Emedia

ഇടനാടൻ ചെങ്കൽക്കുന്നിലെ പാറച്ചിത്രങ്ങൾ

ചീമേനിയിലെ അരിയിട്ട പാറയും തെക്കൻ ഗോവയിലെ ഉസ്ഗാളിമാളും തമ്മിൽ 450 കിലോമീറ്ററോളം അകലമുണ്ട്. ഏറ്റുകുടുക്കയിൽ നിന്ന് മക്കോണ്ടയിലേക്ക് ഏഴു കടല് കടക്കണം.....

ഇടനാടൻ ചെങ്കൽക്കുന്നിലെ പാറച്ചിത്രങ്ങൾ
X

കണ്ണൂർ ജില്ലയിലെ അരിയിട്ട പാറയിൽ പാറച്ചിത്രങ്ങൾ കണ്ടെത്തിയെന്ന പത്രവാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇടനാടൻ ചെങ്കൽ കുന്നുകളെ കുറിച്ച് രണ്ട് ദശകം മുമ്പ് തന്നെ പഠനവിധേയമാക്കിയ പരിസ്ഥിതി പ്രവർത്തകൻ ഡോ ഇ ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

അരിയിട്ട പാറയിൽ പാറച്ചിത്രങ്ങൾ "കണ്ടെത്തി"യെന്ന പത്രവാർത്ത ചരിത്ര കുതുകികൾക്കും നാട്ടുകാർക്കും കൗതുകമുണർത്തിയിരിക്കുകയാണല്ലോ. കാവുകളുടെയും ഇടനാടൻ കുന്നുകളുടെയും സംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അക്കാദമികമല്ലാത്ത താത്പര്യങ്ങളോടെ കഴിഞ്ഞ രണ്ടു ദശകങ്ങളായി അരിയിട്ട പാറയും പരിസരവും പാറച്ചിത്രങ്ങളും സന്ദർശിച്ചു കൊണ്ടിരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി വിദ്യാർഥിയായ ഒരു പ്രകൃതി നിരീക്ഷകൻ്റെ ചില നിരീക്ഷണങ്ങളാണിവിടെ. ഒപ്പം സഹചാരിയായ ചങ്ങാതി ജയേഷ് പാടിച്ചാൽ 2009 ൽ പകർത്തിയ അരിയിട്ട പാറച്ചിത്രങ്ങളും.


ചരിത്രാതീതകാല കൊത്തുചിത്രങ്ങളിലെ ( pre-historic engravings) മേൽപ്പാറച്ചിത്രങ്ങളാണ് ( Geoglyphs) ഏററുകുടുക്കയിലെയും ബങ്കളത്തെയും ചീമേനി അരിയിട്ട പാറയിലെയും. മധ്യ ശിലായുഗത്തിൻ്റെയും നവീനശിലായുഗത്തിൻ്റെയും മഹാശിലായുഗമെന്നറിയപ്പെടുന്ന പഴന്തമിഴ് സംസ്കൃതിയുടെയും പാദമുദ്രകൾ കൽമഴുവായും കല്ലെഴുത്തുകളായും കല്ലറകളും നടുകല്ലുകളുമായും അത്യുത്തരകേരളത്തിലെ ഇടനാടൻ ചെങ്കൽക്കുന്നുകളിൽ ചിതറിക്കിടക്കുന്നുണ്ട്. മഹാശിലാസ്മാരകങ്ങൾക്കൊപ്പമാണ് പാറച്ചിത്രങ്ങൾ കൂടുതലും കാണപ്പെടുന്നത് എന്നതുകൊണ്ട് കൂടി ആയൊരു സംസ്കാരത്തിൻ്റെ ഭാഗമായാണ് ഇവയെ കണക്കാക്കുന്നത്. കണിയാൻ കുന്നിലെ കൽവൃത്തം (ജെ.സി.ബി മാന്തി) എരമം പാറയിലെ ജ്യാമിതീയ രൂപങ്ങൾ കരിവെള്ളൂർ ചെമ്പോട്ടിക്കുന്നിലെ കൊടക്കല്ലുകൾ കൂക്കാനത്തെ കൂളിക്കുന്ന്(പഴയ കൊങ്കാനം ഇതാവാം')പിലിക്കോട് വീത് കുന്ന്, ഉമിച്ചിപ്പൊയിൽ ,വെള്ളൂർ പൊന്വിട്ട കൊവ്വൽ തുടങ്ങിയയിടങ്ങളിലെ കല്ലറക്കൂട്ടങ്ങളും ഏച്ചിലാംവയൽ തീ യത്തിമാളിക പോലെയുള്ള ഒറ്റപ്പെട്ട പഴുതറകളും ഉൾപ്പെടെ ആയിരത്തിലേറെ പ്രാചീനശവക്കല്ലറകൾ ഇവിടെ ഉണ്ടായിരുന്നു' .അവയിൽ 90%.വും തീരപ്രദേശ ചതുപ്പുകളിൽ റോഡായും വീട്ടുതറയായും ദീഘനിശ്വാസം വിടുന്നുണ്ടാകണം ഇപ്പോൾ. (തീയരുടെ പൂർവികർക്ക് പൊന്വിട്ടൻ എന്ന പേരുണ്ടായിരുന്നുവെന്ന വംശ സ്മൃതിയാണ് വെള്ളൂരിലെ പൊന്വിട്ട കൊവ്വലിൽ നിന്നും മണ്ണുമാന്തികൾ കോരി മാറ്റിയ അഞ്ഞൂറിലേറെ നന്നങ്ങാടികൾക്കൊപ്പം പൊടിഞ്ഞ് തകർന്നത്.) കാങ്കോൽ ആലപ്പടമ്പിലെ ഏററുകുടുക്ക, മടിക്കൈയിലെ ബങ്കളം, തുടങ്ങിയ പ്രദേശങ്ങളിലാണ് മേൽ പാറ ചിത്രങ്ങൾ ഇതുവരെ " കണ്ടു പിടിക്ക"പ്പെട്ടത്. ഇടനാടൻ തടപ്പാറമേൽ നിരവധിയിടങ്ങളിൽ ''കാലിപ്പിള്ളേരുടെ വികൃതി "യായി ഇത്തരം ചിത്രങ്ങൾ മറഞ്ഞു കിടക്കുന്നുണ്ടാകാം.


മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെയുംഗോവയിലെ ഉസ്ഗാളിമാളിലെയും ചിത്രങ്ങളോട് സാമ്യമുള്ളവയാണ് ഈ പാറച്ചിത്രങ്ങൾ . സഹസ്രാബ്ദങ്ങൾ മുമ്പു നടന്ന വലിയൊരു കുടിയേറ്റത്തിൻ്റെ സാംസ്കാരിക നൈരന്തര്യത്തിൻ്റെ തെളിവടയാളമാണ് ഈ പാറപ്പരപ്പിൽ കൊത്തിവെക്കപ്പെട്ടത് എന്ന് ഇവ ഓർമപ്പെടുത്തുന്നു. പതിനായിരത്തിൽ പരം വർഷങ്ങൾ ഇവയ്ക്ക് പഴക്കമുണ്ടെന്നാണ് ചില കാർബൺ കാലനിർണയങ്ങൾ സൂചിപ്പിക്കുന്നത്. കൊങ്കൺ തീരത്തെ ചിത്രങ്ങളിൽ ഒട്ടനവധി കാട്ടുമൃഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് സഹ്യപർവതനിരകളിൽ എങ്ങും അവശേഷിക്കാത്ത ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ചാവെഡേവുഡ് എന്ന ഗ്രാമത്തിൽ കൊത്തിവെച്ചിരിക്കുന്നു. വംശനാശം വന്ന പല ജീവികളെയും - കൂറ്റൻ സ്രാവുകൾ, മത്സ്യങ്ങൾ എന്നിവയെയും മിക്കയിടത്തും കാണാം. 10000 വർഷം മുമ്പുണ്ടായിരുന്ന ജൈവവൈവിധ്യത്തിൻ്റെ ചിത്രണമാണ് ഗോവൻ തീരം തൊട്ട് ഏറ്റുകുടുക്കവരെ കാണാവുന്നത്. മധ്യ ശിലായുഗത്തിലെ ജീവന മാർഗമായ വേട്ടയാടലനുഭവങ്ങൾ നല്കിയ മോട്ടിഫുകളാണ് വടക്കൻ ചിത്രങ്ങളിലെല്ലാം മുൻ നില്ക്കുന്നത്. കടലിൽ നിന്നും വിദൂരസ്ഥങ്ങളായ ഇടനാടൻ പാറയിൽ സ്രാവും മീനും കൊത്തിവെച്ചതിൽ നിന്നും തൊട്ടു പടിഞ്ഞാറ് വരെ കടൽ വ്യാപിച്ചുകിടന്ന ഒരു കാലത്താണ് ഈ ചിത്രണങ്ങൾ എന്ന് കരുതണം. "നൈ തൽ" എന്ന് പിൽകാലത്തെപഴന്തമിഴ് സംസ്കൃതി പേരിട്ടു വിളിച്ച തിണ പൂർണമായും ഉരുത്തിരിഞ്ഞിരിക്കില്ല അക്കാലത്ത്.


ഇന്നത്തെ ബേക്കലത്തിനും കണ്വതീർത്ഥയ്ക്കുമുള്ളതു പോലെ കടലടുപ്പം ഉള്ള നാടായിരിക്കണം അന്നിത്. കൊങ്കൺ ഗ്രാമമായ കാഷേലിയിലെ കുരങ്ങിനോട് സാദൃശ്യമുള്ള ചിത്രമാണ് ബങ്കളത്തെ പാറക്കുളത്തിലുള്ളത്. (ആദ്യനോട്ടത്തിൽ കുരങ്ങായിട്ടാണ് ബങ്കളം ചിത്രം എനിക്ക് തോന്നിയതെങ്കിലും ചിത്രകാരൻ കൂടിയായ ശ്യാമശശി മാഷും ചിത്രനിരൂപകൻ കൂടിയായ ഇ.പി.രാജഗോപാലൻ മാഷും പുലിയായി നിനച്ചപ്പോൾ എനിക്കും പുലിയായിത്തന്നെ തോന്നിത്തുടങ്ങിയതാണ്. (ചിത്രാസ്വാദനത്തിലെ നിരൂപക സ്വാധീനം: പാറച്ചിത്രങ്ങളിൽ) ബങ്കളം മേൽപ്പരപ്പിലെ അവ്യക്തചിത്രങ്ങൾക്കിടയിലും അരിയിട്ട പാറയിലും അടുത്തടുത്ത കുഴികൾ: കാടിക്കുഴികൾ പോലെ യുള്ളത് ശ്രദ്ധേയമാണ്. കാലിപ്പിള്ളേർ സമയം കൊല്ലാൻ പല്ലാങ്കുഴി കളിക്കാൻ കൊത്തിയെടുത്ത കാട്ടിപ്പലകയാണിതെന്നാണ് ഗ്രാമ വൃദ്ധന്മാർ പറയുക. സീതാ പാദമായും ദ്രൗപദീപാദമായും രാമപാദമായും വിശ്വസിച്ചാരാധിക്കുന്ന ചേർത്തുവെച്ച കാലsയാളങ്ങൾ വടക്കൻ കേരളത്തിലെ പാറപ്പുറത്ത് ധാരാളമുണ്ട്. ചാവെഡേവുഡിലുള്ള സമാനമായ പാദമുദ്രകളും ഉക്ഷിയിലെ ചതുര മാർജിനകത്ത് ചെറുവൃത്തങ്ങളും നടുക്കൊരു വൻ വൃത്തവും വരച്ചതും ആയി തട്ടിച്ചു നോക്കുമ്പോഴാണ് ഇതൊന്നും വെള്ളമൊഴുകിയുണ്ടായ കുണ്ടുകുഴികളല്ലെന്നറിയുക.

ഏറ്റുകുടുക്കയിലെ കാലിമറഞ്ഞ സ്ഥലം എന്നറിയപ്പെടുന്ന ചിത്രഭൂമിയിൽ കിഴക്കോട്ടു സഞ്ചരിക്കുന്ന കന്നുകാലിക്കൂട്ടമാണ് പ്രധാന ചിത്രണം. വലിയ ചെവി വരച്ചത് മാത്രം സ്പഷ്ടമായി കാണുന്നത് മുൻനിർത്തി ഒരു ആനച്ചിത്രത്തിനുള്ളിലാണോ ഈ ചിത്രങ്ങൾ എന്ന് ഡോ.ടി.പവിത്രൻ സംശയിക്കുന്നുണ്ട് ( പയ്യന്നൂർ ചരിത്രവും സമൂഹവും (2007) ) ആനയ്ക്കുള്ളിൽ നിരവധി ജീവികളെ ചിത്രീകരിച്ച അധിവൃത്തചിത്രണ രീതി കൊങ്കൺ പാറച്ചിത്രങ്ങളിൽ പലയിടത്തുമുണ്ട്.


കേരളത്തിലേക്കെത്തുമ്പോൾ ഈ ചിത്രങ്ങളിലെ അംശ വൈവിധ്യം കുറയുന്നു. ഏറ്റു കുടുക്കയിൽ ഏകദിശാമുഖികളായ നായയുടെയും കാളയുടെയും രൂപങ്ങളാണുള്ളത്. അരിയിട്ട പാറയിൽ അഭിമുഖം നില്ക്കുന്ന കാളയും സമീപത്ത് ഒരു മനുഷ്യ രൂപവും ചിത്രീകരിച്ചിരിക്കുന്നു. വിവിധ ജന്തുജാലങ്ങളുടെ ചൂഴ്നിലയിലുളള മനുഷ്യരൂപം " മാസ്റ്റർ ഓഫ് ആനിമൽ " എന്നാണ് വിളിക്കപ്പെടുന്നത്.കൊങ്കൺ തീരത്ത് തെക്കൻ ഗോവയിൽ, കുശാവതി നദിക്കരയിലാണ് ഉസ്ഗാളിമാൾ അവിടെ ബർസു ഗ്രാമത്തിൽ അഭിമുഖം നില്ക്കുന്ന മൃഗപതി ചിത്രങ്ങളുണ്ട്. പ്രാചീന സംസ്കൃതികളിൽ -മെസപൊട്ടേമിയയിലും ഈജിപ്തിലും സിന്ധുതടത്തിലും ഇതേ മാതിരി പ്രതീകാത്മക ചിത്രീകരണം കാണാം.

നിയോലിത്തിക് - നവീനശിലായുഗ കാലത്താണ് മനുഷ്യൻ കൃഷിയാരംഭിച്ചത് എന്നു കരുതപ്പെടുന്നു. കേരളത്തിലെ പാറപ്പരപ്പ് ചിത്രങ്ങളുടെ കാലം ഇതാകണം. കൃഷിമൃഗങ്ങൾ മാത്രമാണ് ഇവിടത്തെ ചിത്രീകൃത ജന്തു വൈവിധ്യം .കലാകാരൻ്റെ ആത്മപ്രകാശനത്തിനപ്പുറം അനുഷ്ഠാനപരമായ പ്രാധാന്യം ഈ ചിത്രങ്ങൾക്കുണ്ടായിരിക്കണം. കാലവും ജനതയും സംസ്കാരവും മാറി മറിഞ്ഞാലും അത്തരം വിശ്വാസ ബീജങ്ങൾ ജനഗണങ്ങളിൽ പൊട്ടിത്തൂളും. കന്നുകാലികൾക്ക് പഴുത്ത് കൃമിച്ചാൽ വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ (ഇപ്പോഴും )അപൂർവമായി ചെയ്യുന്ന മാന്ത്രിക കർമമാണ് പുഴുവിലക്ക്. പുഴുവിലക്കിൻ്റെ ഫലസിദ്ധിയെപ്പറ്റി നർത്തക രത്നം കണ്ണപ്പെരുവണ്ണാൻ" ചിലമ്പിട്ട ഓർമകളിൽ '' പറയുന്നു': " ഇങ്ങനെ ഒരാൾ എന്നെ സമീപിച്ചാൽ എനിക്ക് ഉരുവിനെ കാണേണ്ട കാര്യമില്ല. വന്നയാളോട് വ്രണം എവിടെയെന്ന് ചോദിച്ചറിയും. പിന്നീട് വീടിൻ്റെ മൺചുമരിൽ പേനാക്കത്തി കൊണ്ട് ഉരുവിൻ്റെ ചിത്രം വരക്കും. ചിത്രത്തിൽ വൃണത്തിൻ്റെ ഭാഗത്ത് ഒരു പച്ചമരുന്ന് വെക്കും. മരുന്ന് നീര് വറ്റുമ്പോഴേക്കും മൃഗ ശരീരത്തിലെ കൃമികൾ ഉതിർന്നു വീഴും " മൺചുമരുപോലെ ഈ ചികിത്സാരീതിയും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നുവെന്നാണ് പെരുവണ്ണാൻ പറഞ്ഞു നിർത്തുന്നത്. ഈയൊരു അഭൗമ ചികിത്സാരീതിയുടെ വേരുകൾ തീർച്ചയായും ഈ പാറച്ചിത്രങ്ങളിലാണ്. മുക്കാൽ നൂറ്റാണ്ടു മുമ്പുവരെ ആയിരക്കണക്കിന് "കാട്ടുകാലികൾ " മേഞ്ഞുനടന്ന ഈ പ്രദേശങ്ങളിൽ സഹസ്രാബ്ദങ്ങളായി തുടർന്നു വന്ന അനുഷ്ഠാനമാകണം പുഴുവിലക്ക്. പാറച്ചിത്രങ്ങളെ വിശകലനം ചെയ്യുമ്പോൾ ഈ നാട്ടറിവുകൾ കൂടി മനസിലുണ്ടാവണം.


അരിയിട്ട പാറക്കാവിലെ ആചാരങ്ങൾ ഇപ്പോഴു പൂർണമായും നിവർത്തിക്കുന്നത് ഗോത്രവർഗ ജനതയായ മാവിലർ ആണ്. പാറയിലമ്മയെന്നറിയപ്പെടുന്ന ദേവതയ്ക്ക് കെട്ടിക്കോലമില്ല. ''അരിത്രാകുക " എന്ന ചടങ്ങാണ് സംക്രമ ദിവസം നടത്തുക. നരബലി നിർബന്ധമെന്നു കരുതപ്പെട്ട ദൈവങ്ങളെ ശമിപ്പിച്ച് പ്രീണിപ്പിക്കാൻ വേണ്ടിയുള്ള അനുഷ്ഠാന നവീകരണമാണ് കാവുകളിലെ അരിത്രാവൽ. മലയർ നടത്തുന്ന ഉച്ചബലി യെന്ന പാതാളഹോമവും നരബലിയുടെ പകരം വെക്കലാണ്. ഇവിടെയെല്ലാം മനുഷ്യരൂപം വരക്കലും പ്രതിമ കുഴിച്ചിടലും പതിവാണ്. അരിയിട്ട പാറക്കാവിലെ ആൾ വലിപ്പുള്ള മനുഷ്യചിത്രം നരബലിയുടെയോ അതിനു പകരം വെച്ച സൗമ്യാനുഷ്ഠാനത്തിൻ്റെയോ ബാക്കിപത്രമാകണം.

" ലാറ്റിനമേരിക്കയിലെ അത്ഭുതകരമായ യാഥാർത്ഥ്യങ്ങളെ കുറിച്ച് മാർക്വിസ് ഒരു പ്രബന്ധത്തിൽ എഴുതുന്നു: കൊളംബിയയുടെ കരീബിയൻ തീരത്തുകൂടി സഞ്ചരിക്കവേ ചെവിയിൽ പുഴുക്കൾ നിറഞ്ഞ ഒരു പശുവിന് മുന്നിൽ നിശ്ശബ്ദനായി ധ്യാനിക്കുന്ന ഒരാളെ ഞാൻ കാണുകയുണ്ടായി. പിന്നെ ഞാൻ കണ്ടത് ചെവിയിൽ നിന്ന് കൊഴിഞ്ഞു വീണ് ചത്ത പുഴുക്കളെയാണ് .മൃഗം നില്ക്കുന്ന സ്ഥലവും രോഗവിവരവും അറിയാൻ കഴിഞ്ഞാൽ ഏതൊരാൾക്കും അകലെ നിന്നു കൊണ്ട് ഈ സഹായം ചെയ്യാൻ കഴിയുമെന്ന് അയാൾ വ്യക്തമാക്കി."

ചീമേനിയിലെ അരിയിട്ട പാറയും തെക്കൻ ഗോവയിലെ ഉസ്ഗാളിമാളും തമ്മിൽ 450 കിലോമീറ്ററോളം അകലമുണ്ട്. ഏറ്റുകുടുക്കയിൽ നിന്ന് മക്കോണ്ടയിലേക്ക് ഏഴു കടല് കടക്കണം. കരീബിയൻ തീരത്തെ ധ്യാന വൃദ്ധനെയും കണ്ണപ്പെരുവണ്ണാനെന്ന ജ്ഞാന വൃദ്ധനെയും ബന്ധിപ്പിക്കുന്ന ആ മാന്ത്രിക സൂത്രമെന്തെന്നറിയാൻ ഏറ്റു കുടുക്കയിൽ നിന്ന് രത്നഗിരിയിലൂടെ മനസുകൊണ്ടെങ്കിലും തിരിച്ചു നടക്കണം. അതിർത്തികളിൽ അന്യോന്യം തോക്കു ചൂണ്ടി നിൽക്കുന്നവർക്കിടയിലൂടെ ഒരു പാട് കന്നുകാലികളെ തെളിച്ച് കൊണ്ട് . മതവും മന്ത്രവാദവും ശാസ്ത്രവും എല്ലാം ഒന്നായിരുന്ന ജീവിതാവസ്ഥകളിലൂടെയാണ് യുക്തിവാദിയായ വിശ്വമാനവനായി നാം വളർന്നത് എന്നോർമ്മിപ്പിക്കാനെങ്കിലും ഈ പാറക്കൊത്തുകൾ നിലനില്ക്കണം..

Next Story

RELATED STORIES

Share it