Emedia

ജാമ്യമില്ലാ വകുപ്പായ ഐപിസി 153എ

ജാമ്യമില്ലാ വകുപ്പായ ഐപിസി 153എ
X

എ എം നദ്‌വി

കോഴിക്കോട്: 153എ വകുപ്പ് ചുമത്തി നിരവധി പേരെ അകത്തിട്ട പാരമ്പര്യമുള്ള നാടാണ് കേരളം. അതേ വകുപ്പു ചുമത്തിയാണ് പി സി ജോര്‍ജിനെ വിദ്വേഷപരാമര്‍ശം നടത്തിയതിന് അറസ്റ്റ് ചെയ്തത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അനുഭവിക്കേണ്ടിവന്ന റിമാന്റോ മറ്റോ ഇയാള്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല. കേരളത്തില്‍ 153എയുടെ ചരിത്രം പരിശോധിക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹികപ്രവര്‍ത്തകനായ എ എം നദ്‌വി.

പോസ്റ്റിന്റെ പൂര്‍ണരൂപം

153എക്ക് കേരളത്തില്‍ ഒരു പാട് ചരിത്രമുണ്ട്. വ്യത്യസ്ത ജന വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാന്‍ ശ്രമം നടത്തുന്നവരെയാണ് വകുപ്പ് ലക്ഷ്യം വെക്കുന്നത്.

പിഡിപി ചെയര്‍മാന്‍ ആയ അബ്ദുന്നാസിര്‍ മഅ്ദനിയെ ഇകെ.നായനാര്‍ മുഖ്യമന്ത്രിയായ കേരള സര്‍ക്കാര്‍ പോലീസ് 1998 മാര്‍ച്ച് 31 ന് എറണാകുളം കലൂരിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത് ഈ വകുപ്പ് ചുമത്തിയാണ്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് കാരണമായി പറഞ്ഞത്. പക്ഷെ, ജാമ്യം നിഷേധിച്ച് തമിഴ്‌നാട് പോലീസിന് കൈമാറുകയും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുകയുമായിരുന്നു.

കുറ്റവിമുക്തനാക്കപ്പെടും വരെ നിരപരാധിയായ മഅ്ദനിയുടെ ഒമ്പത് വര്‍ഷത്തെ ദീര്‍ഘകാല തടവിന് തുടക്കമിട്ടത് 153എ ആയിരുന്നു. ഇന്നും തുടരുന്ന അനിശ്ചിത കാല തടവറക്ക് കാരണമായ അറസ്റ്റ് ദിവസം കീഴ്‌ക്കോടതി ജാമ്യം ലഭിച്ചതിന് മണിക്കൂര്‍ മുമ്പ് ധൃതിയില്‍ കര്‍ണാടക പോലീസിന് അറസ്റ്റ് ചെയ്യാന്‍ സൗകര്യം ചെയ്തത് വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായ ഇടത് സര്‍ക്കാര്‍ ആയിരുന്നു.

എംഎം അക്ബറും , ശംസുദ്ദീന്‍ പാലത്തും അടക്കം നിരവധി മുസ്‌ലിം പ്രഭാഷകരെ ജാമ്യം നല്‍കാതെ റിമാന്റ് ചെയ്തത് 153എ പ്രകാരമാണ്. കോഴിക്കോട് പുസ്തകശാലകള്‍ റെയ്ഡ് നടത്തി നിരവധി പുസ്തകങ്ങള്‍ക്കെതിരെയും പ്രസാധകര്‍ക്കെതിരെയും കേസെടുത്ത നാളുകളില്‍ 153എ ചുമത്തിയാണ് നന്മ ബുക്‌സ് എം ഡി ആയിരുന്ന പി കെ അബ്ദുല്‍ റഹ്മാനെ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ചു ജയിലിലടച്ചത്. 256 ഓളം പൊതുപ്രവര്‍ത്തകരുടെ ഇമെയില്‍ ചോര്‍ത്തിയ കേരള പോലീസ് നടപടി പുറത്തു കൊണ്ടുവന്ന മാധ്യമത്തിനും ലേഖകനായ വിജു വി നായര്‍ക്കും റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെയും 153 അ ചുമത്തിയിരുന്നു. ഉദാഹരണമായി നൂറ് കണക്കിന് കേസുകള്‍ ലഭ്യമാണ്.

കടുത്ത വര്‍ഗീയ വിഷം വിസര്‍ജിക്കുന്ന പ്രഭാഷണം നടത്തിയ പി സി ജോര്‍ജിനെതിരെ 153എ ചുമത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മൊഴിയെടുത്ത് റിമാന്റിലെടുക്കാതെ വിട്ടയച്ച നടപടി അങ്ങേയറ്റം പരിഹാസ്യവും ഇരട്ടനീതിയുടെ ആവര്‍ത്തനവുമാണ്. ഭരണകൂടങ്ങളും നീതിന്യായ വ്യസസ്ഥയും വംശീയ പക്ഷപാതത്തിന്റെ കാവിക്കൂടാരങ്ങളായി മാറിക്കഴിഞ്ഞ ഇന്ത്യയില്‍ കേരളം മാത്രമെന്തിന് ഒറ്റപ്പെടണം എന്ന് ചിന്തിച്ചു പോയാല്‍ പിന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നമുക്ക് കുറ്റം പറയാനാവുമോ?

Next Story

RELATED STORIES

Share it