Youth

കേരളത്തില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; ആത്മഹത്യ ചെയ്തവരില്‍ ഏറെയും പുരുഷന്മാര്‍

2019 ലെ ലോക്ക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും 31 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും പുരുഷന്‍മാരാണ് എന്നതാണ് മറ്റൊരു വസ്തുത. ഇവരിലേറെയും വിവാഹിതരായവരോ ജോലിയുള്ളവരോ ആണ്. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വിഷാദരോഗം, മദ്യപാനം എന്നിവയെല്ലാം ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ടെന്നും ഡോ.കാത്‌ലീന്‍ ആന്‍ മാത്യു പറയുന്നു.

കേരളത്തില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; ആത്മഹത്യ ചെയ്തവരില്‍ ഏറെയും പുരുഷന്മാര്‍
X

കൊച്ചി: രാജ്യത്ത് ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 2019 ലെ നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ശരാശരി 24.3 ശതമാനം ആത്മഹത്യകളാണ് കേരളത്തിലുണ്ടാകുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇന്ത്യയിലെ ആകെ ആത്മഹത്യകളുടെ ശരാശരി നിരക്കിനേക്കാള്‍(10.2) കൂടുതലാണ് കേരളത്തിലെ നിരക്കെന്നത് നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നതാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് സിസ്റ്റംസ് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ കോവിഡ് ലോക്ക്്ഡൗണ്‍ സമയത്തുണ്ടായ ആത്മഹത്യകളില്‍ 67.7 ശതമാനത്തിന്റെ വര്‍ധനവ് കണ്ടെത്തിയതായി അമൃത ആശുപത്രിയിലെ സൈക്ര്യാട്രി ആന്‍ഡ് ബിഹേവിയര്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ റസിഡന്റ് ഡോ.കാത്‌ലീന്‍ ആന്‍ മാത്യു പറയുന്നു.

ഈ പഠനം പ്രകാരം ഈ കാലയളവില്‍ 369 ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്നിട്ടുണ്ട്. 2019 ല്‍ ഇതേ കാലയളവില്‍ 220 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019 ലെ ലോക്ക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും 31 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും പുരുഷന്‍മാരാണ് എന്നതാണ് മറ്റൊരു വസ്തുത. ഇവരിലേറെയും വിവാഹിതരായവരോ ജോലിയുള്ളവരോ ആണ്. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വിഷാദരോഗം, മദ്യപാനം എന്നിവയെല്ലാം ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ടെന്നും ഡോ.കാത്‌ലീന്‍ ആന്‍ മാത്യു പറയുന്നു.

മദ്യാസക്തിയുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഉത്തരേന്ത്യയിലും, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിഷാദം മൂലമുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മറ്റുള്ളവര്‍ക്ക് ഒരു ഭാരമാണെന്ന ധാരണയും, ഒന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്നുള്ള നിരാശയുമെല്ലാം ഒരാളില്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടാക്കുന്ന ഘടകങ്ങളാണ്. വേദനയുണ്ടാക്കുന്ന ജീവിതാനുഭവങ്ങളുടെ ഫലമായുണ്ടാകുന്ന നിരാശയാണ് ഒരു വ്യക്തിയെ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തകളിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന കാരണം.

കൊവിഡിന്റെ വരവ് ജനങ്ങളില്‍ വിഷാദം, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവ വര്‍ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായതോടെ പലര്‍ക്കും ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടമായി. സാമൂഹികമായ ഒറ്റപ്പെടല്‍ വ്യക്തികളുടെ ഇടപെടലുകളെ വീടുകള്‍ക്കുള്ളില്‍ മാത്രമാക്കി ചുരുക്കിയപ്പോള്‍ ഇതു മൂലം കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ കൂടാനിടയായി. ദമ്പതിമാര്‍ തമ്മില്‍ നേരത്തെ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്ന കുടുംബങ്ങളില്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മുഴുവന്‍ സമയവും പങ്കാളിയോടൊത്തുള്ള ജീവിതത്തിന് പലരും നിര്‍ബന്ധിതരായി. പീഡനങ്ങള്‍ വര്‍ധിക്കാനും ചിലരെ ആത്മഹത്യയിലേക്ക് നയിക്കാനും ഇതെല്ലാം കാരണമായിട്ടുണ്ട്. പ്രായമായവരില്‍ പലരും വീടുകളില്‍ തനിച്ചായി. മാറാവ്യാധികളുടെ ബുദ്ധിമുട്ടുകളും ഏകാന്തതയും കൊവിഡ് ബാധിക്കുകമോയെന്ന ഭയവുമാണ് അവരെല്ലാം നേരിടുന്നതെന്നും ഡോ.കാത്‌ലീന്‍ ആന്‍ മാത്യു പറയുന്നു

സമൂഹവുമായി ഇടപെടാനാകാതെ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ കുട്ടികളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗവും ഓണ്‍ലൈന്‍ ക്ലാസുകള്‍ മൂലമുള്ള പഠന ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പ്രത്യേകിച്ച് അവരുടെ മാനസികാരോഗ്യത്തെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. സമൂഹത്തില്‍ വിവേചനം നേരിടേണ്ടി വരുമോയെന്ന ഭീതിയും കുടുംബാംഗങ്ങളെ രോഗം ബാധിക്കുമോയെന്നുള്ള ഭയവുമാണ് കൊവിഡ് ബാധിച്ച വ്യക്തികളുടെ ആത്മഹത്യകളില്‍ കാരണമാകുന്നത്. മാനസിക അസ്വസ്ഥതകള്‍ ഉള്ളവരില്‍ പ്രത്യേകിച്ച് വിഷാദരോഗവും ലഹരിയുടെ അമിത ഉപയോഗം മൂലമുള്ള വൈകല്യങ്ങളും ആത്മഹത്യാ സാധ്യത ഉയര്‍ത്തുന്ന ഘടകങ്ങളാണ്.വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആത്മഹത്യകള്‍ തടയുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.

ആത്മഹത്യയ്‌ക്കെതിരെ ഒരു പ്രതിരോധമായി ഇത് പ്രവര്‍ത്തിക്കുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിലെ 30 വര്‍ഷത്തിനിടെ നടന്ന ആത്മഹത്യാശ്രമങ്ങള്‍ അടക്കമുള്ള മുന്‍കാലങ്ങളില്‍ നടന്ന വിവിധ പഠനങ്ങളില്‍ വഴിയാത്രക്കാരുടെയോ പോലിസിന്റെയോ പെട്ടെന്നുള്ള ഇടപെടലുകളിലൂടെ ഭൂരിഭാഗം പേരും അവരുടെ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടവര്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുമില്ല. ഈ വസ്തുത സമയോചിതമായി നടത്തുന്ന ഒരു ഇടപെടലിന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരമൊരു ഇടപെടല്‍ കടുത്ത ദു:ഖം അനുഭവിക്കുന്ന വ്യക്തിയെ ആത്മഹത്യാ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ജീവിതത്തിലേക്ക് വരാനുള്ള ഒരു കൈത്താങ്ങ് നല്‍കുകയും ചെയ്യുന്നുവെന്നും ഡോ.കാത്‌ലീന്‍ ആന്‍ മാത്യു പറയുന്നു

മറ്റുള്ളവരുമായുള്ള ഇടപെടലുകളും അവരുടെ പരിചരണവും അനുഭവിക്കുന്നത് ഒരാളില്‍ പോസിറ്റീവ് വികാരങ്ങള്‍ ഉളവാക്കും. ഇത്തരം വികാരങ്ങള്‍ ആത്മഹത്യാ ചിന്തകളെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും പാകത്തില്‍ ശക്തമാണ്. ആദ്ധ്യാത്മികമായ വിശ്വാസങ്ങള്‍, ജീവിതത്തിന്റെ ഉദ്ദേശ്യം അല്ലെങ്കില്‍ അര്‍ത്ഥം തുടങ്ങിയ വ്യക്തിഗത ഘടകങ്ങള്‍ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുകയും ആത്മഹത്യയുടെ അപകടസാധ്യത ലഘൂകരിക്കുകയും ചെയ്യും. ഒരാളുടെ ഇരുട്ടു നിറഞ്ഞ നിമിഷങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുകയെന്നത് പോസിറ്റീവായൊരു ചിന്താഗതി സൃഷ്ടിച്ചെടുക്കാനുള്ള ശക്തമായ മാര്‍ഗമാണ്. ഇത്തരത്തിലുള്ള വ്യക്തികളെ സഹായിക്കുന്നതിന് ഉപയോഗിക്കാവുന്ന നാല് മാര്‍ഗങ്ങളുണ്ട്. ചോദിച്ചറിയുകയെന്നതാണ് ഒന്നാമത്തെ മാര്‍ഗം.

ഒരു സുഹൃത്തോ അല്ലെങ്കില്‍ കുടുംബാംഗമോ ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, അവരുടെ ചിന്തകളെപ്പറ്റി ചോദിച്ചറിയുക. അവര്‍ക്കുള്ള സഹായം ഉറപ്പു വരുത്തുന്നതിനുള്ള ആദ്യ പടിയായിരിക്കാം ഇത്. പ്രത്യക്ഷ ഇടപെടലാണ് രണ്ടാമത്തെ മാര്‍ഗം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ ഒരിക്കലും മടിക്കരുത്. വിമര്‍ശനത്തിന് മുതിരാതെ അനുകമ്പയോടെ കേള്‍ക്കുകയാണ് വേണ്ടത്. സഹായങ്ങള്‍ ലഭ്യമാക്കലാണ് മൂന്നാമത്തെ കാര്യം. ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെങ്കില്‍ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം ലഭ്യമാക്കണം. തുടര്‍നടപടികളാണ് നാലാമത്തേത്. അവര്‍ക്ക് തുടര്‍ന്നും ഒരു ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. ഫോണ്‍ വിളിച്ചോ സന്ദേശങ്ങള്‍ അയച്ചോ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം.ജീവിതം കൈവിട്ടു പോകുന്ന സഹജീവികള്‍ക്ക് പ്രത്യാശയുടെ വെളിച്ചമായി മാറാനും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനും സമയോചിതമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമെന്നും ഡോ.കാത്‌ലീന്‍ ആന്‍ മാത്യു പറയുന്നു

Next Story

RELATED STORIES

Share it