Emedia

മുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ ഹിന്ദുവിന്റെയും ഉത്തരവാദിത്തം

മുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ ഹിന്ദുവിന്റെയും ഉത്തരവാദിത്തം
X

കുഞ്ഞിലാ മാസിലാമണി

കോഴിക്കോട്: സാധാരണക്കാരായ ഹിന്ദു വിശ്വാസികളുടെ പേരിലാണ് ഹിന്ദുത്വം മുസ് ലിംകള്‍ക്കു മുകളില്‍ പീഡനം അഴിച്ചുവിടുന്നത്. ഇക്കാലയളിവില്‍ നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി. മുസ് ലിംകള്‍ ആക്രമിക്കപ്പെട്ടു. മകന്റെ അറസ്റ്റ് ചെയ്ത പോലിസ് നടപടി ചോദ്യം ചെയ്ത മാതാവിന്റെ വെടിവച്ചുകൊന്നു. ബീഫ് കറി കൊണ്ടുവന്നുവെന്ന് ആരോപിച്ച് അധ്യാപികയെ ജയിലിലടച്ചു. ഈ സാഹചര്യത്തില്‍ ഓരോ ഹിന്ദുവും ഹിന്ദുമതം ഉപേക്ഷിച്ച് നിലപാട് വ്യക്തമാക്കണമെന്ന് കുഞ്ഞിലാ മാസിലാമണി ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഏഴ് ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ റോഷ്ണി എന്ന് പേരായ ഒരു മുസ്ലിം സ്ത്രീയെ പോലീസ് വെടി വെച്ച് കൊന്നത്. മകന്‍ അബ്ദുല്‍ റഹ്മാന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിയുതിര്‍ത്തത്. അവര്‍ തല്‍ക്ഷണം മരിച്ചു. ഗോവധ കേസില്‍ ആണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് വന്നതെന്ന് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ വളരെ കുറച്ച് മെയിന്‍സ്ട്രീം മീഡിയയേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് പോലും ചെയ്തിട്ടുള്ളൂ എന്ന് കാണാം. ഇരുപതോളം പോലീസുകാരാണ് സ്ഥലത്ത് റെയിഡെന്നും പറഞ്ഞ് എത്തിയത്. റോഷ്ണിയുടെ മകളുടെ കല്യാണം അടുത്ത ദിവസം നടക്കാനിരിക്കുകയായിരുന്നു. അതില്‍ പങ്ക് ചേരാന്‍ നാട്ടില്‍ വന്നതായിരുന്നു പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്ന റോഷ്ണിയുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍. എന്ത് പറഞ്ഞാണ് അറസ്‌റ്റെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. നാട്ടുകാര്‍ പ്രതിഷേധിച്ചു. കുടുംബവും. റോഷ്ണിയെ വെടി വെച്ച് കൊന്നപ്പോള്‍ നാട്ടുകാര്‍ പോലീസിനെ വളഞ്ഞു. അവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. തോക്കുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ പ്രയാസമില്ലല്ലോ. അതിന് ശേഷം അവിടെ കലാപം നടക്കാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞ് ആ പ്രദേശം ഇതേ പോലീസ് പൂട്ടി. ആര്‍ക്കും അകത്തേയ്ക്കും പുറത്തേയ്ക്കും പോകാന്‍ പാടില്ല. പ്രതിഷേധം കാരണം മാത്രം ഒരു എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട് സംഭവത്തില്‍. അതും യു.പി. പോലീസ് ആണല്ലോ അന്വേഷിക്കുക. അന്വേഷിക്കുന്നുണ്ടെങ്കില്‍ തന്നെ.

ഇതിന് ശേഷമുള്ള ദിവസങ്ങളില്‍ ഈ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. ശേഷമുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വേറെ കുറച്ച് സംഭവങ്ങള്‍ പറയാം. ആസാമില്‍ ചോറുമ്പാത്രത്തില്‍ ബീഫ് കൊണ്ടുപോയി സഹപ്രവര്‍ത്തകര്‍ക്ക് കഴിക്കാന്‍ കൊടുത്തു എന്ന 'കുറ്റ'ത്തിന് ഒരു സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയ ദലിമ നെസ്സയെ ആസാം പോലീസ് അറസ്റ്റ് ചെയ്തു.

മധ്യ പ്രദേശില്‍, മെന്റലി ഡിസേബിള്‍ഡ് ആയ, 65 വയസ്സുള്ള ഭന്‍വര്‍ലാല് ജെയിനെ മുസ്ലിം ആണോ എന്ന് ചോദിച്ച് തല്ലിക്കൊന്നു. ആര്? സ്ഥലത്തെ ബി.ജെ.പി കോര്‍പറേറ്ററുടെ ഭര്‍ത്താവ് ദിനേശ് കുശ്വാഹ. നീ മുസ്ലിമല്ലേ, ആധാര്‍ കാര്‍ഡ് കാണിക്ക്, എന്നും പറഞ്ഞാണ് ഭന്‍വര്‍ലാലിനെ തല്ലിക്കൊന്നത്.

ഈ ഇന്ത്യയില്‍ ജീവിക്കാന്‍ എല്ലാവരും പേടിക്കണം. എനിക്കും പേടിയുണ്ട്. പക്ഷേ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ പേടി എന്ത് മാത്രമായിരിക്കും. ഒരു മതവിശ്വാസികളെ മാത്രം ബാധിക്കുന്ന പേടി, അത് കാരണം ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍. ഇരുപത്തെട്ട് വയസ്സില്‍ ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് അഖ്‌ലാദ് ഖാന് ഹാര്‍ട്ട് അറ്റാക്ക് വന്നു. ഡെല്‍ഹി റയറ്റ്‌സ് കവര്‍ ചെയ്തപ്പോള്‍ താന്‍ അനുഭവിച്ച സ്‌ട്രെസ്, ആങ്ങ്‌സൈറ്റി എന്നിവയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഖ്‌ലാദ് എഴുതിയിരുന്നു. പിന്നീട്, ഏപ്രിലില്‍ ഹാര്‍ട്ട് ഫെയില്യര്‍ കാരണം ഇദ്ദേഹം മരിക്കുകയും ചെയ്തു. 28 വയസ്സില്‍.

ഇന്ത്യയിലെ ജയിലുകള്‍ മുസ്ലിങ്ങളെയും ദലിതരെയും ആദിവാസികളെയും കൊണ്ട് നിറയ്ക്കുകയാണ്. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളെയും ദലിതരെയും ഹൗസ് ചെയ്യുന്ന ജയിലുകള്‍ ഉത്തര്‍ പ്രദേശിലാണ്. എന്നാല്‍ കൊല്ലപ്പെടുന്നതും മുസ്ലിങ്ങളും ദലിതരും ആദിവാസികളും തന്നെ. ഇവരെ കൊന്നൊടുക്കുന്നവരെ അറസ്റ്റ് ചെയ്താല്‍ തന്നെ ജയിലിലെ സ്റ്റാറ്റിസ്റ്റിക്‌സ് മാറും എന്ന് വ്യക്തമാണ്.

വിശ്വാസം ഇല്ലാത്ത മുസ്ലിങ്ങളില്‍ ചിലര്‍ രാജ്യത്തെ ഹിന്ദുത്വ ഭീകരത കാരണം മുസ്ലിം ഐഡന്റിറ്റി പറയാന്‍ തുടങ്ങുന്നുണ്ടല്ലോ. അതിനേക്കാള്‍ ഈ രാജ്യത്തിന് ഏറ്റവും ആവശ്യം, ഹിന്ദുത്വ ഭീകരത കാരണം ഹിന്ദുമതം വെടിയുന്നവരെയാണ്. നിങ്ങള്‍ രാമരാജ്യം വരണമെന്ന് ആഗ്രഹിക്കാത്ത, മുസ്ലിങ്ങളെ വേര്‍തിരിച്ച് കാണാത്ത, ഏത് മതവിശ്വാസിയെയും പോലെ ഹിന്ദുമതത്തില്‍ ആശ്വാസം കണ്ടെത്തുന്ന ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കാം. പക്ഷെ നിങ്ങളെയും കൂടെ ഉപയോഗിച്ചാണ് ഈ രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നത് എന്നുള്ളത് കൊണ്ട് മാത്രം, ഹിന്ദു മതം വെടിയുക ഇക്കാരണം പറഞ്ഞ് കൊണ്ട് തന്നെ നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Next Story

RELATED STORIES

Share it