Emedia

എന്താണീ വിവാദ 118 എ ഭേദഗതി...; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

പൗരാവകാശ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ എതിര്‍ത്ത വിവാദ ഭേദഗതിയെ കുറിച്ച് ഹൈക്കോടതിയിലെ യുവ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു.

എന്താണീ വിവാദ 118 എ ഭേദഗതി...; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു
X

എന്താണീ വിവാദ 118 എ ഭേദഗതി...; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

കോഴിക്കോട്: പോലിസിന്റെ അമിതാധികാര പ്രയോഗത്തിനു കാരണമാക്കുമെന്ന് മുന്നണിയിലെ പ്രമുഖ ഘടകക്ഷി തന്നെ തെളിവുകള്‍ നിരത്തി വ്യക്തമാക്കിയിട്ടും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള പോലിസ് ആക്റ്റിലെ 118 എ വകുപ്പ് ഭേദഗതി ചെയ്തു. പൗരാവകാശ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ എതിര്‍ത്ത വിവാദ ഭേദഗതിയെ കുറിച്ച് ഹൈക്കോടതിയിലെ യുവ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ്

അ എന്ന ഒരാള്‍ക്കെതിരേ വ്യാജമെന്നു അറിഞ്ഞുകൊണ്ട് ആ എന്തെങ്കിലും ഇ എന്ന ആളോട് ഉ എന്ന ആളുടെ സാന്നിധ്യത്തില്‍ ഒരു ചായക്കടയില്‍ ഇരുന്നു വല്ലതും പറഞ്ഞാല്‍, അത് അ യ്ക്ക് മാനഹാനി ഉണ്ടാക്കിയില്ലെങ്കിലും, അ യ്ക്ക് പരാതി ഇല്ലെങ്കിലും, ഇ യ്‌ക്കോ, കേട്ടു നില്‍ക്കുന്ന ഉ യ്‌ക്കോ അതുമല്ലെങ്കില്‍ അ യോട് സ്‌നേഹമുള്ള മറ്റാര്‍ക്കെങ്കിലുമോ മാനഹാനി ഉണ്ടാക്കിയാല്‍ 3 വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണ്. ആരും പരാതിപ്പെട്ടില്ലെങ്കിലും കേസെടുക്കാം. സത്യം അറിയാതെയാണ് ആ എന്നയാള്‍ അ യെപ്പറ്റി ഇ യോട് പറഞ്ഞതെങ്കിലോ? സത്യമെന്ന ഉത്തമവിശ്വാസത്തില്‍ ആണെങ്കിലോ? അപ്പോഴും കേസെടുക്കാം. വ്യാജമാണെന്ന് അറിഞ്ഞാണോ അല്ലയോ എന്ന വസ്തുത ഒക്കെ കോടതിയില്‍ പോലിസ് തെളിയിക്കുംവരെ ആ കേസുമായി നടക്കണം.

ഇതിലെവിടെയാണ് സൈബര്‍ സ്പേസ്?? ഇതിലെവിടെയാണ് സ്ത്രീ സുരക്ഷ?

119(2) വകുപ്പ് പ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ നഗ്‌നഫോട്ടോ എടുത്ത് പ്രചരിപ്പിച്ചാല്‍ ഉള്ള കുറ്റം ഇപ്പോഴും 126 ആം വകുപ്പില്‍ പിഴയടച്ചു പരാതിക്കാരിയുടെ സമ്മതമില്ലാതെ ഒത്തു തീര്‍ക്കാവുന്ന കോംപൗണ്ടബിള്‍ ഓഫന്‍സ് ആണ്. സ്ത്രീകളോട് കരുതലുള്ള പോലിസ് അത് ഈ ഭേദഗതിയില്‍ മാറ്റിയിട്ടുമില്ല. അപ്പോള്‍ ഉദ്ദേശം??

അപകീര്‍ത്തി എന്ന ഐപിസിയിലെ 499ാം വകുപ്പ് നോണ്‍-കോഗ്‌നിസബിള്‍ ആണ്. അപകീര്‍ത്തി ഉണ്ടായ ആള്‍ ചെന്നു പരാതി കൊടുക്കണം. അപ്പോഴും പറഞ്ഞത് സത്യമാണെന്ന ഉത്തമവിശ്വാസത്തില്‍ പറഞ്ഞാല്‍ മാനനഷ്ടത്തിന്റെ ക്രിമിനല്‍ കേസ് വരില്ല. നഷ്ടപരിഹാരം കൊടുക്കേണ്ടി വരും എന്നേയുള്ളൂ. ഇവിടെ കോഗ്‌നിസബിള്‍ ആണ്. ആള്‍ക്ക് പരാതി ഇല്ലെങ്കിലും കേസെടുക്കാം. മാനനഷ്ടം ഉണ്ടാക്കണമെന്ന മനഃപൂര്‍വ്വമായ ഉദ്ദേശം ഉണ്ടാവണമെന്ന് പോലും നിര്‍ബന്ധമില്ല എന്നാണ് പുതിയ ഓര്‍ഡിനന്‍സ് പറയുന്നത്. ഐപിസി 499 രണ്ടുവര്‍ഷം ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കില്‍ ഇത് 3 വര്‍ഷമാണ്.

നിയമനിര്‍മ്മാണത്തിലെ ഓരോ വാക്കിനും വലിയ വിലയുണ്ട്. Jurisprudence, അതൊരു ശാസ്ത്രശാഖ തന്നെയാണ്. 'നിര്‍മ്മിക്കുകയോ, പ്രകടിപ്പിക്കുകയോ, പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ' എന്ന വാക്കിനു പകരം 'നിര്‍മ്മിക്കുകയും, പ്രകടിപ്പിക്കുകയും, പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും' എന്നായിരുന്നെങ്കില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുന്ന, പ്രചരിപ്പിക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ് എന്നു പറയാമായിരുന്നു. ഇത്, നിര്‍മ്മിച്ചയാള്‍ പ്രകടിപ്പിക്കണമെന്നു പോലും നിര്‍ബന്ധമില്ല.

ഒരുലക്ഷം ആളുകളെ ഭീഷണിപ്പെടുത്തുന്ന ഒരു വ്യാജ വാര്‍ത്ത കോടിക്കണക്കിനു മനുഷ്യരിലേക്ക് അച്ചടിച്ചു പ്രചരിപ്പിക്കുന്നതും, ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന സത്യം മറ്റൊരാളോട് പറയുന്നതും ഒരേ ഗൗരവത്തിലുള്ള കുറ്റമാണ് എന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത് ! ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടം വരണമെങ്കില്‍ 'കരുതിക്കൂട്ടി' ചെയ്യണം. 'mens rea' നിര്‍ബന്ധമാണ്. ഈ ഓര്‍ഡിനന്‍സില്‍ 'കരുതിക്കൂട്ടി' എന്ന വാക്ക് ഇല്ല. 'ദുരുദ്ദേശത്തോടെ' എന്ന വാക്കുമില്ല. കുറ്റം ചെയ്യാനുള്ള ഉദ്ദേശമില്ലെങ്കിലും ശിക്ഷ ഉറപ്പ്.

ഒരു മന്ത്രി അഴിമതി നടത്തിയെന്ന് തെളിവുകള്‍ സഹിതം ഒരാള്‍ പറയുന്നു. സത്യമാണോ അല്ലയോ എന്ന് വിചാരണ നടത്തി തെളിയിക്കേണ്ട വിഷയമാണ്. അയാള്‍ കോടതിയില്‍ പോകുന്നു. അത് മാനഹാനി ഉണ്ടാക്കിയെന്നു മന്ത്രിക്ക് പരാതിയില്ല. അന്വേഷണം നടക്കട്ടെ എന്നാണ് മന്ത്രിയുടെ പ്രതികരണം. വേണ്ടത്ര തെളിവ് ഇല്ലെന്നതോ മറ്റെന്തെങ്കിലുമോ കാരണത്താല്‍ പിന്നീട് കേസ് തള്ളിയെന്നിരിക്കട്ടെ. (ഉദാ: ബാര്‍ കോഴ കേസ്). മന്ത്രിക്ക് താല്‍പ്പര്യമുള്ള ആരുടെയെങ്കിലും 'മനസ്സിന് ഹാനി' ഉണ്ടാക്കുന്നതാണെന്ന് ഒരു അണിയുടെ പരാതി വന്നാല്‍ പോലിസിന് ഇനി കേസെടുക്കാം. ??

മാനനഷ്ട വകുപ്പ് ഐപിസിയില്‍ നിന്ന് ഒഴിവാക്കണമെന്ന നയമുള്ള സിപിഐഎം ആണീ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഒരു ചര്‍ച്ചയും കൂടാതെ. നിയമഭേദഗതിക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ എന്നോട് ഡിജിപി രേഖാമൂലം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ ഓര്‍ഡിനന്‍സ് വന്നുകഴിഞ്ഞു. അധികാര ദുര്‍വിനിയോഗത്തില്‍പെടാത്ത നിയമം ഈ മേഖലയില്‍ സാധ്യമാണ് എന്നിരിക്കെ അതിനു കാക്കാതെ 6 മാസത്തേക്ക് മാത്രമുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ ദുരുദ്ദേശം വ്യക്തമാണ്.

#എന്തൊരു കരുതലാണീ മനുഷ്യന്‍

#BlackLaw

#Repeal118A

#PinarayiVijayan


118A - ഇതാണാ ഭേദഗതി. A എന്ന ഒരാൾക്കെതിരെ വ്യാജമെന്നു അറിഞ്ഞുകൊണ്ട് B എന്തെങ്കിലും C എന്ന ആളോട് D എന്ന ആളുടെ...

Posted by Harish Vasudevan Sreedevi on Sunday, 22 November 2020


Next Story

RELATED STORIES

Share it