Emedia

കേരളത്തിന് ശ്രീലങ്കയില്‍ നിന്ന് പഠിക്കാനുള്ളത്

കേരളത്തിന് ശ്രീലങ്കയില്‍ നിന്ന് പഠിക്കാനുള്ളത്
X

ജെ എസ് അടൂര്‍

അടവുശിഷ്ട പ്രതിസന്ധികൊണ്ട് നമ്മുടെ തൊട്ടടുത്ത രാജ്യമായ ശ്രീലങ്ക ദുരിതമനുഭവിക്കുകയാണ്. സില്‍വര്‍ ലൈന്‍ കാലത്ത് കേരളം കടന്നുപോകാനിടയുള്ള ഒരു പ്രതിസന്ധിയാണ് ഇത്. ഇതേ കുറിച്ചാണ് യുഎന്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട പരിചയസമ്പത്തുള്ള ജെഎസ് അടൂര്‍ എഴുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

2019ല്‍ വന്‍ഭൂരിപക്ഷത്തിലാണ് രാജപക്ഷെ കുടുംബം നേതൃത്വം നല്‍കിയ എസ്പിപി പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അപ്പോള്‍ ശ്രീ ലങ്കയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ചു റിസേര്‍വ് 7.5 ബില്യന്‍ ഡോളര്‍. രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ അതു വെറും 1.58 ബില്യന്‍ ഡോളര്‍ മാത്രം. ശ്രീ ലങ്കയുടെ പൊതുകടം അവരുടെ മൊത്തം വരുമാനത്തിന്റെ (ജിഡിപി )യുടെ 101.%

ഈ വര്‍ഷം പലിശ തിരിച്ചടവിനു മാത്രം 4.5 ബില്യന്‍. ശ്രീലങ്കയുടെ സോവറിന്‍ ബോണ്ടിനു പോലും വിലയില്ലാത്ത അവസ്ഥ. ഗ്ലോബല്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ശ്രീലങ്കയെ സിസിസി ഗണത്തില്‍ പെടുത്തി. അതിനര്‍ത്ഥം ക്രെഡിറ്റ് റേറ്റിങ് ജംങാണന്നാണ്.

എങ്ങനെയാണ് ശ്രീലങ്ക ഈ പരുവത്തില്‍ എത്തിയത്. ഇന്ത്യയെ തോല്‍പ്പിക്കാന്‍ ചൈനയുടെ കൈയ്യില്‍ നിന്ന് അവരുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി രാജപക്ഷെ കുടുംബത്തിന്റെ സ്ഥലമായ ഹമ്പന്‍ തൊട്ട പോര്‍ട്ട്, പിന്നെ പുതിയ എയര്‍പോര്‍ട്ട്, ഹൈവേകള്‍. അതു തന്നെ ഇപ്പോഴുള്ള കടത്തിന്റ 10.8%. മൊത്തം 6 ബില്യനില്‍ കൂടുതല്‍.

ജപ്പാനില്‍ നിന്നും കടം വാങ്ങി പശ്ചാത്തല വികസനം കൂട്ടി. അതു മൊത്തത്തില്‍ 10.9%. എഡിബിക്ക് 14.5%. ഇതിനൊക്കെ പലിശ നല്‍കുവാനും എണ്ണ ഇറക്കുമതി ചെയ്യുവാനും വീണ്ടും അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കടം. ചുരുക്കത്തില്‍ ശ്രീലങ്കക്ക് അവശ്യസാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്യാന്‍ പൈസയില്ല. ടൂറിസം കൊവിഡ് കാലത്ത് തകര്‍ന്നു. അതിന് മുമ്പുള്ള കൊളമ്പോയിലെ ഈസ്റ്റര്‍ ബോംബിങ്ങും ഒരു കാരണമാണ്. അതുമാത്രമല്ല കൊവിഡ് കാലത്ത് ഒരുപാട് പേര് ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തി.

ശ്രീലങ്കയിലെ സാമ്പത്തിക സാമൂഹിക വികസനവും കേരളവും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. ശ്രീലങ്കന്‍ ഇക്കൊണമിയുടെ 10% ടൂറിസമാണ്. കേരളത്തിന്റെ ഇക്കോണമിയുടെ 10% ടൂറിസം. ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു കാരണം ഫോറിന്‍ റെമിനിട്ടന്‍സ്. കേരളത്തിന്റ സാമ്പത്തിക വളര്‍ച്ചക്ക് കാരണം ഫോറിന്‍ റെമിറ്റന്‍സ്. ശ്രീലങ്കയില്‍ സര്‍വിസ് സെക്റ്റര്‍ 60%. കേരളത്തില്‍ സര്‍വീസ് സെക്റ്റര്‍ 66%.

ശ്രീലങ്ക മാനവിക വികസന സൂചികയില്‍ മുന്നില്‍. കേരളവും മുന്നില്‍. കേരളത്തില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ 7.05%. ശ്രീലങ്കയില്‍ അതു ഏതാണ്ട് 6%. ഭൂ പ്രകൃതിയില്‍ മാത്രമല്ല സാമൂഹിക സാമ്പത്തിക അവസ്ഥയിലും കേരളത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന സംസ്ഥാനം.

കേരളത്തിന്റ മൊത്തം വരുമാനം ഏതാണ്ട് 131 ബില്യണ്‍ യുഎസ് ഡോളര്‍. അതായത് ഏതാണ്ട് 9 ലക്ഷം കോടിക്ക് അടുത്തു. നമ്മുടെ പൊതു കടം ഇപ്പോള്‍ കേരളത്തിലെ എസ്ഡിജിപിയുടെ 37.18%.

ഇതേ അവസ്ഥയില്‍ ആയിരുന്നു ശ്രീലങ്ക ചില വര്‍ഷങ്ങള്‍ക്ക് മുമ്പ്. പക്ഷേ കേരളത്തിന് സില്‍വര്‍ലൈനുപോലും കടം എടുക്കണം എങ്കില്‍ കേന്ദ്ര അനുമതി ഇല്ലാതെ പറ്റില്ല എന്നത് ഒരു പ്രധാന വ്യത്യാസമാണ്.

ശ്രീലങ്കയിലെ വിദ്വാന്‍മാര്‍ പറഞ്ഞു ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും എഡിബിയില്‍ നിന്നും കടമെടുത്തു വമ്പന്‍ പ്രൊജക്റ്റ് നടത്തിയാല്‍ ശ്രീലങ്ക വമ്പിച്ച വളര്‍ച്ചനേടുമെന്ന്. അതിനെതിരെ പറഞ്ഞവരെ ഭരിക്കുന്നവര്‍ രാജ്യദ്രോഹികളാക്കി. സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചവരെ തീവ്രവാദികളാക്കി. വികസനം വിരോധികളാക്കി. സര്‍ക്കാരിനെ വിമര്‍ശിച്ച സിവില്‍ സൊസൈറ്റി സര്‍ക്കാര്‍ ഇതര സംഘടനകളെ പീഡിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ നോട്ട് അടിച്ചു. വിദേശവിപണിയില്‍ നിന്ന് പലിശ കൊടുക്കാനും അവശ്യ സാധനങ്ങള്‍ ഇറക്കാനും വീണ്ടും കടമെടുത്തു. ഇപ്പോള്‍ ഇന്‍ഫ്‌ലേഷന്‍ ഏതാണ്ട് 18%. ഇനിയും കൂടാന്‍ സാധ്യത കൂടുതല്‍. ഇപ്പോള്‍ കടത്തില്‍ മുങ്ങി. അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വിദേശനാണ്യമില്ല. കറണ്ട് കട്ട്. പെട്രോളിന് അഞ്ചും ഏഴും മണിക്കൂര്‍ ക്യൂ. കഴിഞ്ഞ ദിവസം ഒരു ശ്രീലങ്കന്‍ സുഹൃത്തു പറഞ്ഞു ഇലക്ട്രിസിറ്റി ബില്‍ തരാന്‍ പേപ്പര്‍ ഇല്ല. കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പേപ്പറും പേനയും ഇല്ല.

ശ്രീലങ്കയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അതില്‍ കേരളവും ശ്രീലങ്കയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇറക്കുമതിയാണ്. കേരളത്തിന്റ അവസ്ഥയും അതുതന്നെ.

കേരളത്തിലെ പ്രധാന എക്‌സ്‌പോര്‍ട്ട് തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരാണ്. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ എവിടെയെങ്കിലുമൊക്കെ പോയി ചോര നീരാക്കി അയച്ചു കൊടുത്ത /കൊടുക്കുന്ന പൈസ കൊണ്ടാണ് കേരളത്തിലെ സാമ്പത്തിക സാമൂഹിക സ്ഥിതി മാറിയത്. കേരളത്തിലെ മൊത്തം എസ്ഡിജിപിയുടെ ഏതാണ്ട് മുന്നില്‍ ഒന്നും (31.5%) ഫോറിന്‍ റെമിറ്റാന്‍സ് കാരണമാണ്. അല്ലാതെ ഇവിടെ നിന്നുള്ള എന്തെങ്കിലും ടെക്‌നോളജികൊണ്ടോ ഒന്നുമല്ല. കേരളത്തിലെ ഇക്കോണോമിയുടെ 10% വരുന്ന ടൂറിസം 23.5% തൊഴില്‍ നല്‍കുന്നുണ്ട്.

ഇവിടെ ചില വിദ്വാന്‍മാര്‍ ജപ്പാന്‍ വളര്‍ന്നത് ഹൈസ്പീഡ് റെയില്‍ കൊണ്ടാണ്. ചൈനയും അങ്ങനെയാണ് വളര്‍ന്നത്. അതുകൊണ്ടു സില്‍വര്‍ ലൈന്‍ കൊണ്ടുവന്നാല്‍ നമ്മള്‍ പിന്നെ ഗോള്‍ഡന്‍ ഇക്കോണമിയാകും എന്നൊക്കയുള്ള വാദം പണ്ടേ കുഴിയാനയെ ആനയാക്കുന്നതും പൂച്ചയെ പുലിയാക്കുന്നതും പോലെയുള്ള 'സാമ്പത്തിക ശാസ്ത്രമാണ് '

ശ്രീലങ്ക ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും കടം വാങ്ങിയതിന്റ എത്രയോ ഇരട്ടിയാണ് കേരളം വിദേശകടം വാങ്ങാന്‍ നില്‍ക്കുന്നത്? കെ റെയില്‍,2024-25 ല്‍ തീരുമെങ്കിലാണ് 66 ആയിരം കോടി എന്നുപറയുന്നത്. കെ റെയില്‍ അഥവാ നടന്നാല്‍ തന്നെ 2032ല്‍ പോലും തീരില്ല. സാമാന്യ നിലവാരം അനുസരിച്ചു ഏതാണ്ട് 2 ലക്ഷം കോടി. കേരളത്തിലെ പൊതുകടം ഇരട്ടിയായാല്‍ അതു കേരളത്തിന്റ മൊത്തവരുമാനത്തിന്റെ 7589% വരും.

ഒരൊറ്റ വെള്ളപൊക്കം വന്നപ്പോള്‍, കൊവിഡ് ഷോക്ക് വന്നപ്പോള്‍ ജനങ്ങള്‍ അനുഭവിച്ച സാമ്പത്തിക പ്രയാസങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. ശ്രീലങ്ക ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും എഡിബിയില്‍ നിന്നും കടം വാങ്ങി കൂട്ടി വമ്പന്‍ പദ്ധതി നടത്തിയത് കൊണ്ടു രാജപക്ഷെ കുടുംബം ശതകോടീശ്വരന്‍മാരായി. ആ കമ്മീഷന്‍ പൈസ തിരഞ്ഞെടുപ്പില്‍ ചിലവാക്കി കിറ്റും ടാക്‌സ് റിബറ്റും വാഗ്ദാനം നല്‍കി അവര്‍ വിജയിച്ചു.

അവരെ ചോദ്യം ചെയ്തവരെ ദേശദ്രോഹികളും തീവ്രവാദികളുമാക്കി. ഒരു സാമ്പത്തിക പരിചയവും ഇല്ലാത്ത (എനിക്കു വളരെ വര്‍ഷങ്ങളായി അറിയാവുന്ന), കമ്മിഷന്‍ വിദഗ്ദനായ ബേസില്‍ രാജപക്ഷെയെ ധനമന്ത്രിയാക്കിയത് കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ ചുമതലപെടുത്തിയത് പോലെയാണ്.

കേരളത്തിന് ശ്രീലങ്കയില്‍ നിന്നും പഠിക്കാന്‍ ഏറെയുണ്ട്. ചൈനയും ജപ്പാനുമൊക്ക കടം തരുന്നത് കാശ് ആയല്ല. അവരുടെ സാധന സാമഗ്രികള്‍ വിറ്റഴിച്ചു ലാഭം കൊയ്യാനാണ്. അതെല്ലാം തൊഴില്‍ സൃഷ്ടിക്കുന്നത് ചൈനയിലും ജപ്പാനിലുമാണ്. അതാണ് ചൈന ആഫ്രിക്കയില്‍ എല്ലായിടത്തും ചെയ്തത്. ചൈനീസ് സാമഗ്രികള്‍, ചൈനീസ് എന്‍ജിനിയര്‍മാര്‍, ലോക്കല്‍ കൂലി തൊഴിലാളികള്‍ പോലും കുറവ്.

ജപ്പാനും ഫ്രാന്‍സും ഫാന്റം ഐഡിന്റ ആശാന്‍മാരാണ്. കുറഞ്ഞ പൈസക്കും പലിശ ഇല്ലാതെയും എയ്ഡ് വാഗ്ദാനം. പക്ഷേ, എയ്ഡ് അവരുടെ സാധന സാമിഗ്രികള്‍ വില്‍ക്കാനുള്ള മറയാണ്. കേരളത്തില്‍ ജപ്പാന്‍ അവിടെ ഉണ്ടാക്കി കയറ്റി അയക്കുന്ന രോളിംഗ് സ്‌റ്റോക്ക് (ട്രെയിന്‍, പാളം, സാധനസാമഗ്രികള്‍)കൊണ്ടു തൊഴിലും സാമ്പത്തിക മെച്ചവും ഉണ്ടാകുന്നത് ജപ്പാനാണ്. ആ ബിസിനസ് മോഡലിനെ കുറിച്ച് നടത്തിയ ഒരു പഠനത്തിലാണ് (Realtiy of Aid) ഞാന്‍ അതിനെ ഫാന്റം എയ്ഡ് എന്ന് വിശേഷിപ്പിച്ചത്

ശ്രീലങ്കയില്‍ ചൈനീസ് റോഡ് ആന്‍ഡ് ബെല്‍റ്റ് പശ്ചാത്തല സംരംഭത്തെ ചോദ്യം ചെയ്തവരെയെല്ലാം തീവ്രവാദികളും വിവരമില്ലാത്തവരും ദേശദ്രോഹികളുമായി ഭരണാധികാരികള്‍ ചാപ്പകുത്തി.

ഇവിടെ നമ്മുടെ തോമസ് ഐസക്‌ന്റെ അഭിനവ കെനിസിയന്‍ മോഡല്‍ സ്റ്റിമുലസ് വാദം പറയുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സില്‍വര്‍ ലൈന്‍ കേരളത്തിലെ സാമ്പത്തിക വളര്‍ച്ച കൂട്ടുമെന്നാണ്. അതുതന്നെയാണ് പണ്ട് രാജപക്ഷെ ശ്രീലങ്കയിലും പറഞ്ഞത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളം സില്‍വര്‍ ലൈന്‍ കൊണ്ടു ഭയങ്കരമായി വളരും എന്ന് പറയുന്നവരോട് പണ്ട് ജോണ്‍ മെയ്‌നാഡ് കെയ്ന്‍സ് പറഞ്ഞതെ പറയാനുള്ളൂ ' In the long run we are all dead'.

സില്‍വര്‍ ലൈന്‍ എന്തുവില കൊടുത്തും നടത്തുമെന്ന് പിടിവാശി നടത്തിന്നവരും അതു കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനാണ് എന്ന് ഇപ്പോള്‍ പറയുന്നവരില്‍ എത്രപേര്‍ 2040ലും 2050ലും ജീവിച്ചിരിക്കും? അപ്പോഴും കേരളം കടം വീട്ടാന്‍ പലിശ കൊടുത്തുകൊണ്ടേയിരിക്കും.

ശ്രീലങ്കയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

Next Story

RELATED STORIES

Share it