Emedia

അജണ്ട മാറ്റാം, പക്ഷെ നമുക്ക് അബ്ദുല്ലക്കുട്ടിമാരായിക്കൂടല്ലോ!

അജണ്ട മാറ്റാം, പക്ഷെ നമുക്ക് അബ്ദുല്ലക്കുട്ടിമാരായിക്കൂടല്ലോ!
X

ഡോ. എ. ഐ. വിലായത്തുല്ല


''ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ട മാറ്റാന്‍ നേരമായി'' എന്ന തലക്കെട്ടില്‍ ബഹുമാന്യ സുഹൃത്തും കേരള സലഫി സമൂഹത്തിന്റെ നേതാവുമായ പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂരിന്റെ ഒരു കുറിപ്പ് വായിക്കാനിടയായി. മടവൂരിന്റെ തലക്കെട്ടിനോട് യോജിക്കുന്നു, എന്നാല്‍ അദ്ദേഹം ചൂണ്ടിക്കാണിച്ച വഴിക്കല്ലന്ന് മാത്രം! നിയമപരവും രാഷ്ട്രീയപരവും ജനാധിപത്യപരവുമായ സകല വഴികളും ബാബരി മസ്ജിദിന്റെ വീണ്ടെടുപ്പിനായി മുസ്‌ലിം സമുദായം ഒറ്റക്കെട്ടായും ഇതര മതേതര സമൂഹങ്ങളുമായി കൈകൊര്‍ത്തും തേടുകയുണ്ടായി. പരമോന്നത കോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്ന് പറയുകയും ചെയ്തു. ഒടുക്കം വിധി പ്രതികൂലമായി വന്നിരിക്കയാല്‍ ബാബരി മണ്ണ് ക്ഷേത്ര നിര്‍മ്മാണക്കാര്‍ക്ക് വിട്ടുകൊടുക്കുക. ഗള്‍ഫില്‍ വികസന ആവശ്യങ്ങള്‍ക്കായി പള്ളി പൊളിച്ച് സ്ഥാനം മാറ്റി പണിയാറുണ്ട്. അതുപോലെ കരുതി, ഇപ്പൊ കൈവന്നിരിക്കുന്ന അഞ്ച് ഏക്കറില്‍ പള്ളി പണിയുക, അതില്‍ തെറ്റൊന്നുമില്ല. എന്നിട്ട് ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അനുഭവിക്കുന്ന രാജ്യത്തെ സാമാന്യ മുസ്‌ലിം ബഹുജനങ്ങളുടെ പ്രശ്‌നപരിഹാരം അജണ്ടയായി സ്വീകരിക്കുക. ഇതാണ് മടവൂരിന്റെ കുറിപ്പിന്റെ രത്‌നച്ചുരുക്കം.

മടവൂരിന്റെ അഭിപ്രായം, അദ്ദേഹത്തോടുള്ള എല്ലാവിധ ആദരവുമിരിക്കെത്തന്നെ, ഒന്ന് പരിശോധിക്കുകയാണിവിടെ. ഒന്നാമതായി, ബാബരി മസ്ജിദ് ഭൂമിയില്‍ അവകാശം ഉന്നയിച്ചു വന്നത് ഒരു രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ്, വിശ്വാസപരമായ അടിത്തറകളോ തെളിവോ മാനദണ്ഡമാക്കിയായിരുന്നില്ല. ഇന്ത്യയില്‍ അധികാരം പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ പദ്ധതി നടപ്പിലാക്കല്‍ ആയിരുന്നു അത്.

അവര്‍ അധികാരം നേടുകയും ചെയ്തു. ഇപ്പോള്‍ അധികാരം നിലനിറുത്താനുള്ള വഴിയെന്ന നിലക്കാണ് ബാബരി മണ്ണില്‍ ക്ഷേത്രം പണി ആഘോഷമാക്കുന്നത്. ബാബരി മസ്ജിദിനു വേണ്ടിയുള്ള പോരാട്ടം ഇപ്പോള്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, പൗരത്വത്തിനും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും ഈ രാജ്യത്തെ മാന്യമായി ജീവിക്കാന്‍ വേണ്ടി പോലുമുള്ള പോരാട്ടമാവേണ്ട വിധം സംഘപരിവാര ഭീഷണിയും പദ്ധതികളും വളര്‍ന്നിരിക്കുന്നു. മുസ്‌ലിംകള്‍ ജനാധിപത്യപരമായും രാഷ്ട്രീയപരമായും നിയമപരമായും പോരാടിയതും പരമോന്നത കോടതിയുടെ വിധി അംഗീകരിക്കും എന്ന് പറഞ്ഞതും ഭരണഘടനയും നിയമവാഴ്ചയും ജനാധിപത്യവും നിലനിന്നിരുന്ന ഒരു ഇന്ത്യയില്‍ നിന്നുകൊണ്ടായിരുന്നു. എന്നാല്‍ ഈ വക മുഴുവന്‍ അടിത്തറകളേയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ബാബരി ഭൂമി വിഷയത്തില്‍ വിധിവന്നതും തുടര്‍നടപടികള്‍ മുന്നോട്ട് പോകുന്നതും.

ഇവിടെ നിയമ വാഴ്ചയോ ജനാധിപത്യമോ ഭരണഘടനയോ ഒന്നുമല്ല ഇപ്പോള്‍ ഒന്നിനും അടിസ്ഥാനം. സംഘപരിവാരത്തിന്റെ കുഴലൂത്തുകാരായാണ് ഒട്ടു മിക്ക ഭരണഘടനാ നിയമ നീതിന്യായ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നവരും ഉള്ളത്. രാജ്യത്തെ ദളിതരും മുസ്‌ലിംകളും ഉള്‍പ്പടെ വലിയൊരു സമൂഹം അരക്ഷിതാവസ്ഥയിലാണ്. മാത്രവുമല്ല, ഭരണം കയ്യാളുന്നവര്‍ ഒന്നാംതരം കൊള്ളക്കാരും കള്ളന് കഞ്ഞി വെച്ചുകൊടുക്കുന്നവരും കൂടിയാണ്. നിത്യജീവിതം സാധ്യമല്ലാതായി ജനങ്ങള്‍ പൊറുതിമുട്ടുന്ന അവസ്ഥയിലെത്തിയിട്ടു പോലും ഒരു കൂസലും ലജ്ജയുമില്ലാതെ രാമക്ഷേത്രത്തിന്റെ കുഴലൂത്തുമായി ഇറങ്ങിയിരിക്കുകയാണ് ഈ രാജ്യദ്രോഹികള്‍. ഇവിടെ ബഹു ഭൂരിപക്ഷം ജനങ്ങളും ഒരു വഴിയും കാണാതെ നട്ടം തിരിയുകയാണ്.

മര്‍ദ്ദകരായ ഈ ഫാഷിസ്റ്റുകളുടെ ഭരണം ഈ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ കുളം തോണ്ടിക്കൊണ്ടിരിക്കുകയാണ്. വിദൂരതയില്‍ പോലും പ്രതീക്ഷയുടെ ഒരു പ്രകാശ കിരണം കാണാതെ നട്ടം തിരിയുന്നത് കൂടുതലും ഭ്രാഹ്മണയിതര ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ് താനും. ഈ ഒരു ഘട്ടത്തില്‍ മറ്റൊരു മൂലയില്‍ പള്ളി മാറ്റി പണിയാം സമുദായത്തിന്റെ ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അജണ്ടയായി സ്വീകരിക്കാം എന്ന് പറയുന്നതില്‍ കഴമ്പുണ്ടോ? ഒന്നാമതായി, അന്യായമായ വാദങ്ങളുന്നയിച്ച് അക്രമപരമായി കൊട്ടും കൊരവയുമായി വന്നു കയ്യേറുകയും തല്ലിത്തകര്‍ക്കുകയും ചെയ്ത മസ്ജിദിനെ അല്പമെങ്കിലും അഭിമാനബോധമുള്ള ഒരാള്‍ക്കോ ഒരു സമൂഹത്തിനോ വികസന ആവശ്യത്തിനായി പള്ളി മാറ്റിപ്പണിയുന്നതിനോട് തുലനം ചെയ്യാന്‍ കഴിയുമോ, അത് രാഷ്ട്രംവിഴുങ്ങി ചതിയജണ്ടകളുമായി വരുന്നവരുമാകുമ്പോള്‍ വിശേഷിച്ചും? അഭിമാനബോധവും ആര്‍ജ്ജവവും ആത്മവീര്യവുമുള്ള ആര്‍ക്കെങ്കിലും സാധിക്കുന്ന കാര്യമാണോ അത്?

ധീരമായി പൊരുതി തോല്‍ക്കാം, പക്ഷെ ചെരുപ്പ് നക്കികൊള്ളാം എന്ന് പറയാവോ? അക്രമികളോടാണോ വിട്ടുവീഴ്ച, അതോ തെറ്റ് തിരുത്തുന്നവരോടോ? രാജ്യത്തെ സംഘപരിവാര ഫാഷിസ്റ്റുകള്‍ നയിക്കുന്നത് ഏത് ദിശയിലേക്കാണ് എന്ന് ഇതിനകം വേണ്ടവര്‍ക്കൊക്കെ മനസ്സിലായിക്കഴിഞ്ഞതാണ്. മുസ്‌ലിംകളും ദളിതരും കീഴ്ജാതിക്കാരും ഒരു നിലക്കുമുള്ള ഉയര്‍ച്ചയും വളര്‍ച്ചയും നേടാന്‍ സമ്മതിക്കാത്തവിധം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഉന്മൂലനമാണ് (targeted annihilation) അവരിപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ സ്വത്വം തകര്‍ക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ കൂടി നടപ്പിലാക്കുവാനുള്ള ഒരുക്കവുമായി അവരെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തില്‍ ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അജണ്ടയായിക്കണ്ടാല്‍, അടുത്ത വംശീയ ഉന്മൂലന കൂട്ടക്കുരുതി വരെ മാത്രമായിരിക്കും അത്തരം പ്രയത്‌നങ്ങളുടെ രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള ആയുസ്സ്. ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അഡ്രസ് ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ സ്വന്തം സ്വത്വവും സ്വത്തും അഭിമാനബോധവും കാക്കാന്‍ വേണ്ടിയുള്ള പോരാട്ടവീര്യം ഊതിക്കെടുത്തിക്കൊണ്ടാണ് അത് ചെയ്യുന്നതെങ്കില്‍. അത്‌കൊണ്ട് ഒരു ഗുണവുമില്ല. അടുത്ത ഉന്മൂലനപ്പെരുമഴയില്‍ അതൊക്കെയും ഒലിച്ചു പോകും, തീര്‍ച്ച. ഇനിയും ഒരു ചുവടു കൂടി പുറകോട്ടു വെക്കുകയാണോ വേണ്ടത്? അതോ, ശ്വാസം മുട്ടിക്കഴിയുന്ന ഈ രാജ്യത്തെ ജനങ്ങളുടെ വിമോചനത്തിനുവേണ്ടി പോരാടാന്‍ ഒരുങ്ങുകയാണോ വേണ്ടത്?

ബ്രിട്ടിഷ് കോളണി വാഴ്ച്ചക്കാരില്‍നിന്ന് ഈ രാജ്യത്തെ മോചിപ്പിക്കാന്‍ രക്തവും ജീവനും കൊടുത്ത് രംഗത്തുവന്ന സമുദായത്തിന് സംഘപരിവാരത്തിന്റെ കരാള ഹസ്തത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാന്‍ സാധിക്കും. അതിനുള്ള എല്ലാ സാധ്യതകളും കഴിവും യോഗ്യതയും നേടാന്‍, ഈ രാജ്യത്തിന്റെ മോചനത്തിന്റെ വഴിയൊരുക്കാന്‍, ഒരു സമുദായമെന്ന നിലക്ക് സാധിക്കുക അവര്‍ക്ക് തന്നെയായിരിക്കും. അത്തരമൊരു ദൗത്യവുമായി രംഗത്തു വരാന്‍ ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും രാജ്യത്ത് മുതിരുകയില്ല. അവര്‍ക്കൊന്നും അത് സാധിക്കുകയുമില്ല. അതിനുള്ള അര്‍പ്പണബോധവും ത്യാഗസന്നദ്ധതയും കാണിക്കുവാന്‍ മുസ്ലിം സമുദായത്തിനാണ് സാധിക്കുക. ഇത് പക്ഷെ, മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമായുള്ള ഒരു മുന്നേറ്റമായിരിക്കില്ല, കോളണിവാഴ്ച്ചക്കാലത്തും മുസ്ലിംകള്‍ മുന്നേറ്റം നടത്തിയത് ആ വിധമായിരുന്നില്ല. കൂടെകൂട്ടാന്‍ സാധിക്കുന്ന എല്ലാവവരേയും കൂടെ കൂട്ടിക്കൊണ്ട്, ലക്ഷ്യ ബോധത്തോടെയുള്ള മുന്നേറ്റം നടത്തല്‍ ആവശ്യമാണ്.

സംഘപരിവാരം കയ്യടക്കുന്നതിനുമുമ്പ് രാജ്യത്ത് നിലനിന്നിരുന്ന മൃദു ഹിന്ദുത്വത്തിന്റേയോ ഒളിഞ്ഞുകിടക്കുന്ന ഹിന്ദുത്വത്തിന്റേയോ ആയ കോണ്ഗ്രസ് ജനാധിപത്യമല്ല, നീതിയിലധിഷ്ടിതമായ, തുല്യതയ്ക്കായുള്ള, ധാര്‍മ്മിക മൂല്യങ്ങള്‍ വിലമതിക്കപ്പെടുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ ക്രമമാണ് ഇന്ത്യയില്‍ നിലവില്‍ വരേണ്ടത്. എല്ലാ ജാതി മത വിഭാഗങ്ങള്‍ക്കും തുല്യമായവകാശപ്പെട്ട ഈ രാജ്യം എല്ലാവരുടേതുമായി വീണ്ടെടുക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദൈവികമായി ചുമതലപ്പെടുത്തപ്പെട്ട ഒരു ദൗത്യം കൂടിയാണ്. രാജ്യത്തിന്റെ തെരുവുകളിലും റെയില്‍പാളങ്ങളിലും ഉയര്‍ന്നു കേട്ട രോദനം ഇനിയും നമ്മെയൊന്നും ആലോസരപ്പെടുത്താതിരുന്നു കൂടാ... വര്‍ഗ്ഗീയ കലാപങ്ങള്‍ എന്ന് പേരിട്ടു വിളിക്കുന്ന വംശീയ ഉന്മൂലനം ഈ രാജ്യത്ത് അവസാനിപ്പിക്കേണ്ടതുണ്ട്. അക്രമികളുടെ കൈക്ക് കേറിപ്പിടിച്ചു മാത്രമേ അക്രമം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. രാമജന്മഭൂമി എന്ന കള്ളക്കഥ പറഞ്ഞു കൊണ്ട് ബാബരി മസ്ജിദിന്റെ മണ്ണ് കയ്യേറിയാണ് അക്രമികള്‍ ഈ മുന്നേറ്റം നടത്തിയിട്ടുള്ളത്. ബാബരി ധ്വംസനമായിരുന്നു അവരുടെ ഏണി. ആ ഏണി തന്നെ തകര്‍ത്തെറി ഞ്ഞുകൊണ്ട് വേണം സംഘപരിവാര ഫാഷിസത്തെ ഈ മണ്ണില്‍ നിന്ന് പിഴുതെറിയാന്‍. ചരിത്രപരമായ ഒരു ദൗത്യമാണിത്.

ഇതേറ്റെടുത്തു നിര്‍വ്വഹിക്കലായിരിക്കണം ഇനിയങ്ങോട്ട് ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ട. അത് നിര്‍വ്വഹിക്കാന്‍ മുന്നണിയില്‍ വരാതെ എത്രകണ്ട് മടിച്ചു നില്‍ക്കുന്നുവോ അത്രകണ്ട് ഫാഷിസം വാ പിളര്‍ത്തിക്കൊണ്ട് അവരെ വിഴുങ്ങാന്‍ മുന്നിട്ടു വന്നുകൊണ്ടിരിക്കും. സംഘപരിവാര ഫാഷിസത്തില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും ന്യായവും ഫലപ്രദവുമായ നിമിത്തമാണ് ബാബരി മസ്ജിദ്.

അജണ്ട മാറ്റുക തന്നെ വേണം, സംശയമൊന്നുമില്ല. മുസ്‌ലിം സമുദായത്തിന്റെ മാത്രം കാര്യം ആലോചിക്കുന്ന പഴയ ന്യുനപക്ഷ അജണ്ട വലിച്ചെറിഞ്ഞുകൊണ്ട്, ഈ രാജ്യത്തെ അവിടത്തെ പൗരന്മാര്‍ ഫാഷിസ്റ്റു കൊള്ളക്കാരില്‍ നിന്ന് വീണ്ടെടുക്കുക എന്ന അജണ്ടയായിരിക്കണം ഇനിയങ്ങോട്ട് നമുക്കുണ്ടാവേണ്ടത്. രാജ്യത്തിന്റെ വീണ്ടെടുപ്പ് ബാബരി മസ്ജിദിന്റെ വീണ്ടെടുപ്പിലൂടെയാണ്. ബാബരി മസ്ജീദിന്റെ വീണ്ടെടുപ്പ് രാജ്യത്തിന്റെ വീണ്ടെടുപ്പിലൂടെയുമാണ്. കാഴ്ചക്കാരായി ഗാലറിയിലിരിക്കുന്നത് അവസാനിപ്പിച്ച് കളിക്കളത്തില്‍ത്തന്നെ ഇറങ്ങിക്കളിക്കേണ്ട സമയമാണ് വന്നിരിക്കുന്നത്. ഈ സമുദായത്തില്‍ രാജ്യത്തിന് വലിയ പ്രതീക്ഷയുണ്ട്. ഭീതിയോടെയുള്ള പുറകോട്ടുള്ള ചുവടുവെപ്പ് പിശാചിന്റെ ഇടപെടലാണന്ന കാര്യം മറക്കാതിരിക്കുക. അജണ്ട മാറ്റാം, പക്ഷെ നമുക്ക് അബ്ദുല്ലക്കുട്ടിമാരായിക്കൂടല്ലോ.




Next Story

RELATED STORIES

Share it