Emedia

ഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി

ഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി
X

ഷാജു ഹനീഫ്

കോഴിക്കോട്: ഭക്ഷണത്തിലെ മായംമൂലം ഒരു പെണ്‍കുട്ടി മരിച്ചതോടെ ഇപ്പോള്‍ ഭക്ഷ്യയോഗ്യമല്ലാത്തവ പിടിച്ചെടുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍. ഇതേ നിയമങ്ങള്‍ കുട്ടിയുടെ മരണത്തിനുമുമ്പും ഇവിടെയുണ്ടായിരുന്നു. അതൊന്നും ഈ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അതേ നിയമങ്ങളുപയോഗിച്ചാണ് 'ആഘോഷ'പൂര്‍വം പരിശോധന നടത്തി ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയാണ്. 'നശിപ്പിക്കല്‍' അല്ല ഫുഡ് സേഫ്റ്റിയുടെ അല്ലെങ്കില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്ന കണ്‍സെപ്റ്റിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. ഭക്ഷ്യവിഷബാധയെക്കുറിച്ച് ഷാജു ഹനീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് 'ഭക്ഷ്യയോഗ്യ'മല്ലാത്തതു പിടിച്ചെടുത്തു നശിപ്പിക്കലിന്റെ കാലമാണല്ലോ.അപ്പൊ ചില കാര്യങ്ങള്‍ പറയാതെ വയ്യ. പഴകിയ ഭക്ഷണം പിടിച്ചെടുത്തു, ഭക്ഷ്യ യോഗ്യമല്ലാത്തവ നശിപ്പിച്ചു എന്നൊക്കെ കാണുമ്പോള്‍, ഒരു ഫുഡ് സേഫ്റ്റി പ്രൊഫഷണല്‍ എന്ന നിലയ്ക്ക് പലപ്പോഴും ഒരു ഞെട്ടല്‍ ആണ്. നശിപ്പിക്കല്‍ അല്ല ഫുഡ് സേഫ്റ്റിയുടെ അല്ലെങ്കില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്ന കണ്‍സെപ്റ്റിന്റെ ലക്ഷ്യം എന്നത് തന്നെ അതിനു കാരണം. അതെ, നശിപ്പിക്കല്‍ ഒന്നിനും ഒരു പരിഹാരമല്ല.

ആദ്യം കുറച്ചു ചരിത്രം പറഞ്ഞു തന്നെ തുടങ്ങാം. 'ഫുഡ് ക്വാളിറ്റി കണ്‍ട്രോളിന്റെ' ചരിത്രം ചികഞ്ഞു പോയാല്‍ 2,500 വര്‍ഷങ്ങള്‍ക്ക് അപ്പുറമെങ്കിലും എത്തിച്ചേരാം... മധ്യ കാലഘട്ടത്തിലും അതിനുശേഷമുള്ള വ്യാവസായിക വിപ്ലവകാലത്തുമെല്ലാം ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍ എന്ന ശാഖ അതിന്റെ സ്വാഭാവികമായ വളര്‍ച്ച കൈവരിച്ചതായി കാണാം. എന്നാല്‍ ആദ്യ കാലത്തെല്ലാം തന്നെ 'സാമ്പ്രദായിക' രീതിയില്‍ നടത്തിയിരുന്ന പരിശോധനകളെല്ലാം തന്നെ സമയമെടുക്കുന്നതായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പരിശോധന കഴിയുമ്പോളേക്കും 'പലഹാരം' ആളുകള്‍ തിന്നു തീര്‍ത്തിട്ടുണ്ടാകും. വേറെ ഒരു കാര്യം ഇത്രയധികം സാധനങ്ങള്‍ പരിശോധിച്ച് മോശമാണെന്നു കണ്ടാല്‍ പിന്നെ കുഴിയെടുത്തു കുഴിച്ചിടേണ്ടിയും വരും. ഇപ്പോള്‍ നമ്മുടെ ഭക്ഷ്യസുരക്ഷാവിഭാഗം ചെയ്യുന്ന പോലെ. അവിടെയാണ് 'preventive ആക്ഷന്‍' ന്റെ പ്രാധാന്യം. അതെ വരുന്നതിനു മുന്നേ തടയല്‍ത്തന്നെ.

HACCP എന്നൊക്കെ ചിലരെങ്കിലും കേട്ട് കാണും. കാര്യം, നാസക്കാര്‍ക്ക് വേണ്ടി, പില്‍സ്ബറി കമ്പനി രൂപപ്പെടുത്തിയതാണെങ്കിലും, ഇന്ന് ലോകവ്യാപകമായി, ഭക്ഷ്യവിഷബാധയുടെ റിസ്‌ക് കുറയ്ക്കുന്നതിനായി ഈ 'സിസ്റ്റം' വ്യാപകമായി നടപ്പില്‍ വരുത്തിയിട്ടുണ്ട്(ഒന്നാലോചിച്ചു നോക്കിക്കേ നാസയുടെ സ്‌പേസ് ഷട്ടിലില്‍ മാസങ്ങളോളം തങ്ങുന്നവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റാലുള്ള അവസ്ഥ).

നിരാശാജനകമെന്നു പറയട്ടെ അങ്ങിനെ ഒരു പ്രിവന്റീവ് സംസ്‌കാരത്തിലേക്ക് കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. കാര്യമെന്തായാലും ഭക്ഷ്യസുരക്ഷാ വകുപ്പിനെ ബോധവല്‍ക്കരിക്കാനല്ല ഈ കുറിപ്പ്, മറിച്ചു പറയാനുള്ളത് പൊതുജനങ്ങളോടാണ്. അതെ 'കസ്റ്റമര്‍' എന്ന 'കിംഗ്' മാരോട് തന്നെ. നാമെന്ത് കഴിക്കണം എന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് നമ്മള്‍ മാത്രമാണല്ലോ.

ഒരു പ്രവാസി എന്ന നിലയില്‍ കൗതുകത്തോടെ വീക്ഷിക്കാറുള്ള ഒന്നാണ് നമ്മുടെ പാതയോരങ്ങളില്‍ കൂണ് പോലെ മുളച്ചു പൊന്തുന്ന പുതു പുത്തന്‍ ഭോജനശാലകള്‍. പലയിടത്തെയും അനുഭവങ്ങള്‍ നിരാശാജനകമാകാറുണ്ട്. അതുകൊണ്ട് തന്നെയാകും ഒരു വട്ടം കയറിയവയില്‍ പലതും അടുത്ത വെക്കേഷന് അവിടെ കാണാറില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. രാത്രിയുടെ അന്ത്യയാമത്തില്‍ ജിന്നുകള്‍ നടത്തുന്ന ചന്ത പോലെ.

ഏത് റെസ്‌റ്റോറന്റില്‍ കയറുമ്പോളും ആദ്യത്തെ 'കണ്‍സേണ്‍' ടോയ്‌ലറ്റും വാഷ് ബേസിന്‍ പരിസരവും ആകാറുണ്ട്. മിക്കവാറും പേര്‍ക്കും അങ്ങനെ ഒക്കെത്തന്നെയാകും സ്ഥാപനത്തിന്റെ ഏകദേശ നിലവാരം ഈ ഏരിയ ഒന്ന് നിരീക്ഷിച്ചാല്‍ തന്നെ കിട്ടാറുമുണ്ട്. ഫുഡ്‌സേഫ്റ്റിയെ സംബന്ധിച്ചിടത്തോളം 'ക്രോസ്സ് കണ്ടാമിനേഷന്‍ (Cross Contamination) എന്ന പദം വളരെ പ്രധാനപെട്ടതാണ്. സംഗതി ലളിതമാണ്. നമ്മുടെ ചില 'വിക്രിയ'കള്‍ വഴി ബാക്ടീരിയാദി സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക്, അതല്ലെങ്കില്‍ ഒരു ഭക്ഷ്യ പദാര്‍ത്ഥത്തില്‍ നിന്നും മറ്റൊന്നിലേക്ക് നീങ്ങുന്നതിനെയും അതുവഴി ആ സാധനങ്ങളും നശിപ്പിക്കപ്പെടുന്നതിനെയും ആണ് ക്രോസ് കണ്ടാമിനേഷന്‍ എന്ന് പറയുന്നത്. ടോയ്‌ലറ്റില്‍ പോയി കൈ കഴുകാതെ, നേരെ അടുക്കളയില്‍ പോയി ഉണ്ടാക്കി വെച്ച സാധനം നിങ്ങള്‍ക്ക് സെര്‍വ് ചെയ്യുന്ന ഒരു ജോലിക്കാരന്‍ മതി പണി പാലും വെള്ളത്തില്‍ തരാനായിട്ട്.

അതുപോലെ ഇറച്ചിയില്‍ മസാല തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരുത്തന്‍ തന്നെ ഗ്രീന്‍ സലാഡ് കട്ട് ചെയ്ത് ഒരു പാത്രത്തിലാക്കിക്കൊണ്ട് വന്നാലും ഈ ക്രോസ് കണ്ടാമിനേഷന്‍ സംഭവിക്കും. അപ്പോള്‍ ഇത് തടയാന്‍ എന്ത് വേണം?

മസാല പുരട്ടി കൊണ്ടിരിക്കുന്ന ഒരുത്തനു, ഗ്രീന്‍ സലാഡ് എടുക്കുന്നതിനു മുന്‍പ് കൈ സോപ്പിട്ടു കഴുകണം. അതിനു ശേഷം 70% എങ്കിലും വീര്യമുള്ള ആല്‍ക്കഹോള്‍ കണ്ടന്റുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ സാനിറ്റൈസ് ചെയ്യണം. പച്ചക്കറികള്‍ നല്ല രീതിയില്‍ കഴുകുകയും അരിയാനുപയോഗിക്കുന്ന കത്തി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കുകയും(ഒരോ ഐറ്റംസ് അരിയാനും വ്യത്യസ്ത നിറങ്ങളിലുള്ള കട്ടിങ് ബോഡും കത്തിയും ഒക്കെ വേണം എന്നാണ് നിയമം) വേണം. സലാഡ് എന്നത് വേവിക്കാതെ കഴിക്കുന്ന ഭക്ഷണമാകയാല്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെടുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും.

നമ്മള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന എത്ര റെസ്‌റ്റോറന്റുകളുടെ അടുക്കളയില്‍ ഈ സൗകര്യം ഉണ്ടാകും? സംശയമാണ്. അടുക്കളയിലും വിളമ്പുന്നിടത്തും അതിഥി തൊഴിലാളികളുടെ ആധിക്യം ഒരു പ്രവാസി എന്ന നിലയില്‍ എന്നെ ആകുലപ്പെടുത്താറില്ല. നമ്മുടെ സംസ്ഥാനം വികസിച്ചു വരുന്നതിന്റെ അടയാളമായി മാത്രമേ അതിനെ കാണുന്നുള്ളൂ. മനുഷ്യരാശിയുടെ ചരിത്രം തന്നെ കുടിയേറ്റങ്ങളുടെയും പലായനങ്ങളുടെയുമാകുമ്പോള്‍ പ്രത്യേകിച്ചും.

പക്ഷെ, നാട്ടില്‍ ഒരു പുതിയ റെസ്‌റോറന്റ് തുടങ്ങണമെങ്കില്‍ എന്തെല്ലാം ലൈസന്‍സുകള്‍ വേണമെന്ന് ഈയുള്ളവന് മുഴുവനായും അറിയില്ല.. എന്നിരുന്നാലും മുനിസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ അപേക്ഷ നല്‍കിയാല്‍ ഒരു ലൈസന്‍സ് കിട്ടുമായിരിക്കും. അതുപോലെ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാനിറ്ററി സര്‍ട്ടിഫിക്കറ്റും മതിയാകുമായിരിക്കും. ജീവനക്കാരുടെ 'രക്തവും കഫവും' പരിശോധിച്ച ഒരു ലാബ് റിസള്‍ട്ടും പണ്ട് ഗഫൂര്‍ക്കാ ദോസ്ത് പറഞ്ഞതുപോലെ... മതി അത്രേം മതി... ഇത്രേം ആയാല്‍ റെസ്‌റോറന്റ് തുടങ്ങാം.

ഇനിയാണ് കാര്യം, ഈ റെസ്‌റ്റോറന്റ് തുടങ്ങുന്ന സമയത്തെ ജോലിക്കാര്‍ തന്നെയാണോ കാലാകാലങ്ങളായി അവിടെ ജോലി ചെയ്യുന്നുണ്ടാവുക. നൂറു ശതമാനവും ആകാന്‍ തരമില്ല. പുതുതായി വരുന്ന ജോലിക്കാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ ഇല്ലാ എന്ന് ഏതെങ്കിലും രീതിയില്‍ ഉറപ്പു വാഴ്ത്തുന്നുണ്ടാകുമോ? നേരത്തെ സൂചിപ്പിച്ചപോലെ അടുക്കളയില്‍ കൈ കഴുകാനുള്ള 'പ്രത്യേക സംവിധാനം' ഇല്ലാതെ അനുമതി കൊടുത്തിട്ടുണ്ടാവുമോ. അവിടെ സോപ്പും സാനിറ്റൈസറും എല്ലാം ഇപ്പോളും ഉപയോഗിക്കുന്നുണ്ടാവുമോ? നിങ്ങളെപ്പോലെത്തന്നെ എന്റെയും സംശയമാണ്. ഒരു കസ്റ്റമര്‍ എന്ന നിലയില്‍ നമ്മുടെ അവകാശമാണ്.

ഇത് പോലെത്തന്നെയാണ് pest management. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടവര്‍ക്ക് ഓര്‍മ കാണും- ഒരു പൂച്ചയാണ് അല്ലെങ്കില്‍ ഒരു പൂച്ചയെ കൊണ്ടാണ് ആ ഹോട്ടല്‍ പൂട്ടിക്കുന്നത്! എലി, പാറ്റ, ഈച്ച മുതല്‍ എല്ലാം 'pest management 'ല്‍ വരുന്നുണ്ട്. മിനിമം അടുക്കളയ്ക്കും സ്‌റ്റോര്‍ റൂമിനുമൊന്നും 'പുറത്തേക്കു തുറന്ന' അവസ്ഥ ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാധനങ്ങളെല്ലാം തന്നെ 'തറ' നിലവാരത്തില്‍ നിന്നും ഉയര്‍ന്ന് ഒരു 'പാലറ്റി'ല്‍ വച്ചിരുന്നാല്‍ സംഗതി ഉഷാര്‍.

ഇനി പറയാനുള്ളത് ഭക്ഷ്യ സുരക്ഷാ വകുപ്പിനോടും അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പിടിച്ചെടുത്തു നശിപ്പിക്കലിനെ ഗ്ലോറിഫൈ ചെയ്യന്നവരോടുമാണ്. ഇപ്പോഴത്തെ ഈ ഉണര്‍വ്വോക്കെ നല്ലതുതന്നെ. പക്ഷേ, എല്ലാറ്റിനും പടിഞ്ഞാട്ടും മധ്യപൗരസ്ത്യ ദേശത്തേക്കും നോക്കേണ്ടി വരുന്നതിനെ അത്രയ്ക്ക് പ്രോത്സാഹിപ്പിക്കേണ്ടതില്ലെങ്കിലും ഇക്കാര്യത്തില്‍ ഒരു കണ്ണ് അങ്ങോട്ടും തിരിച്ചുവെക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും കേരളം പോലെ മറ്റെല്ലാ കാര്യങ്ങളിലും വികസന സൂചികകളിലും വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഒരു സംസ്ഥാനത്തിന്റെ കാര്യത്തിലെങ്കിലും.

'പ്രിവന്റീവ്' ആക്ഷനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചല്ലോ. അങ്ങനെ ഒരു പ്രോട്ടോകോള്‍ സംസ്ഥാനത്തു നിലവിലുണ്ടെങ്കില്‍ ക്ഷമിക്കണം, അറിവില്ലായ്മയാണ്. ഇല്ലെങ്കില്‍ ഉണ്ടാക്കണം. പ്രാഥമികരീതിയില്‍ ഭക്ഷ്യസുരക്ഷാ ഉറപ്പു വരുത്താവുന്ന 'ക്‌ളോസുകള്‍' അതില്‍ ഉള്‍പ്പെടുത്തണം. ജീവനക്കാരുടെ വ്യക്തിശുചിത്വം, സ്ഥാപനത്തിന് ഉണ്ടാകേണ്ട അടിസ്ഥാനസൗകര്യങ്ങള്‍, വിവിധ ഇനം ഭക്ഷ്യ വസ്തുക്കള്‍ക്ക് ആവശ്യമായ സ്‌റ്റോറേജ് സൗകര്യം. അവിടെ FIFO (ആദ്യം വരുന്ന സാധനങ്ങള്‍ ആദ്യം ഉപയോഗിക്കുന്ന രീതി)നടപ്പിലാക്കുന്നുണ്ടോ തുടങ്ങിയവയെങ്കിലും ഓഡിറ്റ് ചെയ്യപ്പെടണം. (സ്ഥാപനങ്ങള്‍ ഇതെല്ലാം മോണിറ്റര്‍ ചെയ്യുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതാകണം ഓഡിറ്റിങ്. (ഓര്‍ക്കുക ഡോകുമെന്റ് ചെയ്തില്ലെങ്കില്‍ കുട്ടിക്ക് മാര്‍ക്കില്ല). ഇത്തരം ഓഡിറ്റുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ഗ്രേഡുകള്‍ നല്‍കുകയും അത് ഉപഭോക്താവിന് കാണാവുന്ന രീതിയില്‍ പ്രദര്ശിപ്പിക്കുകയുമാകാം' .അതിജീവിത'കളുടെ പേരുകള്‍വരെ വെളിപ്പെടുത്താന്‍ ധൈര്യം കാണിക്കുന്ന ഇക്കാലത്ത് നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ കരുണ കാണിക്കണം. ഞങ്ങള്‍ കസ്റ്റമേഴ്‌സിന്റെ അവകാശമാണത്.

ജീവനക്കാര്‍ക്ക് മിനിമം ബോധവല്‍ക്കരണ ക്‌ളാസുകള്‍ നല്‍കുക എന്നതും അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നതും ആലോചിക്കാവുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റിന് അനുയോജ്യമായ ഒരു കാലപരിധി നിശ്ചയിക്കാവുന്നതുമാണ്. കേരളത്തില്‍ എസ്റ്റാബ്ലിഷ്ഡ് ആയ ബ്രാന്‍ഡുകള്‍ പലതിനും 'ISO-HACCP സര്‍ട്ടിഫിക്കറ്റുകള്‍ ഒക്കെ ഉള്ളതായി അവരുടെ ലേബലില്‍ നിന്നും മനസ്സിലായിട്ടുണ്ട്. അത് പോലെത്തന്നെ അതിവേഗ ഭക്ഷണ ശൃംഖലകള്‍ ഒരുപാടുണ്ട് കേരളത്തില്‍. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അവിടെയും ഒരു ഓഡിറ്റിങ് ഒക്കെ ആകാം. തുടക്കം അവിടുന്നാകട്ടെ. കാര്യങ്ങള്‍ മുകളില്‍ നിന്നും താഴോട്ട് ആകുന്നതല്ലേ മാതൃകാപരം.

അടുക്കളയില്‍ സോപ്പും സാനിറ്റൈസറും വെക്കുമ്പോളും ടോയ്‌ലറ്റും കിച്ചനും ഒക്കെ പതിവില്‍ കൂടുതല്‍ കഴുകുമ്പോളും ജീവനക്കാരെ കോഴ്‌സിന് അയക്കുമ്പോളും ഒക്കെ സ്ഥാപനത്തിന്റെ 'ഓപ്പറേഷന്‍ കോസ്റ്റ്' കൂടും എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ ഒരു പങ്ക് നമ്മളും വഹിക്കേണ്ടി വരാം. മാന്യ ഉപഭോക്താക്കള്‍ മനസ്സിലാക്കുമല്ലോ. വളരെ ആദായ വിലയ്ക്ക് കിട്ടുന്നതെല്ലാം ദീര്‍ഘ കാലത്തേക്ക് അത്ര ആദായം തന്നോളണം എന്നില്ല.

അതുപോലെത്തന്നെ സ്ഥാപന ഉടമകള്‍, തല്‍കാലം, ഓപ്പറേഷന്‍ കോസ്റ്റ് കൂടുന്നതിനെക്കുറിച്ച് ബേജാറാകേണ്ടതില്ല. ദീര്‍ഘ കാലത്തേക്ക് ഗുണം വരും. കോസ്റ്റ് കുറയും. ജോലിക്കാരുടെ കാര്യക്ഷമത കൂടും. സ്ഥാപനത്തിന്റെ ഇമേജും മാര്‍ക്കറ്റ് ഷെയറും വര്‍ധിക്കും. ഞാന്‍ ഗ്യാരണ്ടി.

അപ്പൊ... അത്രേ പറയാനുള്ളു... ഭക്ഷ്യവിഷബാധയില്ലാത്ത ഒരു കിണാശേരി... അതായിരുന്നു ആ സ്വപ്നം.

Next Story

RELATED STORIES

Share it