെ മാഷ് തുടർച്ചയായി സംസാരിച്ചു. അകലങ്ങളും ആശങ്കകളും ഇല്ലാതായി. മഞ്ഞുരുകി. പരിഭവങ്ങളും വിഷമങ്ങളും പരസ്പരം പറഞ്ഞു. പോട്ടെടാ എന്ന് മാഷ് ആശ്വസിപ്പിച്ചു. സാധ്യമായിടത്ത് എല്ലാം ഒരുമിച്ചു നിൽക്കാം എന്ന് തീരുമാനിച്ചു. വൈകാതെ നേരിൽ കാണാമെന്നും ഇടയ്ക്കിടെ വിളിക്കാമെന്നും പറഞ്ഞു. ഒരുപാട് പേർ പറഞ്ഞു പരത്തിയ അതിശയോക്തി നിറഞ്ഞ ശത്രുതയുടെ കഥകൾക്ക് ഇന്നോടെ പൂർണ്ണ വിരാമം.

ഹൈസ്‌കൂൾ ജീവിത കാലത്തെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു മലയാളം പഠിപ്പിച്ച കെ കെ സുരേന്ദ്രൻ. ദുഷ്കരവും വിരസവുമായ...

Posted by K A Shaji on Wednesday, 13 January 2021

Next Story

RELATED STORIES

Share it