Emedia

അമേരിക്ക, സിപിഎം, വിക്കിലീക്‌സ്: കേരളത്തിന്റെ വികസനപ്രശ്‌നങ്ങള്‍

അമേരിക്ക, സിപിഎം, വിക്കിലീക്‌സ്: കേരളത്തിന്റെ വികസനപ്രശ്‌നങ്ങള്‍
X

ആസാദ്

കോഴിക്കോട്: സിപിഎമ്മിന്റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത് വിക്കിലീക്‌സ് രേഖകളാണ്. സിപിഎം യുഎസ് പ്രതിനിധികളുമായി വികസനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നതാണ് പുറത്തുവിട്ട രേഖകളില്‍നിന്ന് മനസ്സിലായത്. പില്‍ക്കാല സിപിഎമ്മിനെ വഴിനടത്തുന്നതില്‍ ഈ ചര്‍ച്ച വലിയ പങ്കുവഹിച്ചു. അതേ കുറിച്ചാണ് ആസാദ് എഴുതുന്നത്.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം


വിക്കിലീക്‌സ് നേരത്തേ പുറത്തുവിട്ട രേഖകളില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി കേരള സി പി എം നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ വിവരം കണ്ടതാണ്. 2008 ആഗസ്ത് 11, 12 തീയതികളിലായിരുന്നു ഒരു കൂടിക്കാഴ്ച്ച. അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും എം എ ബേബി, തോമസ് ഐസക് എന്നീ നേതാക്കളുമായും യു എസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കൈരളി ചാനല്‍ ഡയറക്ടറായ ജോണ്‍ബ്രിട്ടാസിനെയും അവര്‍ കണ്ടു. കേരളത്തിന്റെ വികസനത്തിനു തടസ്സം വി എസ് അച്യുതാനന്ദനാണെന്നു ബ്രിട്ടാസ് ധരിപ്പിച്ചുവെന്നാണ് രേഖകള്‍ പറയുന്നത്.

കേരള സി പി എമ്മില്‍ വിഭാഗീയത കത്തി നില്‍ക്കുന്ന കാലമാണത്. പാര്‍ട്ടി നേതൃത്വവും ഭരണ നേതൃത്വവും രണ്ടു തട്ടില്‍. അമേരിക്കന്‍ മോഡലിനോട് ഒരു കാലത്തും അടുപ്പം കാണിച്ചിട്ടില്ല വിഎസ്. ആ തടസ്സം നീക്കണമായിരുന്നു പിണറായി വിഭാഗത്തിന്. തൊണ്ണൂറ്റാറിലെ ഭരണകാലത്ത് ആരംഭിച്ച അമേരിക്കന്‍ ബന്ധങ്ങള്‍ പൂവണിയാന്‍ പിണറായി അധികാരത്തില്‍ എത്തിയാലേ സാദ്ധ്യമാവൂ എന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു ബോദ്ധ്യമായിരിക്കണം.

അമേരിക്കന്‍ കോണ്‍സുലേറ്റ് വിഎസ്സുമായും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ചയാണ് 2008 സെപ്തംബര്‍ 5നു നടന്നത്. ആന്‍ഡ്രൂ സിമ്രനാണ് യു എസ് പ്രതിനിധികളെ നയിച്ചത്. വിദേശ നിക്ഷേപം സംബന്ധിച്ച പാര്‍ട്ടി നിലപാടു വിശദീകരിക്കുകയാണ് വി എസ് ചെയ്തത്.

വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്നപ്പോള്‍ സി പി എം നേതൃത്വവും ബ്രിട്ടാസുമൊക്കെ യു എസ് പ്രതിനിധികളെ കണ്ട വിവരവും പുറത്തു വന്നു. അതു പാര്‍ട്ടിയ്ക്കകത്തും പുറത്തും ചര്‍ച്ചയായപ്പോള്‍ വിഎസ്സും അവരെ കണ്ടു എന്ന് കൈരളി വാര്‍ത്ത നല്‍കി. കോണ്‍സുലേറ്റ് പ്രതിനിധികളുമായുള്ള ഔദ്യോഗിക ചര്‍ച്ചയാണ് വി എസ് നടത്തിയത്. എന്നാല്‍ പിണറായിയും ഐസക്കും ബേബിയും ബ്രിട്ടാസും ഒരു പദ്ധതി രൂപപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തം.

അമേരിക്കന്‍ മേധാവിത്തമുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങളും വികസന പദ്ധതികളും പിന്തുടരാന്‍ തൊണ്ണൂറുകളുടെ മദ്ധ്യകാലം മുതല്‍ ഐസക്കും സംഘവും പാര്‍ട്ടിയില്‍ കനത്ത സമ്മര്‍ദ്ദമാണ് ചെലുത്തിപ്പോന്നത്. പങ്കാളിത്ത ആസൂത്രണത്തിന്റെ സൈദ്ധാന്തിക അടിത്തറതന്നെ അമേരിക്കന്‍ സംഭാവനയാണ്. മാനായി വരുന്നു മാരീചനെന്ന് വി എസ് വിളിച്ചു പറഞ്ഞത് ആ അധിനിവേശത്തെയാണ്.

രഹസ്യമായി കയറിപ്പറ്റിയ അമേരിക്കന്‍ ചാരതാല്‍പ്പര്യങ്ങള്‍ പരസ്യമായ രാഷ്ട്രീയ പ്രയോഗമായി വികസിക്കുന്നതും അതിന് ലജ്ജാലേശമില്ലാതെ ന്യായീകരണങ്ങള്‍ ചമയ്ക്കുന്നതും ഇപ്പോള്‍ നാം കാണുന്നു. അമേരിക്കന്‍ നിയന്ത്രിത സാമ്പത്തികാസൂത്രണങ്ങളില്‍ വംശീയ/ വര്‍ഗീയ സംഘര്‍ഷങ്ങളെന്ന പുകമറ സൃഷ്ടിക്കല്‍ എപ്പോഴും എവിടെയുമുള്ളതാണ്. അത് സമീപകാല സി പി എം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാം. പുതിയ ഹിന്ദുത്വ ക്രിസ്തീയ പ്രണയങ്ങളുടെ രാഷ്ട്രീയ അകവും ഇതു തന്നെയാണ്.

ലോകത്തില്‍ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയും ഇങ്ങനെ സാമ്രാജ്യത്വ അടിമകളായി മാറിയിട്ടില്ല. അവരുടെ കനിവിരന്ന് കാല്‍ക്കല്‍ വീഴാന്‍ പോയിട്ടില്ല. കെണികളെ കണ്ടറിഞ്ഞു തട്ടിമാറ്റി സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയവും വികസനനിലപാടുകളും ആസൂത്രണം ചെയ്യാനാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ശ്രമിച്ചു പോന്നിട്ടുള്ളത്. സോവിയറ്റ് യൂണിയനും ചില സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തകര്‍ന്നപ്പോഴും സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യം നില നില്‍ക്കുന്നുവെന്നും സോഷ്യലിസം അജയ്യമാണെന്നും പ്രഖ്യാപിച്ച പാര്‍ട്ടിയാണ് സി പി ഐ എം. ആ നിലപാട് ഏതെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് തിരുത്തിയതായി അറിയില്ല. എങ്കിലും പാര്‍ട്ടിയുടെ കേരളഘടകം അമേരിക്കന്‍ ശീതളച്ഛായയിലാണ്.

ഈ മാറ്റമാണ് വരേണ്യ കൃസ്തീയ സഭകളെ സി പി എമ്മിനോട് അടുപ്പിക്കുന്നത്. ഇസ്ലാമോഫോബിയ വളര്‍ത്തുവിധം ഇടപെടാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്. ജനവിരുദ്ധ താല്‍പ്പര്യങ്ങളുടെ അവിശുദ്ധ സഖ്യം കേരളത്തില്‍ പിടി മുറുക്കുകയാണ്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളൊക്കെ അര്‍ത്ഥമില്ലാത്ത വെറും വായ്ത്താരികളായി മാറിയിരിക്കുന്നു. ഉറക്കം നടിക്കാത്തവര്‍ക്കു നേരു കാണാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല.

Next Story

RELATED STORIES

Share it