- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ആഴക്കടല്‍ മല്‍സ്യബന്ധനം എവിടെ എങ്ങനെ നടത്തും? കേരള സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ ചതിക്കുഴികളെക്കുറിച്ച് ജോസഫ് വിജയന്‍ എഴുതുന്നു
കേരളതീരത്തെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി, ഇന്‍ലാന്‍ഡ് നാവേഗേഷന്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാറിന്റെ ചതിക്കുഴികളെക്കുറിച്ചും അത് കേരളത്തിലെ മല്‍സ്യത്തൊഴിലാളികളേയും മല്‍സ്യസമ്പത്തിനേയും എങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്നതിനെക്കുറിച്ചും സാമൂഹിക പ്രവര്‍ത്തകന്‍ ജോസഫ് വിജയന്‍ എഴുതുന്നു.
കേരളതീരത്തെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി, ഇന്‍ലാന്‍ഡ് നാവേഗേഷന്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാറിന്റെ ചതിക്കുഴികളെക്കുറിച്ചും അത് കേരളത്തിലെ മല്‍സ്യത്തൊഴിലാളികളേയും മല്‍സ്യസമ്പത്തിനേയും എങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്നതിനെക്കുറിച്ചും സാമൂഹിക പ്രവര്‍ത്തകന്‍ ജോസഫ് വിജയന്‍ എഴുതുന്നു.ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
തീരക്കടലും ആഴക്കടലും മത്സ്യസമ്പത്തും
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആഴക്കടല്‍ മീന്‍പിടുത്തം സംബന്ധിച്ച വിവാദം എന്തായാലും ആഴക്കടലിനെയും അവിടത്തെ മത്സ്യസമ്പത്തിനെയും കുറിച്ച് മനസ്സിലാക്കാനുള്ള ജിജ്ഞാസ ആളുകളില്‍ വളര്‍ത്തിയിരിക്കുകയാണല്ലോ. ആ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് ഞാന്‍ ഇടുന്നത്. മറ്റൊരു സമയത്ത് ആയിരുന്നെങ്കില്‍ ഇതൊക്കെ ആര് വായിക്കാനാണ്?
കാര്യങ്ങള്‍ ചില ചോദ്യോത്തരങ്ങളായി പറയട്ടെ.
1. മത്സ്യ സമ്പത്തിന്റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ തീരക്കടലും (inshore) ആഴക്കടലും (offshore/deep sea) എന്നു പറഞ്ഞാല്‍ എന്താണ്?
കടലില്‍ മത്സ്യസമ്പത്ത് അഥവാ മത്സ്യശേഖരം എവിടെ എത്രമാത്രം ഉണ്ട് എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുള്ളത് കരയില്‍ നിന്നും കടലിലേലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, മറിച്ച് ആഴത്തിന്റെ അടിസ്ഥാനത്തിലാണ്. കടലില്‍ ലഭ്യമായ മത്സ്യ സമ്പത്തിന്റെ അളവ് കണക്കാക്കാന്‍ ഏറ്റവുമൊടുവില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ 0100 മീറ്റര്‍ ആഴം വരുന്ന തീരക്കടല്‍ (inshore), 100 മുതല്‍ 200 മീറ്റര്‍ വരെ ആഴമുള്ള പുറംകടല്‍ (offshore), 200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ആഴക്കടല്‍ (deep sea), 500 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള സമുദ്രാന്തര (oceanic) കടല്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് കണക്കാക്കിയിട്ടുള്ളത്. പലപ്പോഴും 500 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടല്‍ മേഖല EEZന് വെളിയില്‍ ആയിരിക്കാം. (200 മീറ്റര്‍ വരെ ആഴമുള്ള കടലിന്റെ അതിര്‍ത്തിയും EEZ അതിര്‍ത്തിയും അടയാളപ്പെടുത്തിയ ആഴം അടിസ്ഥാനത്തിലുള്ള ഭൂപടം കാണുക) നമ്മുടെ മീന്‍പിടുത്തക്കാരോട് കടലില്‍ എവിടെ നിന്നാണ് മീന്‍ പിടിച്ചത് എന്ന് ചോദിച്ചാല്‍ അവര്‍ ഉത്തരം പറയാറുള്ളത് എത്ര ആഴമുള്ള കടല്‍ ഭാഗത്ത് (അവരുടെ ഭാഷയില്‍ മാറ് അഥവാ fathom) മീന്‍ പിടിച്ചു എന്നാണ്. ശാസ്ത്രീയമായും അതാണ് ശരി.
2. തീരക്കടലിലും ആഴക്കടലിലും മത്സ്യ ലഭ്യത ഒരു പോലെയാണോ?
അല്ല. നമ്മുടെ കടല്‍ ഉഷ്ണമേഖലാ കടലാണ് (tropical waters). നമ്മുടെ കടലില്‍ തീരത്തോടടുത്താണ് മത്സ്യം കൂടുതലുള്ളത്. ആഴം കൂടുന്തോറും മത്സ്യ സമ്പത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു. എന്നാല്‍ യൂറോപ്പ് പോലെ ശീതോഷ്ണ കടലില്‍ (temperate waters) സ്ഥിതി വ്യത്യസ്തമാണ്. മത്സ്യങ്ങളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായും വേര്‍തിരിച്ചിട്ടുണ്ട് – ഉപരിതല മത്സ്യങ്ങള്‍ (pelagic species), അടിത്തട്ടിലെ മത്സ്യങ്ങള്‍ (demersal species) എന്നിങ്ങനെ. പിടിച്ചെടുക്കാവുന്ന മത്സ്യ സമ്പത്തിന്റെ അളവ് (Potential Yield [PY] AYhm Maximum Sustainable Yield (MSY]) കണക്കാക്കിയിട്ടുള്ള ശാസ്ത്രജ്ഞരും ഈ വിധമാണ് കണക്കുകൂട്ടല്‍ (estimates) നടത്തിയിട്ടുള്ളത്. ഈ കണക്കൂകൂട്ടലിനെ ചിലപ്പോഴെല്ലാം അട്ടിമറിക്കുന്ന വിധം കടലില്‍ ചില പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നതും മത്സ്യസമ്പത്തിന്റെ അളവിനെ ബാധിക്കാം. ഇവിടെ ഞാന്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ ഈ കണക്കെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. കാരണം കടല്‍ ഒരു അക്ഷയപാത്രം എന്ന ധാരണയില്‍ മീന്‍പിടുത്തം നടത്തിയാല്‍ സര്‍വ്വനാശമാകും ഫലം. കടലിലെ മത്സ്യ സമ്പത്ത് ഒരു പുനരുജ്ജീവിക്കുന്ന സമ്പത്താണ് (Renewable resource). അമിതമായി പടിച്ചാല്‍ നാളേയ്ക്കുള്ള മത്സ്യം കടലില്‍ ഉണ്ടാവില്ല.
3. എന്തുകൊണ്ടാണ് തീരക്കടലില്‍ മത്സ്യം കൂടുതലും ആഴക്കടലില്‍ മത്സ്യം കുറവായും കാണപ്പെടുന്നത്?
ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്തേത് തീരക്കടലിലാണ് മത്സ്യങ്ങള്‍ക്ക് ആവശ്യമായ പ്രാഥമിക ആഹാരത്തിന്റെ (ചെറുസസ്യങ്ങളും പ്ലവകങ്ങളും) ഉല്‍പ്പാദനം നടക്കുന്നത്. സൂര്യപ്രകാശം കടലില്‍ പതിക്കുമ്പോള്‍ ഏകദേശം 50 മീറ്റര്‍ വരെ ആഴമുള്ള അടിത്തട്ട് വരെ മാത്രമേ എത്തിച്ചേരൂ. സൂര്യപ്രകാശം ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രാഥമിക ആഹാരത്തിന്റെ ഉല്‍പ്പാദനം (primary productivtiy) നടക്കൂ. രണ്ടാമത്തെ കാരണം കരയില്‍ നിന്നും നദികളും ജലാശയങ്ങളും വഴി മത്സ്യങ്ങള്‍ക്ക് ആവശ്യമായ ആഹാര വസ്തുക്കളും ലഭിക്കുന്നു. അതിനാല്‍ അവിടെ മത്സ്യം കൂടുതല്‍ ലഭിക്കുന്നു. ആഴക്കടലിലെ മത്സ്യങ്ങള്‍ ആഹാരത്തിനായി ആശ്രയിക്കുന്നതും ഈ തീരക്കടലില്‍ വളരുന്ന മത്സ്യങ്ങളെയാണ്. ഇങ്ങനെ മത്സ്യങ്ങള്‍ തമ്മിലും ഒരു ആഹാര ബന്ധമുണ്ട്, ഇതിനെ food chain അല്ലെങ്കില്‍ fish chain എന്നും പറയുന്നു. നമ്മുടെ കേരളത്തില്‍ സുലഭമായി ലഭിക്കുന്ന നെത്തോലി മത്സ്യം അടിസ്ഥാനപരമായി ഒരു സസ്യാഹാരിയാണ്. മറ്റ് മിക്ക മത്സ്യങ്ങളും ജീവികളെ ഭക്ഷിക്കുന്നതിനാല്‍ മാംസാഹാരികള്‍ എന്നു പറയാം.
4. ഇന്‍ഡ്യയിലെ കടലില്‍ ആഴത്തിന്റെ അടിസ്ഥാനത്തില്‍ മത്സ്യ സമ്പത്തിന്റെ ലഭ്യത കണക്കാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എങ്ങനെയാണെന്ന് വിശദമാക്കാമോ?
കണക്കാക്കിയിട്ടുണ്ട്. ഒരു വര്‍ഷം പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ അളവ് (Annual Potential Yield) എത്ര ടണ്‍ എന്ന വിധത്തിലാണ് കണക്കാക്കിയിട്ടുള്ളത്. ഇന്‍ഡ്യയില്‍ പ്രധാനമായും മുംബായ് കേന്ദ്രമായുള്ള Fishery Survey of India എന്ന സ്ഥാപനമാണ് ഈ കണക്കെടുപ്പ് നടത്തി വിവരങ്ങള്‍ കൈമാറുന്നത്. ഇപ്രകാരമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഇന്‍ഡ്യയുടെ കടല്‍ മത്സ്യ സമ്പത്തിന്റെ അളവ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏറ്റവും വിശദമായ കണക്കുകള്‍ 2014ല്‍ പ്രസിദ്ധീകരിച്ചത് മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ്. അത് പ്രകാരം ഇന്‍ഡ്യയുടെ അധീനതയിലുള്ള കടലില്‍ നിന്നും ഒരു വര്‍ഷം പിടിച്ചെടുക്കാവുന്ന മത്സ്യസമ്പത്ത് 44.1 ലക്ഷം ടണ്‍ ആണ്. ഇതില്‍ 87% (38.2 ലക്ഷം) ഉള്ളത് 0100 മീറ്റര്‍ വരെയുള്ള തീരക്കടലില്‍ ആണ്. ബാക്കിയുള്ളതില്‍ 6% മത്സ്യം 100 മുതല്‍ 200 മീറ്റര്‍ വരെ ആഴത്തിലും, 3% മാത്രം 200 മുതല്‍ 500 മീറ്റര്‍ വരെ ആഴമുള്ള കടലിലും, 5% മാത്രം മത്സ്യം 500 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലിലുമാണ് ഉള്ളത്. (മീനാകുമാരി റിപ്പോര്‍ട്ടിലെ ഈ കണക്കുകളുടെ പട്ടിക കാണുക) ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് നമ്മുടെ രാജ്യത്തിന് അവകാശപ്പെട്ട കടലിന്റെ ഏകദേശം 20 ശതമാനം മാത്രം വിസ്തീര്‍ണ്ണം വരുന്ന തീരക്കടലിലാണ് ആകെ മത്സ്യസമ്പത്തിന്റെ 90 ശതമാനവും ലഭ്യമാകുന്നത്. ബാക്കി 10% മത്സ്യം മാത്രമാണ് സമുദ്രത്തിന്റെ 80 ശതമാനം വിസ്തീര്‍ണ്ണം വരുന്ന ആഴക്കടലില്‍ ഉള്ളത്!
മീനാകുമാരി റിപ്പോര്‍ട്ടിലെ ഈ കണക്കുകള്‍ തന്നെയാണ് ഇപ്പോള്‍ നിലവിലുള്ളതും ഗസറ്റില്‍ പ്രസിദ്ധീകരിച്ചതുമായ ദേശീയ സമുദ്ര മത്സ്യനയം 2017 എന്ന രേഖയിലും ഉള്ളത് എന്നു കൂടി മനസ്സിലാക്കുക.
5. കേരളത്തിന്റെ തീരക്കടലിലും ആഴക്കടലിലും ഒരു വര്‍ഷം പിടിച്ചെടുക്കാവുന്ന മത്സ്യ സമ്പത്തിന്റെ അളവ് കണക്കാക്കിയിട്ടുണ്ടോ?
ഇല്ല എന്നു പറയാം. എന്നാല്‍ രാജ്യത്തിന്റെ കടല്‍ മേഖലയെ നാലായി തരം തിരിച്ച് കണക്കാക്കലുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ കേരളം, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തെക്ക്പടിഞ്ഞാറന്‍ കടല്‍ മേഖലയില്‍ (South West Arabian Sea) എത്രമാത്രം മത്സ്യസമ്പത്ത് ഉണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയില്‍ ഒരു വര്‍ഷം ആകെ പിടിച്ചെടുക്കാവുന്ന മത്സ്യസമ്പത്തിന്റെ 38% (17 ലക്ഷം ടണ്‍) ഈ മേഖലയിലെ EEZ-ലാണുള്ളത്. ഇതില്‍ 12.8 ലക്ഷം ടണ്‍ ചാള, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളും (pelagic) 4.2 ലക്ഷം ടണ്‍ ചെമ്മീന്‍, കലവ (perches) തുടങ്ങിയ അടിത്തട്ടിലെ (demersal) മത്സ്യങ്ങളുമാണ്.
6. മത്സ്യസമ്പത്തിന്റെ അളവുമായി നോക്കുമ്പോള്‍ നമ്മുടെ കടല്‍ മത്സ്യ ഉല്‍പ്പാദനം എത്രമാത്രമാണ്?
നമ്മുടെ രാജ്യത്തെ വാര്‍ഷിക സമുദ്ര മത്സ്യ ഉല്‍പ്പാദനം ക്രമേണ ഉയര്‍ന്ന് 2012ല്‍ 39,4 ലക്ഷം ടണ്‍ വരെയും ഏറ്റവുമൊടുവില്‍ 201819ല്‍ അത് 41.5 ലക്ഷം ടണ്‍ വരെയും കൂടി. മീനാകുമാരി റിപ്പോര്‍ട്ട് പറയുന്നത് 200 മീറ്റര്‍ വരെ ആഴമുള്ള കടലില്‍ നിന്നും നമ്മുടെ യന്ത്രവല്‍കൃത ബോട്ടുകളും മോട്ടോര്‍ വള്ളങ്ങളും ചേര്‍ന്ന് ലഭ്യമായ മത്സ്യസമ്പത്ത് ഉള്ളതു മുഴുവനോ അല്ലെങ്കില്‍ അമിതമായോ പിടിക്കുന്നുണ്ട് എന്നാണ്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. 2020ലെ സംസ്ഥാാന പ്ലാനിംഗ് ബോര്‍ഡ് പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ കേരളത്തിലെയും ഇന്‍ഡ്യയിലെയും കഴിഞ്ഞ 5 വര്‍ഷത്തെ മത്സ്യ ഉല്‍പ്പാദന കണക്കുകള്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് 201920 കാലയളവില്‍ കേരളത്തിലെ ഉല്‍പ്പാദനം വെറും 4.75 ലക്ഷം ടണ്‍ ആയിരുന്നു. ഒരു കാലത്ത് 7 ലക്ഷം ടണ്‍ വരെ ഉല്‍പ്പാദിപ്പിച്ച് ഒന്നാം സ്ഥാനത്ത് നിന്ന സംസ്ഥാനമാണിത് എന്നുകൂടി ഓര്‍മ്മിക്കുക. (ഇക്കണോമിക് റിവ്യൂവിലെ കണക്ക് പ്രത്യേകം നല്‍കിയിട്ടുണ്ട്)
7. 500 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലില്‍ ഇനിയും പിടിക്കാവുന്നതായി എന്ത് മത്സ്യമാണുള്ളത്? അവിടെ ഇപ്പോള്‍ ആരെങ്കിലും മീന്‍പിടിക്കുന്നുണ്ടോ?
തീരക്കടലില്‍ ലഭ്യമായ ചാള, അയല തുടങ്ങിയ കേരളീയരുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ചെറു മത്സ്യ ഇനങ്ങള്‍ ഒട്ടും തന്നെ ആഴക്കടലില്‍ ഇല്ല. പ്രധാനമായും വലിയ ഇനം ചൂര ഇനത്തില്‍ പെട്ട മത്സ്യമാണ് ഈ ആഴക്കടലില്‍ ഉള്ളത്. ഇവ വല ഉപയോഗിച്ച് പിടിക്കുക ദുഷ്‌കരമാണ്. ചൂണ്ട ഉപയോഗിക്കണം. ഇതിനെ Long-liners എന്നു പറയുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യത്തെ ഈ ആഴക്കടല്‍ മേഖലയില്‍ നിന്നും കന്യാകുമാരി ജില്ലയിലെ തൂത്തൂര്‍ മേഖലയിലെ 600ഓളം വരുന്ന ബോട്ടുകള്‍ പ്രധാനമായും ചൂര ഉള്‍പ്പെടെയുള്ള ആഴക്കടല്‍ മത്സ്യങ്ങള്‍ പ്രധാനമായും ചൂണ്ട ഉപയോഗിച്ച് പിടിക്കുന്നു. 30 ദിവസത്തിലധികം നീണ്ടു നല്‍ക്കുന്നതാണ് അവരുടെ ഒരു ഫിഷിംഗ് ട്രിപ്പ്. (റിപ്പോര്‍ട്ടില്‍ അവരെ കുറിച്ചുള്ള ഭാഗം കാണുക). ഇന്‍ഡ്യാ ഗവണ്മെന്റും ആഴക്കടല്‍ മത്സ്യബന്ധന സാധ്യത ഇനി ഉള്ളതായി ഫിഷറീസ് നയത്തില്‍ പോലും പറഞ്ഞിരിക്കുന്നത് 300 മീറ്റര്‍ ആഴത്തിനപ്പുറമുള്ള കടലിലെ ചൂര സമ്പത്തിനെ കുറിച്ചാണ്.
8. അമേരിക്കന്‍ കമ്പനിയായ EMCC ആഴക്കടല്‍ മീന്‍പിടുത്തം എവിടെ എങ്ങനെ നടത്തും എന്നാണ് പറയുന്നത്?
EMCC-bpsS Concept Note-ല്‍ ആഴക്കടല്‍ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 'Deep sea fishing means fishing activities beyond 12 nautical miles from the shoreline'. എന്നുവച്ചാല്‍ 12 മൈലിനപ്പുറം അവരുടെ ആഴക്കടല്‍ തുടങ്ങുകയാണ്. നമ്മുടെ കേരളത്തിലെ കടലില്‍ 12 മൈല്‍ പോയാല്‍ ആഴം പലയിടത്തും 50 മീറ്ററില്‍ കുറവാണ്. അവിടെ നമ്മുടെ യന്ത്രവല്‍കൃത ട്രോളിംഗ് ബോട്ടുകളും മോട്ടോര്‍വല്‍കൃത വള്ളങ്ങളും ഇപ്പോള്‍ ലഭ്യമായ മത്സ്യ സമ്പത്ത് പൂര്‍ണ്ണമായോ അമിതമായോ പിടിച്ചുകൊണ്ടിരിക്കുകയുമാണ്.
EMCC-യുടെ 2 കോടി രൂപാ വീതം വില വരുന്ന ബോട്ടുകള്‍ക്ക് (ഇവയെ ട്രോളറുകള്‍ എന്നാണ് നമ്മുടെ പ്രശാന്ത് ബ്രോ പത്രക്കുറിപ്പിലൂടെ പറഞ്ഞത്) 500 മീറ്റര്‍ ആഴത്തിനപ്പുറമുള്ള കടലില്‍ പോയി ചൂര പിടിച്ച് പ്രവര്‍ത്തിക്കുക ദുഷ്‌കരം എന്നാണ് ഞാന്‍ കരുതുന്നത്. കാരണം കേരളത്തില്‍ ചൂണ്ട മത്സ്യബന്ധനം അറിയാവുന്നവര്‍ ഇപ്പോള്‍ പ്രധാനമായും തിരുവനന്തപുരം ജില്ലയിലുള്ള മത്സ്യത്തൊഴിലാളികളാണ്. മറ്റ് ജില്ലകളിലെല്ലാം വലപ്പണി ചെയ്യുന്ന മീന്‍പിടുത്തക്കാരാണ് ഏറെയും. അവരെ ചൂണ്ടപ്പണി പഠിപ്പിച്ച് 30 ദിവസം നീണ്ടു നില്‍ക്കുന്ന ആഴക്കടല്‍ മീന്‍പിടുത്ത ട്രിപ്പുകളിലെ കൂലിക്കാരായ ജോലിക്കാരായി വികസിപ്പിക്കാം എന്നു പറയുന്നത് മിക്കവാറും അസാധ്യം എന്നാണ് ഞാന്‍ കരുതുന്നത്. അതിന് ഇന്നാട്ടിലെ തീരക്കടലില്‍ ദൈനം ദിന മത്സ്യബന്ധനം നടത്തുന്ന വള്ളക്കാരോ ഏറിയാല്‍ 10-15 ദിവസ ട്രിപ്പ് നടത്തുന്ന ട്രോളിംഗ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളില്‍ ആരെങ്കിലുമോ തയ്യാറായിട്ടു വേണ്ടേ? ഈ 400 ബോട്ടുകളും കൂടി കടലില്‍ ഇറങ്ങിയാല്‍ മത്സ്യം കൂടുതല്‍ ലഭ്യമായ തീരക്കടലില്‍ (0300 മീറ്റര്‍ ആഴം വരുന്ന കടലില്‍) നിലവിലുള്ള ബോട്ടുകാരുമായും വള്ളക്കാരുമായും മത്സരിച്ചു ട്രോളിംഗ് അല്ലെങ്കില്‍ വലപ്പണി (gillnet) മീന്‍പിടുത്തം മാത്രമേ നടത്താനാകൂ എന്നും അങ്ങനെ തങ്ങളെ തമ്മില്‍ തല്ലിക്കാനാണ് ഇവരുടെ വരവെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നന്നായി മനസ്സിലായിട്ടുണ്ട്.
ചിലര്‍ക്ക് ഒരു ധാരണയുണ്ട് കേരളത്തിലെ മീന്‍പിടുത്തക്കാര്‍ പഴഞ്ചനാണ് അതിനാല്‍ അവരെ ആധുനികവല്‍ക്കരിക്കണം എന്നൊക്കെ.. നിങ്ങള്‍ മനസ്സിലാക്കുക ഇപ്പോള്‍ കേരളത്തിലെ തീരക്കടലിലും പുറംകടലിലും പോകുന്ന മിക്ക ഉരുക്കളിലും ജി.പി.എസ്, എക്കോസൌണ്ടര്‍, ഫിഷ് ഫൈന്‍ഡര്‍ എന്നിവയെല്ലാമുണ്ട്. ഇവരെല്ലാം കൂടി പരസ്പരം മത്സരിക്കുകയാണ്, കുറഞ്ഞുവരുന്ന മത്സ്യ സമ്പത്തിന് വേണ്ടി.. മീന്‍ മാത്രം വേണ്ടത്ര ഇല്ല എന്നതാണ് പ്രശ്‌നം.
തീരക്കടലും ആഴക്കടലും മത്സ്യസമ്പത്തും
ഇപ്പോൾ ഉണ്ടായിരിക്കുന്ന ആഴക്കടൽ മീൻപിടുത്തം സംബന്ധിച്ച വിവാദം എന്തായാലും...
Posted by Josph Vijayan on Tuesday, 23 February 2021
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT