Emedia

ബം​ഗളൂരു; കുളം കലക്കികളേ ഒരു നിമിഷം

'നബിനിന്ദക്ക് മറുപടി കലാപമല്ല, കൊലയല്ല...' ബാനറുകൾ നിരന്നു. ഇനി മാപ്പുസാഹിത്യ ഖുതുബകളുടെ കാലം.....

ബം​ഗളൂരു; കുളം കലക്കികളേ ഒരു നിമിഷം
X

ബം​ഗളൂരുവിൽ പ്രവാചക നിന്ദയ്ക്കെതിരേ പ്രതിഷേധിച്ചവർക്കു നേരേ പോലിസ് നടത്തിയ നരനായാട്ട് എവിടേയും ചർച്ച ചെയ്യപ്പെടാതെ പോവുകയും തുടർന്നുണ്ടായ സംഘർഷങ്ങളെ പർവതീകരിക്കുകയും ചെയ്യുന്ന പൊതുബോധത്തെ ഡോ. സികെ അബ്ദുല്ല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നബിനിന്ദ സംബന്ധമായി ഉണ്ടായ അനിഷ്ട സംഭവത്തിന്റെ പേരിൽ പുതിയ കാമ്പയിനുകൾ വരവായി. 'നബിനിന്ദക്ക് മറുപടി കലാപമല്ല, കൊലയല്ല...' ബാനറുകൾ നിരന്നു. ഇനി മാപ്പുസാഹിത്യ ഖുതുബകളുടെ കാലം. ബംഗ്ളൂരു സംഭവം കാരണം ഇന്ത്യൻ മുസ്ലിംകൾ ഇത്രകൊല്ലം പിറകോട്ടുപോയി എന്ന കണക്ക് മിമ്പറുകളിൽ നിന്നും കൊവിഡ് സ്‌പെഷ്യൽ സൂം ഖുതുബകളിൽ നിന്നുമൊക്കെ കാതോർക്കാം.

എന്താണ് ബംഗളൂരുവിൽ സംഭവിച്ചതെന്ന് പുതിയ കാമ്പയിനുകാർ അന്വേഷിച്ചിരുന്നോ എന്തോ. നബി(സ)യെ നിന്ദിക്കുന്ന ഫേസ്ബുക് പോസ്റ്റിട്ട ഹിന്ദുത്വവാദിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബം​ഗളൂരു നോർത്തിൽ മുസ്ലിംകൾ കൂട്ടമായി നൽകിയ പരാതിയിൽ പോലിസ് നടപടി വൈകിയപ്പോൾ ജനങ്ങൾ അവിടെ തടിച്ചു കൂടി. അവരെ ശാന്തരാക്കുവാൻ ഇടപെട്ടവരിൽ ഒരാളാണ് എസ്‌ഡിപിഐ ജില്ലാ ഭാരവാഹി മുസമ്മിൽ. പോലിസിന്റെ മൈക്ക് വാങ്ങി അദ്ദേഹം ജനങ്ങളെ സംബോധന ചെയ്യുന്ന വീഡിയോ പ്രചരിച്ചിട്ടുണ്ട്. ഉർദുവിൽ സംസാരിക്കുന്ന, ഞാൻ കേട്ട രണ്ടര മിനുട്ട് വീഡിയോ ഭാഷണത്തിന്റെ മലയാളം ഇങ്ങനെയാണ്.

"..നബി(സ)യുടെ പേരിൽ വളരെ മോശമായ പോസ്റ്റിട്ട വ്യക്തിക്കെതിരേ അതിശക്തമായ നിയമ പോരാട്ടം നമ്മൾ നടത്തും. അയാൾക്കെതിരേ നടപടി എടുക്കുവാൻ രണ്ടു മണിക്കൂർ സമയം നിയമപാലകർ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനാൽ നിങ്ങൾക്ക് അറിയാവുന്നതുപോലെ ഈ കൊവിഡ് 19 സാഹചര്യത്തിൽ നമ്മുടെ ആരോഗ്യം പരിഗണിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇവിടെ സമാധാനപരമായി നിൽക്കണമെന്ന് നിങ്ങളോടെല്ലാവരോടും വിനയപൂർവം ആവശ്യപ്പെടുകയാണ്. നിയമപരമായി സാധ്യമായ ഏതറ്റംവരെയും പോകുവാൻ നമ്മൾ തയ്യാറാണ്. അതിന് വേണ്ടി വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു ഒരു ലീഗൽ ടീം തന്നെ നാം രൂപീകരിക്കുന്നുണ്ട്. നിങ്ങൾക്ക് അറിയാവുന്നതുപോലെ ബാംഗ്ലൂർ നോർത്ത് ഡിജെ ഹള്ളി പോലുള്ള സ്ഥലത്ത് ഇത്തരത്തിലൊരു സംഘർഷം പദ്ധതിയിട്ടവരുടെ ദുരുദ്ദേശം വ്യക്തമാണ്. അത് നാം തിരിച്ചറിഞ്ഞ് തോൽപ്പിക്കണം. യുപി, ബിഹാർ പോലുള്ള സ്ഥലങ്ങളിൽ നടപ്പാക്കുന്ന രീതിയിൽ ഇവിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ല എന്ന് നാം കാണിച്ചു കൊടുക്കണം... ചെറുപ്പക്കാരോട് ഞാൻ പ്രത്യേകം ആവശ്യപ്പെടുകയാണ്. നമ്മുടെയെല്ലാം വിശ്വാസത്തിനും സെന്റിമെന്റിനും മുറിവേൽപ്പിച്ചിരിക്കുകയാണ് ഈ നീചൻ. നബി(സ)ക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയുവാൻ ഏതറ്റംവരെയും പോകുവാനും ജീവൻതന്നെ നൽകുവാനും ഞാനും നിങ്ങളും തയ്യാറാണെന്ന് എനിക്കറിയാം (ഉച്ചത്തിലുള്ള തക്ബീർ വിളികൾ). പക്ഷേ നാം ജീവിക്കുന്ന രാജ്യത്തിൻറെ നിയമ വ്യവസ്ഥ പാലിക്കണമെന്നത് നമ്മുടെ ബാധ്യതയാണ്, നബി(സ)യുടെ തന്നെ നിർദ്ദേശമാണ്. അതിനാൽ നിങ്ങളെല്ലാവരോടും വീണ്ടും ആവശ്യപ്പെടുകയാണ്. നാട്ടിലെ സമാധാനം നിലനിർത്താനായി, സമാധാനപരമായി നമ്മൾ ഇവിടെ നിൽക്കണം. സാധ്യമായ ഏത് നിയമ നടപടികളും അയാൾക്കെതിരെ കൈക്കൊള്ളുമെന്ന് നിയമപാലകർ നമ്മളോട് വാഗ്ദാനം ചെയ്തത് നാം പരിഗണിക്കുക. ഒരു കുഴപ്പവും ഉണ്ടാക്കാതെ സമാധാനപരമായി ഇവിടെ നിൽക്കണം എന്ന് വീണ്ടും ആവശ്യപ്പെടുകയാണ്. നിങ്ങൾക്കും എനിക്കും അറിയാവുന്ന പോലെ ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പരമാവധി പരിശ്രമിക്കുകയും ചെയ്യുന്നത് ഒരേയൊരു സമുദായമാണ്. അതാരാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. അതിനാൽ ഈ കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ നിങ്ങൾ നിൽക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു..." (പ്രസംഗ വീഡിയോ കമന്റിലുണ്ട്).

ഈ ഇടപെടലുകൾക്ക് മണിക്കൂറുകൾ കഴിഞ്ഞും നടപടി എടുക്കാതിരുന്ന പോലിസ് നിലപാടിൽ ജനം വീണ്ടും അസ്വസ്ഥരായപ്പോൾ മുന്നറിയിപ്പുകളില്ലാതെ, നടപടിക്രമങ്ങൾ പാലിക്കാതെ ജനക്കൂട്ടത്തിനു നേരെ വെടിവച്ചു മൂന്നു മുലിംകളെ കൊലപ്പെടുത്തുകയായിരുന്നു പോലിസ്. അവരെ അല്ലാഹു സ്വീകരിക്കട്ടെ. അതിനു ശേഷമാണു കല്ലേറും വാഹനങ്ങൾ തകർക്കലുമൊക്കെ ഉണ്ടായത്. അതിനു പിന്നില്‍ ആരാണെന്ന് ഇനിയും പുറത്തു വരണം. മുകളിൽ കൊടുത്ത പ്രസംഗം ചെയ്തു ജനങ്ങളെ ശാന്തരാക്കാൻ ശ്രമിച്ച മുസമ്മിലിനെ കേസിൽ കുടുക്കുവാനാണ് പിന്നെ പോലിസ് ശ്രമിച്ചത്. ആരാണീ സംഭവങ്ങൾക്ക് ഉത്തരവാദി, അവരുടെ താല്പര്യം എന്താണെന്നൊക്കെ വ്യക്തമല്ലേ?

നബി(സ) നിന്ദിക്കപ്പെടുവാൻ കാരണം എന്താണെന്നു അറിയാത്തവരാണോ പുതിയ കാമ്പയിനുകാർ? മുഹമ്മദ് എന്ന വ്യക്തിത്വമല്ല, അദ്ദേഹം പ്രചരിപ്പിച്ച സത്യമാണ് സത്യനിഷേധികളെ പ്രകോപിപ്പിക്കുന്നത് എന്നറിയാത്തവരാണോ? നബിനിന്ദക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളേണ്ടതെന്നു ഇസ്‌ലാമിലെ പ്രമാണവും ചരിത്രവും പണ്ഡിതാഭിപ്രായങ്ങളും അറിയാത്തവരാണോ? വെർച്ച്വൽ കാംപയിൻ ആദ്യം അനൗൺസ് ചെയ്ത മാന്യദേഹത്തിന്റെ പ്രാസ്ഥാനിക തലതൊട്ടപ്പൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് നബിനിന്ദ വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് 'അസ്സാറിമുൽ മസ്‌ലൂൽ അലാ ശാത്തിമി റസൂൽ'. കാമ്പയിൻ ഭാഷണത്തിനു മുൻപ് അതൊന്നു തുറന്നു നോക്കുന്നത് നന്നാവും.

നബിനിന്ദക്കെതിരെ ശറഇയായ നടപടികളൊക്കെ നമ്മുടെ നാട്ടിൽ പ്രായോഗികമാണോ എന്നത് വേറെ ചോദ്യമാണ്. നിയമപരമായും ജനാധിപത്യപരമായും ഫലപ്രദമായ ചെറുത്തുനില്പുകൾ സാധ്യവുമാണ്. അതിനല്പം വികാരമൊക്കെ വേണം താനും. നമുക്ക് ഭരണമൊന്നും ഇല്ലെങ്കിൽ സർഗാത്മക കലാ പ്രതിഷേധവും ഭരണം കിട്ടിയാൽ സ്വർഗാത്മക കായിക നടപടികളും എന്നൊക്കെയാണ് ചിലരുടെ പക്ഷം.

സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാവുന്ന വാർത്തകൾ കിട്ടുമ്പോൾ ഉറവിടവും സത്യാവസ്ഥയും അറിഞ്ഞ ശേഷം പ്രതികരിക്കുക എന്നത് നീതിയുടെ തേട്ടവും ഖുർആന്റെ കല്പനയുമാണ് (ഖു:49:6). ബാംഗളൂരിൽ സംഭവിച്ചത് എന്തെന്ന് അതിൽ ഇടപെട്ടു സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച പ്രാദേശിക നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടും പക്ഷപാതിത്തം വിട്ടുമാറാത്ത ചിലർ സംഘപരിവാര സർക്കാർ/പൊലീസ് ഭാഷ്യമപ്പാടെ വീഴുങ്ങി ചർദിക്കുന്നു.

സമാന അനുഭവങ്ങളിലൂടെ കുറെ കടന്നു പോയില്ലേ നമ്മൾ? 2002ൽ ഗുജറാത്ത് കലാപത്തിനു കാരണമെന്ന് സംഘപരിവാരം പ്രചരിപ്പിച്ച ഗോധ്ര തീവണ്ടി തീവെപ്പു സംഭവത്തിന്റെ പേരിൽ ഗുജറാത്ത് മുസ്ലിംകളെ ശപിക്കുന്ന ഉല്പതിഷ്ണു ഖുതുബാ ഗീർവാണങ്ങൾ കുറെ കേട്ടിരുന്നു. അന്നത്തെ റയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ് ഉത്തരവിട്ട വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് തീവണ്ടി കത്തിച്ചത് അകത്തു നിന്നാണ്, കലാപമുണ്ടാക്കലായിരുന്നു ലക്‌ഷ്യം എന്നായിരുന്നു. പിന്നീട് സംഘപരിവാരത്തിലെ ചിലരുടെ തന്നെ കുറ്റസമ്മതം പുറത്തു വന്നു. ഗുജറാത്ത് കലാപത്തിൽ നേട്ടം കൊയ്ത അന്നത്തെ കുറ്റവാളികൾ ഇന്ന് രാജ്യം ഭരിക്കുമ്പോൾ അവരിൽ നിന്ന് ഇച്ചിരിയിച്ചിരി അച്ചാരമൊക്കെ ഒപ്പിച്ചെടുത്ത സെൽഫ് ലേബൽ വിവേകി നേതൃത്വങ്ങൾക്കിപ്പോൾ അജണ്ട മാറ്റം മുട്ടുന്നത് വെറുതെയാണോ?

ജനങ്ങളിൽ ഏതെങ്കിലും വിഭാഗത്തോട് നിങ്ങൾ വച്ചുപുലർത്തുന്ന വിദ്വേഷം നീതിയിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കരുത് എന്ന് ഖുർആൻ (ഖു:5:8). എന്തിന്റെ പേരിൽ വിദ്വേഷം പുലർത്തുന്നു എന്ന് ചോദിക്കുന്നില്ല. നബിനിന്ദക്കെതിരെ തടിച്ചുകൂടിയവർ വിവരമില്ലാത്തവരും വികാരജീവികളുമാണ് എന്നൊക്കെയാണല്ലോ ചിലരുടെ ബോധ്യം. എന്റെ അഭിപ്രായത്തിൽ അവരുടെ വൈകാരിക വിക്ഷോഭം വിശ്വാസത്തിൽ നിന്നുയിർകൊള്ളുന്നതാണ്. ഞാനും അൽപം വികാരമൊക്കെയുള്ള ജീവിയായത് കൊണ്ടാവാം. വികാരമേ ചത്തുപോയ വിവേകികളോട് ഖുർആന്റെ ഒരു ചോദ്യം കൂടി ഉണർത്തട്ടെ.. ശരിക്കും വിവേകമുള്ള ആരുമില്ലേ നിങ്ങളുടെ കൂട്ടത്തിൽ?(ഖു:11:78 ).

Next Story

RELATED STORIES

Share it