Emedia

'സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ ഒരിക്കലെങ്കിലും ജയിലില്‍ കിടക്കണം'

അന്‍സാര്‍ വരും; ഷിബ് ലിയും ശാദുലിയും സക്കരിയയും...അവര്‍ നമുക്ക് പറഞ്ഞു തരും സ്വാതന്ത്ര്യത്തെക്കുറിച്ചല്ല; നാമൊക്കെ നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച്.

സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ ഒരിക്കലെങ്കിലും ജയിലില്‍ കിടക്കണം
X

റാസിഖ് റഹീമിന്റെ ഫേസ് ബുക്ക് പോസ്റ്റ്...

സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ ഒരിക്കലെങ്കിലും ജയിലില്‍ കിടക്കണം. മതില്‍ക്കെട്ടിനകത്തു നിന്ന് പുറത്തു വന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ അതിലുളളവര്‍ എന്തു മാത്രം കൊതിക്കുന്നുണ്ടെന്നറിയാമോ? തിരിച്ചു പോവേണ്ടി വരുമെന്നറിയാമായിട്ടും ഒരു പരോള്‍ കിട്ടുന്നവന്റെ സന്തേഷം ഒരു Happiness index നും അളക്കാനാവുകയില്ല.

11 വര്‍ഷവും 6 മാസവും നാലോ അഞ്ചോ ദിവസവും ജയിലില്‍ കഴിഞ്ഞതിനു ശേഷം കുറച്ചു ദിവസത്തേക്കാണെങ്കിലും അന്‍സാര്‍ നദ് വി സ്വതന്ത്രനാവുകയാണ്. ഓര്‍ക്കാന്‍ ഒരുപാടുണ്ട് കാര്യങ്ങള്‍.

വിവാഹം കഴിഞ്ഞ് 28ാം ദിവസം, പുതുപ്പെണ്ണിനോട് യാത്ര പറഞ്ഞിറങ്ങി, മടക്കയാത്രക്കുള്ള ടിക്കറ്റുമായി, സുഹൃത്തിന്റെ സഹോദരനെ കാണാനായി ഇന്‍ഡോറിലേക്ക് പോയതായിരുന്നു അന്‍സാര്‍. രാത്രി, ഉറങ്ങിക്കിടക്കുമ്പോള്‍ റൂമില്‍ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ അന്‍സാറിന് 11 വര്‍ഷങ്ങള്‍ക്കു ശേഷം ബാക്കിയുള്ളത് കൈനിറയെ കേസുകളാണ്.

2008 മാര്‍ച്ച് 26നായിരുന്നു ആ അറസ്‌റ് നടന്നത്. മുന്‍പുണ്ടായിരുന്ന പാനായിക്കുളം കേസിനു പുറമേ, പഴയതും പുതിയതുമായ പല കേസുകളിലും പ്രതി ചേര്‍ക്കപ്പെട്ടു. ഹുബ്ലി, വാഗമണ്‍ സംഭവങ്ങളില്‍ അന്‍സാറിന്റെ പേര് ഏച്ചുകെട്ടി. ജയിലിലായിരിക്കെ നടന്ന (2008 ജൂലൈ) അഹമ്മദാബാദിലെ തുടര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി 35 കേസുകളില്‍ പ്രതിയാക്കി.

താമസ സ്ഥലത്തുനിന്നും ഉറക്കച്ചടവോടെ പിടി കൂടിയതിന് കിട്ടിയ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ഭോപാലിലെ അതിസുരക്ഷാ ജയിലിലാണ് അന്‍സാര്‍ ഇപ്പോഴുള്ളത്. ജയിലിലായിരിക്കെ നടന്ന ഗുജറാത്തിലെ സ്‌ഫോടന പരമ്പരയുടെ വിചാരണ ഇനിയും എവിടെയുമെത്തിയിട്ടില്ല.

വര്‍ഷം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. കാത്തിരുന്നവരില്‍ ഉപ്പ (റസാഖ് സാഹിബ്) പോരാട്ട വഴിയില്‍ ഇടറി വീണ് അല്ലാഹുവിലേക്ക് യാത്രയായി. ബാക്കിയുള്ളവരെ കാണാന്‍ അന്‍സാര്‍ എത്തുന്നത് മധുരപ്പൊതിയുമായല്ല; തന്റെ ജീവിത സമ്പാദ്യത്തില്‍ ബാക്കിയായ കേസുകെട്ടുകളുടെ ഭാരവുമായാണ്.

വിലപിടിപ്പുള്ളതാണ് അന്‍സാറിന് കിട്ടിയ 35 ദിവസങ്ങള്‍. 5 ലക്ഷമാണ് കോടതി അതിന് വിലയിട്ടിരിക്കുന്നത്. അതായത്, ഒരു ദിവസത്തിന് 15,000 രൂപ. അപ്പോള്‍ മിനിറ്റിന് തന്നെ വരും ഏതാണ്ട് 10 രൂപയോളം മൂല്യം.

സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ നമ്മള്‍ അന്‍സാര്‍ നദ് വിയോട് ചോദിക്കണം. പതിനൊന്നര വര്‍ഷം. ഇതിനിടയില്‍ 2 വര്‍ഷം മാത്രമാണ് മതില്‍ക്കെട്ടിന് പുറത്തെ ലോകം കാണാനായത്. അതും കേരളത്തിലായിരിക്കെ, പാനായിക്കുളം കേസിന്റെ വിചാരണ വേളയില്‍. ബാക്കി കോടതികളെല്ലാം ഒന്നുകില്‍ ജയിലിനുള്ളില്‍; അല്ലെങ്കില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി. ഇതിനിടയില്‍ 2 കേസുകള്‍ വെറുതെ വിട്ടു ഹുബ്ലിയും പാനായിക്കുളവും. രണ്ടു കേസുകളിലും കോടതി പറഞ്ഞത് കേസ് കെട്ടിച്ചമച്ചതാണെന്ന്.

ഇതുംകൂടി പറയാതെ കുറിപ്പ് അവസാനിപ്പിക്കാന്‍ വയ്യ. ഈ 2 വര്‍ഷം, ദിനപത്രങ്ങള്‍ കണ്ടിട്ടേയില്ല. മനുഷ്യരെ കാണുന്നത് അപൂര്‍വവും. സൂര്യപ്രകാശം കാണാനായി അനുവദിച്ചിരിക്കുന്നത് ദിനേന ഒരു മണിക്കൂര്‍.

അന്‍സാര്‍ വരും; ഷിബ് ലിയും ശാദുലിയും സക്കരിയയും...അവര്‍ നമുക്ക് പറഞ്ഞു തരും സ്വാതന്ത്ര്യത്തെക്കുറിച്ചല്ല; നാമൊക്കെ നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച്.





Next Story

RELATED STORIES

Share it