Emedia

'സാഹിത്യ അക്കാദമിയെക്കുറിച്ച് എഴുതിവിടുന്നത് അര്‍ധസത്യങ്ങള്‍': മാതൃഭൂമി പത്രത്തിനെതിരേ കെ സച്ചിദാനന്ദന്‍

സാഹിത്യ അക്കാദമിയെക്കുറിച്ച് എഴുതിവിടുന്നത് അര്‍ധസത്യങ്ങള്‍: മാതൃഭൂമി പത്രത്തിനെതിരേ കെ സച്ചിദാനന്ദന്‍
X

തൃശൂര്‍: സാഹിത്യ അക്കാദമിയെക്കുറിച്ച് മാതൃഭൂമി ദിനപത്രം അര്‍ധസത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന വിമര്‍ശനവുമായി കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സച്ചിദാനന്ദന്റെ വിമര്‍ശനം. കേരളത്തിന്റെ ഗാനമായി ബോധേശ്വരന്റെ ഗാനം സര്‍ക്കാര്‍ അംഗീകരിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയിലാണ് അക്കാദമിയെ അപകീര്‍ത്തിപ്പെടുത്തുന്നവിധം അര്‍ധസത്യങ്ങള്‍ നിറഞ്ഞ റിപോര്‍ട്ട് പത്രം പ്രസിദ്ധീകരിച്ചതത്രെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

''മാതൃഭൂമി ദിനപത്രത്തിന്റെ റിപോര്‍ട്ടര്‍മാരില്‍ വക്രബുദ്ധികള്‍ വര്‍ധിച്ചു വരുന്നതായി കാണുന്നു. ഇന്നലെ ഒരാള്‍ എന്നെ വിളിച്ചു മാതൃഭൂമിയില്‍ നിന്ന് ആണെന്ന് പറഞ്ഞു. ബോധേശ്വരന്റെ പഴയ കേരളഗാനം കേരളത്തിന്റെ ഗാനമായി സര്‍ക്കാര്‍ അംഗീകരിച്ചു എന്നും ഇനി അക്കാദമി കേരളഗാനത്തിന്നായുള്ള മത്സരം നടത്തുന്നത് തുടരുമോ എന്നും ചോദിച്ചു. സര്‍ക്കാര്‍ ആ ഗാനം അംഗീകരിച്ചുവെങ്കില്‍ തുടരാന്‍ ഇടയില്ലെന്നും അടുത്ത് മാത്രം ചാര്‍ജെടുത്ത പുതിയ ഭാരവാഹികള്‍ക്ക് കൂടുതല്‍ ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും പറഞ്ഞു.

ആ 'റിപോര്‍ട്ടര്‍' എന്തൊക്കെയോ എഴുതി പത്രത്തിന് കൊടുത്തു. ഒരന്വേഷണവും നടത്താതെ പത്രം അത് വലിയ വാര്‍ത്തയായി കൊടുക്കുകയും ചെയ്തു. ഞാന്‍ അങ്ങിനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടുമാത്രമേയുള്ളൂ. ഞങ്ങള്‍ വന്ന ശേഷം അങ്ങിനെ ഒരു വിഷയം ഭരണസമിതിയില്‍ ചര്‍ച്ചയ്ക്കു വന്നിട്ടില്ല. മാതൃഭൂമി മുന്‍പും അര്‍ധസത്യങ്ങള്‍ മാത്രമുള്ള ഒരു റിപോര്‍ട്ട് സാഹിത്യ അക്കാദമിയെക്കുറിച്ചു പ്രസിദ്ധീകരിച്ചിരുന്നതിനെ ഈ സംഭവവുമായി കൂട്ടി വായിക്കുമ്പോള്‍ ഇതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു കാണാന്‍ വിഷമമില്ല. അക്കാദമി സജീവമായത് ചില ആളുകള്‍ക്ക് ഇഷ്ടമായിട്ടില്ലെന്നു വ്യക്തം. ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ കത്ത് ഞാന്‍ ബ്യൂറോവിന്നു അയച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കുമോ എന്ന് നോക്കാം. സത്യങ്ങള്‍ക്ക് വാര്ത്താമൂല്യം ഇല്ലാത്ത കാലമാണല്ലോ.''

Next Story

RELATED STORIES

Share it