Emedia

ഒരേ രാഷ്ട്രീയപ്പാര്‍ട്ടി, ഒരേ നേതാവ്, ഒരേ സിവില്‍ കോഡ്, ഒരേ ചിന്ത; യൂനിഫോം എന്ന മൊണോട്ടണി അടിച്ചേല്‍പിക്കുന്നതിന്റെ യുക്തി മറ്റെന്താണ്?: എ പി കുഞ്ഞാമു

ഒരേ രാഷ്ട്രീയപ്പാര്‍ട്ടി, ഒരേ നേതാവ്, ഒരേ സിവില്‍ കോഡ്, ഒരേ ചിന്ത, എന്തിന്ന് ഒരേ രീതിയില്‍ എഴുതുന്ന കവിത പോലും.. ഇങ്ങനെ വൈവിധ്യങ്ങളുടെ മഴവില്‍ വര്‍ണ്ണങ്ങളെ മുഴുവനും തുടച്ചു മാറ്റി ഏകശിലാരൂപത്തിലുള്ള ഒരു ലോകത്തിലേക്കാണോ നമ്മുടെ പോക്ക്? ഒരു ഏകവിളത്തോട്ടമായി മാറുകയാണോ നാം?'. എ പി കുഞ്ഞാമു ഫേസ്ബുക്കില്‍ കുറിച്ചു.

ഒരേ രാഷ്ട്രീയപ്പാര്‍ട്ടി, ഒരേ നേതാവ്, ഒരേ സിവില്‍ കോഡ്, ഒരേ ചിന്ത;  യൂനിഫോം എന്ന മൊണോട്ടണി അടിച്ചേല്‍പിക്കുന്നതിന്റെ യുക്തി മറ്റെന്താണ്?: എ പി കുഞ്ഞാമു
X

കോഴിക്കോട്: കര്‍ണാടകയില്‍ യൂനിഫോമിന്റെ പേരില്‍ ചില കോളജുകളില്‍ ഹിജാബ് നിരോധിച്ച സംഭവം വിവാദമായ സാഹചര്യത്തില്‍ യൂനിഫോം എന്ന മൊണോട്ടണി അടിച്ചേല്‍പ്പിക്കുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ പി കുഞ്ഞാമുവിന്റെ കുറിപ്പ്. 'ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തില്‍ അനിവാര്യമായ കാര്യമാണോ യൂനിഫോമിനെ വിദ്യാര്‍ത്ഥികള്‍ വിലക്കാന്‍ പാടുണ്ടോ എന്നൊന്നുമല്ല ഞാനിപ്പോള്‍ ആലോചിക്കുന്നത്, വിദ്യാലയങ്ങളില്‍ യൂണിഫോം അനിവാര്യമാണോ എന്നാണ്.....വിദ്യാലയങ്ങളില്‍ ഒരേ യൂനിഫോം ധരിച്ചെത്തുന്ന കുട്ടികള്‍, തുണിക്കടകളില്‍ ഒരേ യൂണിഫോം അണിഞ്ഞ വില്‍പ്പനക്കാര്‍, ഹൗസിംഗ് കോളണികളില്‍ ഒരേ പോലെയുള്ള വീടുകള്‍, എന്തൊരു വൈവിധ്യമില്ലാത്ത ലോകം!

ഒരേ രാഷ്ട്രീയപ്പാര്‍ട്ടി, ഒരേ നേതാവ്, ഒരേ സിവില്‍ കോഡ്, ഒരേ ചിന്ത, എന്തിന്ന് ഒരേ രീതിയില്‍ എഴുതുന്ന കവിത പോലും.. ഇങ്ങനെ വൈവിധ്യങ്ങളുടെ മഴവില്‍ വര്‍ണ്ണങ്ങളെ മുഴുവനും തുടച്ചു മാറ്റി ഏകശിലാരൂപത്തിലുള്ള ഒരു ലോകത്തിലേക്കാണോ നമ്മുടെ പോക്ക്? ഒരു ഏകവിളത്തോട്ടമായി മാറുകയാണോ നാം?'. എ പി കുഞ്ഞാമു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തില്‍ അനിവാര്യമായ കാര്യമാണോ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ വിലക്കാന്‍ പാടുണ്ടോ എന്നൊന്നുമല്ല ഞാനിപ്പോള്‍ ആലോചിക്കുന്നത്, വിദ്യാലയങ്ങളില്‍ യൂണിഫോം അനിവാര്യമാണോ എന്നാണ്. പത്തു കൊല്ലം സ്‌ക്കൂളിലും പിന്നീട് കോളേജിലും പഠിച്ചുവെങ്കിലും രണ്ടു കൊല്ലം എന്‍.സി.സി യൂണിഫോം അല്ലാതെ മറ്റു യൂണിഫോമുകളിലൊന്നും അകപ്പെടാതെ കഴിഞ്ഞു കൂടിയ ആളാണ് ഞാന്‍. ഞാന്‍ പഠിച്ച സ്‌കൂളുകളിലൊന്നും യൂണിഫോമേ ഉണ്ടായിരുന്നില്ല. പലവര്‍ണ്ണങ്ങളിലുമുള്ള കുപ്പായമിട്ടു കുട്ടികള്‍ വരും, ട്രൗസറിട്ടും മുണ്ടുടുത്തും കുപ്പായമിടാതെ പോലും ഞങ്ങള്‍ ക്ലാസ്സില്‍ വന്നു. കാച്ചിത്തുണിയും പാവാടയുമുടുത്ത് പെണ്‍കുട്ടികള്‍ വന്നു. തട്ടമിട്ടവരും തട്ടമിടാത്തവരും പൊട്ടുതൊട്ടവരും തൊടാത്തവരും. ഒരു വിവേചനവുമില്ലാതെ മാഷമ്മാര്‍ ഞങ്ങളെ പഠിപ്പിച്ചു. എന്തു കുഴപ്പമുണ്ടായി?

യൂണിഫോം സാമ്പത്തികമായും സാമൂഹ്യമായും മറ്റുമുള്ള ചേരിതിരിവ് ഇല്ലാതാക്കുമെന്നാണ് പറയുന്നത്. ആയിരിക്കാം. പക്ഷേ ഇപ്പോള്‍ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഈ ചേരിതിരിവനുസരിച്ചാണ് സ്‌കൂളുകള്‍ തന്നെയും. വരേണ്യവര്‍ഗം ചില വരേണ്യ സ്‌കൂളുകളില്‍ : അതുതന്നെയും കൊടുക്കേണ്ട ഫീസ് താങ്ങാനുള്ള ശേഷിയനുസരിച്ച്. ഹിന്ദുക്കള്‍ക്ക് അവരുടെ സ്‌ക്കൂള്‍, ക്രിസ്ത്യാനികള്‍ക്ക് അവരുടേത്, മുസ്ലിംകള്‍ക്ക് അവരുടേത്. ഇത് തന്നെയും സംഘടനയും ഡി നോമിനേഷനുമനുസരിച്ച്. അപ്പോള്‍ പിന്നെ അവര്‍ക്കിടയിലെ സമത്വത്തിന്റെ പ്രശ്‌നമേയുള്ളു. യൂണിഫോം കൊണ്ടുണ്ടാവുന്ന തുല്യതാ ബോധം ക്രീമിലേയര്‍ കടന്നുചെല്ലാന്‍ ഇപ്പോഴും മടിക്കുന്ന പൊതു വിദ്യാലയങ്ങളില്‍ മാത്രമേ സാധ്യമാവുന്നുള്ളു എന്നതല്ലേ ശരി?

ഈ തുല്യത എന്ന ആശയമല്ലാതെ എല്ലാ വര്‍ണ്ണവൈവിധ്യങ്ങളേയും മായ്ച്ചു കളഞ്ഞ്, മഴവില്‍ വര്‍ണ്ണങ്ങളെ ഇല്ലാതാക്കി യൂണിഫോം എന്ന മൊണോട്ടണി അടിച്ചേല്പിക്കുന്നതിന്റെ യുക്തി മറ്റെന്താണ്? വിദ്യാലയങ്ങളില്‍ ഒരേ യൂണിഫോം ധരിച്ചെത്തുന്ന കുട്ടികള്‍, തുണിക്കടകളില്‍ ഒരേ യൂണിഫോം അണിഞ്ഞ വില്‍പ്പനക്കാര്‍, ഹൗസിംഗ് കോളണികളില്‍ ഒരേ പോലെയുള്ള വീടുകള്‍, എന്തൊരു വൈവിധ്യമില്ലാത്ത ലോകം!

ഒരേ രാഷ്ട്രീയപ്പാര്‍ട്ടി, ഒരേ നേതാവ്, ഒരേ സിവില്‍ കോഡ്, ഒരേ ചിന്ത, എന്തിന്ന് ഒരേ രീതിയില്‍ എഴുതുന്ന കവിത പോലും.. ഇങ്ങനെ വൈവിധ്യങ്ങളുടെ മഴവില്‍ വര്‍ണ്ണങ്ങളെ മുഴുവനും തുടച്ചു മാറ്റി ഏകശിലാരൂപത്തിലുള്ള ഒരു ലോകത്തിലേക്കാണോ നമ്മുടെ പോക്ക്? ഒരു ഏകവിളത്തോട്ടമായി മാറുകയാണോ നാം?

അതിനാല്‍ യൂണിഫോം അണിയേണ്ടി വന്നിട്ടില്ലാത്തതിന്റെ സുഖം അനുഭവിച്ച പഴയ കാലത്തിലേക്ക് ഞാന്‍ മനസ്സുകൊണ്ട് തിരിച്ചു പോകുന്നു.

ചിന്തയിലെങ്കിലും വൈവിധ്യം സൂക്ഷിക്കാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഒരു വഴിയല്ല പല വഴികള്‍ വേണ്ടേ നമുക്ക്?

Next Story

RELATED STORIES

Share it