Emedia

ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഏറ്റുമുട്ടലിൽ പോലിസ് ഉപയോഗിച്ച തോക്കുകൾ ഉടനടി പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുന്നത്

മാവോവാദികൾക്ക് മനുഷ്യാവകാശമില്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ വീക്ഷണത്തോടുള്ള പരോക്ഷമായ വിമർശനം കൂടി ഉൾക്കൊള്ളുന്നതാണ് ഹൈക്കോടതി വിധി.

ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഏറ്റുമുട്ടലിൽ പോലിസ് ഉപയോഗിച്ച തോക്കുകൾ ഉടനടി പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുന്നത്
X

മഞ്ചിക്കണ്ടി മാവോവാദി വേട്ട സംബന്ധിച്ച് ഇന്നലെയുണ്ടായ ഹൈക്കോടതി വിധി ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിൻറെ നിലപാടുകളെ തള്ളുന്ന നടപടിയാണ് കോടതി സ്വീകരിച്ചത്. വിലയിരുത്തലുകൾ വിശകലനം ചെയ്യുന്നു മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. തുഷാർ നിർമൽ സാര രഥി യുടെ ഫേസ് ബുക്ക് പോസ്റ്റ്.

ഏറ്റുമുട്ടൽ കൊല നടത്തിയ പോലിസുകാർക്കെതിരേ കൊലക്കുറ്റത്തിന് പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം അതേപടി അംഗീകരിക്കപ്പെട്ടില്ലെങ്കിലും പോലിസിനെതിരേ അന്വേഷണം നടത്താൻ ഉത്തരവിട്ട കേരളാ ഹൈക്കോടതി വിധി ചരിത്രപരമാണ്.

കേരളത്തിന്റെ നിയമവ്യവഹാര ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഏറ്റുമുട്ടലിൽ പോലിസ് ഉപയോഗിച്ച തോക്കുകൾ ഉടനടി പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുന്നത്. സുപ്രിംകോടതി 2014 ലെ പിയുസിഎൽ വിധിന്യായത്തിൽ നൽകിയ 16 നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലിസുകാർ തോക്കുകൾ സറണ്ടർ ചെയ്യണമെന്നത്. എന്നാൽ പാലക്കാട് ഏറ്റുമുട്ടൽ നടന്ന് കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ പാലക്കാട് സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ്, സുപ്രിംകോടതി നിർദ്ദേശം പാലിച്ചുവെന്ന് വരുത്താൻ വേണ്ടി 8 ദിവസങ്ങൾക്ക് ശേഷം ഒരു പോലിസുകാരൻറെ കയ്യിൽ നിന്ന് ഒരു തോക്ക് പിടിച്ചെടുത്തത്. ഈ കാര്യത്തിൽ അന്യായമായ കാലതാമസമുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉടനടി എല്ലാ പോലിസുകാരിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.


ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് എടുത്ത കേസുകളിൽ ചേർത്ത വകുപ്പുകൾ എന്തു തന്നെ ആയാലും മരണകാരണവും മരണത്തിലേക്ക് നയിച്ച സാഹചര്യവും അന്വേഷിച്ച് ഏറ്റുമുട്ടൽ കൊലകളിൽ പോലിസുകാർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടൊയെന്ന് കണ്ടെത്തണമെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പോലിസ് നടത്തിയ കൊലകളെ കുറിച്ച് സ്വതന്ത്രവും പക്ഷപാതരഹിതവുമായ അന്വേഷണം നടക്കില്ലെന്ന ഹരജിക്കാരുടെ വാദം കണക്കിലെടുത്താണ് കോടതി പോലിസുകാർക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. അതായത് പോലിസുകാരുടെ പങ്കിനെ കുറിച്ച് തെളിവുകൾ ശേഖരിക്കുകയും അവർ കുറ്റം ചെയ്തിട്ടുണ്ടൊ ഇല്ലയോ എന്നത് സംബന്ധിച്ച് ഒരഭിപ്രായം രൂപീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണ് എന്നർത്ഥം. അന്വേഷണ ഉദ്യോഗസ്ഥൻ രൂപീകരിക്കുന്ന അഭിപ്രായം, ശേഖരിച്ച വസ്തുതകൾ ഉൾപ്പടെ കോടതിയുടെ പരിഗണനക്ക് സമർപ്പിക്കുകയും വേണം.


പോലിസുകാർക്കെതിരേ ഒരിക്കലും അന്വേഷണം നടത്തില്ലെന്ന സർക്കാറിന്റെ ധിക്കാരത്തിനേറ്റ അടിയാണ് ഹൈക്കോടതി ഉത്തരവ്. ഏറ്റുമുട്ടൽ സത്യമോ വ്യാജമോ എന്നന്വേഷിക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശിക്കുമ്പോഴും പോലിസ് നടത്തിയ കൊലകൾക്ക് നിയമ സംരക്ഷണം അവകാശപ്പെട്ട് അന്വേഷണം നടത്താതിരിക്കുകയോ തുടക്കത്തിൽ തന്നെ അന്വേഷണം അട്ടിമറിക്കുകയോ ആണ് സർക്കാർ ചെയ്തു വന്നത്. ഏറ്റുമുട്ടൽ കൊലയോടനുബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളിൽ യുഎപിഎ നിയമത്തിലെ 49-ാം വകുപ്പ് കൂടി പോലിസ് ചേർത്തിരുന്നു. ഭീകര പ്രവർത്തനത്തെ നേരിടുന്നതിനായി സായുധ അർദ്ധസൈനിക സേനകൾ സ്വീകരിക്കുന്ന ഉത്തമ വിശ്വാസത്തോടെയുളള നടപടികൾക്കുമേൽ യാതൊരു നിയമ നടപടിയും പാടില്ലെന്ന സംരക്ഷണമാണ് 49-ാം വകുപ്പ് നൽകുന്നത്. അഫ്സ്പാ നിയമത്തിലെ പോലെ ഒരന്വേഷണവും കൂടാതെ ആരേയും വെടിവെച്ച് കൊല്ലാനുള്ള അവകാശമാണ് കേരളത്തിലെ പോലിസ് ഇതിലൂടെ അവകാശപെടാൻ ശ്രമിക്കുന്നത്. എഫ്‌ഐആറിൽ തന്നെ ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലിസിന് സംരക്ഷണം നൽകുന്ന വകുപ്പ് എഴുതി ചേർത്തത് വഴി അന്വേഷണത്തെ തുടക്കത്തിൽ തന്നെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. അതു കൊണ്ടാണ് എഫ്ഐആറിലെ വകുപ്പുകൾ എന്തു തന്നെ ആയാലും പോലിസിൻറെ പങ്ക് അന്വേഷിക്കണമെന്ന് കൂടി ഹൈക്കോടതി നിർദേശിച്ചത്.

മാവോവാദികൾക്ക് മനുഷ്യാവകാശമില്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ വീക്ഷണത്തോടുള്ള പരോക്ഷമായ വിമർശനം കൂടി ഉൾക്കൊള്ളുന്നതാണ് ഹൈക്കോടതി വിധി. ആർട്ടിക്കിൾ 21 പ്രകാരം നിയമത്താൽ സ്ഥാപിതമായ പ്രക്രിയയിലൂടെയല്ലാതെ ഏതൊരു മനുഷ്യന്റെയും ജീവനും, സ്വാതന്ത്ര്യവും ഹനിക്കാൻ പാടില്ലെന്ന മൗലികാവകാശം മാവോവാദികൾക്കും ഉണ്ടെന്ന അഡ്വ കെഎസ് മധുസൂദനൻറെ വാദം ശരിവച്ച കോടതി ഏറ്റുമുട്ടൽ ഫിലോസഫി ക്രിമിനൽ ഫിലോസഫിയാണെന്ന സുപ്രിംകോടതി വിധി പരാമർശിക്കുകയും ചെയ്തു.

പോലിസുകാർക്കെതിരേ പോലിസ് തന്നെ അന്വേഷണം നടത്തുമ്പോൾ നീതിപൂർവ്വമായ അന്വേഷണത്തിനുള്ള സാധ്യത തീരെ കുറവാണ്. എങ്കിലും കഴിഞ്ഞ രണ്ട് ഏറ്റുമുട്ടൽ കൊലകളിൽ നിന്നും വ്യത്യസ്തമായി ഒരന്വേഷണവുമില്ലാതെ പോലിസുകാരെ രക്ഷിക്കാനുള്ള സർക്കാർ നീക്കത്തിനു തടയിടാൻ കഴിഞ്ഞു എന്നത് ചെറുതല്ലാത്ത നേട്ടം തന്നെയാണ്. അതേ സമയം അന്വേഷണവും തുടർന്നുള്ള വിചാരണാ നടപടികളും അർത്ഥപൂർണ്ണമായ അന്ത്യത്തിലേക്ക് എത്തിക്കാൻ ജാഗ്രതയോടെയുള്ള ഇടപെടൽ ഇനിയും തടരേണ്ടതുണ്ട്. പോലിസുകാരെ രക്ഷിക്കാനും വസ്തുതകൾ പൊതു സമൂഹത്തിന് മുന്നിൽ വരാതിരിക്കാനും, പോലിസിനെതിരേ അന്വേഷണം ആവശ്യപ്പെടുന്നവരെ അടിച്ചമർത്താനും നിശബ്ദരാക്കാനുമുള്ള സർക്കാർ നീക്കം കണക്കിലെടുത്താൽ ഏറെ പ്രയത്നം ആവശ്യമുള്ള ഒരു കാര്യം കൂടിയാണത്.

Next Story

RELATED STORIES

Share it