- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ രാഷ്ട്രപതിയും പ്രതീകാത്മക രാഷ്ട്രീയവും
രാഷ്ട്രീയവും സാമ്പത്തികവുമായി അസാധാരണമായ പ്രതിസന്ധികളിലൂടെ മുന്നോട്ടുപോവുമ്പോഴാണ് ഇന്ത്യയിലെ പ്രഥമ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതും ആദിവാസി സ്ത്രീപ്രതിച്ഛായയിലൂടെ ദ്രൗപദി മുര്‍മു പതിനഞ്ചാമത്തെ പ്രസിഡന്‍റ്
ഒ കെ സന്തോഷ്
രാഷ്ട്രീയവും സാമ്പത്തികവുമായി അസാധാരണമായ പ്രതിസന്ധികളിലൂടെ മുന്നോട്ടുപോവുമ്പോഴാണ് ഇന്ത്യയിലെ പ്രഥമ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതും ആദിവാസി സ്ത്രീപ്രതിച്ഛായയിലൂടെ ദ്രൗപദി മുര്‍മു പതിനഞ്ചാമത്തെ പ്രസിഡന്‍റ് ആയി ചുമതലയേറ്റതുമെന്നതു സവിശേഷമായ വിശകലനം അര്‍ഹിക്കുന്നുണ്ട്. മുന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്തമായി, ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ലെന്നു മാത്രമല്ല, ആദിവാസി സ്ത്രീയെന്ന പ്രചാരണതന്ത്രങ്ങള്‍ മുര്‍മുവിന്‍റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചില്ലെന്നും മനസ്സിലാക്കാം. മഹാരാഷ്ട്രയിലെ അപ്രതീക്ഷിതമായ രാഷ്ട്രീയമാറ്റങ്ങളും യുപിഎയിലെ ചില കക്ഷികളുടെ പിന്തുണയുമൊക്കെ ഉണ്ടായിട്ടും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വന്‍ഭൂരിപക്ഷം നേടാനായില്ലെന്നത് വസ്തുതയാണ്. ലിബറല്‍-ദലിത് സംവാദങ്ങളില്‍ ദ്രൗപദി മുര്‍മുവിന്‍റെ പുതിയ പദവി ആഘോഷിക്കപ്പെടുകയും ചരിത്രത്തിന്‍റെ വിജയമായി വിലയിരുത്തപ്പെടുകയും ചെയ്തെങ്കിലും ഈ തിരഞ്ഞെടുപ്പ് സംഘപരിവാര അജണ്ടകള്‍ നടപ്പാക്കാനായി നിശ്ശബ്ദമായൊരു വ്യക്തിയെ പ്രതിഷ്ഠിക്കുന്നതിനപ്പുറം രാഷ്ട്രീയപ്രാധാന്യമില്ലെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. 2014 മുതല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളിലും ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വന്നത് ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും വിപുലമായ പിന്തുണയിലാണെന്നു സംഘപരിവാരത്തിനു നന്നായറിയാം. ഹിന്ദുവൈസേഷന്‍ പദ്ധതിയില്‍ എളുപ്പത്തില്‍ ഉള്‍ചേര്‍ക്കാന്‍ കഴിയുന്ന വിഭാഗങ്ങളായി ദലിതരും ആദിവാസികളും മാറുന്നതും നരേന്ദ്രമോദിയുടെ പിന്നാക്കക്കാരനെന്ന അവകാശവാദവുമൊക്കെ മണ്ഡലാനന്തര രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളായി മാറി. മുസ്ലിം സമുദായത്തെ പ്രത്യക്ഷ ശത്രുക്കളായി നിര്‍വചിച്ചുകൊണ്ട് അധികാരത്തില്‍നിന്ന്
അകറ്റിനിര്‍ത്തുന്നതില്‍ കഴിഞ്ഞ രണ്ടു മുഖ്യ തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കുന്നതും നാം കണ്ടു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ സംഘപരിവാരത്തിന്‍റെ ദലിത്-ആദിവാസി സ്നേഹം ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിനു വിരുദ്ധവും ചരിത്രാനുഭവങ്ങളെ നിഷേധിക്കുന്നതുമാണെന്നതാണ് യാഥാര്‍ഥ്യം. വിപുലമായ അധികാരങ്ങളില്ലെങ്കിലും ഭരണഘടനയുടെ അന്തസ്സത്ത നിലനിര്‍ത്താനും അന്തര്‍ദേശീയ സമൂഹങ്ങള്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിയുന്ന വിധത്തിലുള്ള ചുമതല പ്രസിഡന്‍റിനുണ്ട്. സര്‍ക്കാരിന്‍റെ നയങ്ങളോടും പ്രയോഗങ്ങളോടും എതിര്‍നില്‍ക്കുകയെന്നത് അസാധ്യമാണെങ്കിലും നിര്‍ണായകവും പ്രതീകാത്മകവുമായ തീരുമാനങ്ങള്‍ പ്രസിഡന്‍റ് എടുത്തതിന് കെ ആര്‍ നാരായണന്‍റെ കാലത്തുണ്ടായ നടപടികളിലൂടെ ഉദാഹരിക്കാവുന്നതാണ്.
അടല്‍ബിഹാരി വാജ്പേയി മന്ത്രിസഭ ഭാരതരത്നയ്ക്കായി വി ഡി സവര്‍ക്കറുടെ പേര് നിര്‍ദേശിച്ചപ്പോള്‍ അതിനെ എതിര്‍ത്തതും സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനങ്ങളിലെ ദലിത് പ്രാതിനിധ്യത്തെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തിയതുമൊക്കെ ആ പദവിയുടെ മഹത്ത്വം നിലനിര്‍ത്തിയതിന്‍റെ പ്രത്യക്ഷമായ നടപടികളായിരുന്നു. ഒരുപക്ഷേ, ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ആന്തരികമായി ദുര്‍ബലപ്പെടുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ ഉപകരണങ്ങളായി മാറുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉയരേണ്ടതാണ്. നിയമസംവിധാനങ്ങളുടെ നിശ്ശബ്ദതയും ആള്‍ക്കൂട്ടനീതിയുടെ വ്യാപനവുമൊക്കെ സര്‍വസാധാരണമായ ഘട്ടത്തില്‍ കേവലം പ്രതീകാത്മക പദവിക്കപ്പുറം പലതും ചെയ്യാന്‍ രാഷ്ട്രപതിക്കു കഴിയും. അതുണ്ടാവാനുള്ള സാധ്യത വിരളമാവുന്നതിന്‍റെ സൂചനകള്‍ പ്രകടമാണ്.
അന്തര്‍ദേശീയതലത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളും ഭരണകൂട നടപടികളും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് ഒരു ആദിവാസി സ്ത്രീയുടെ അതിജീവനത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും ആഖ്യാനങ്ങളായി രാഷ്ട്രപതി തിരഞ്ഞെടുപ്പ് ശ്രദ്ധേയമായത്. ഒഡീഷയിലെ ഏറ്റവും പിന്നാക്ക ഗ്രാമത്തില്‍നിന്നു സാന്താള്‍ സമൂഹത്തില്‍നിന്നുള്ള ഒരാള്‍ ഇന്ത്യയുടെ പ്രഥമ പൗരയാവുന്നതിന്‍റെ വിപ്ലവാത്മകതയാണ് അതില്‍ പ്രധാനമായും വിവരിക്കപ്പെട്ടത്. നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ, മനുഷ്യാവകാക പ്രവര്‍ത്തകരെയും സ്വതന്ത്രശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങള്‍, രാഷ്ട്രീയ എതിരാളികളെ അനേഷണ ഏജന്‍സികളെ ഉപയോഗിച്ചു നിരന്തരമായി വേട്ടയാടുന്നതിന്‍റെ നൈതികത, ഒരു സമുദായമെന്ന നിലയില്‍ മുസ്ലിംകള്‍ നേരിടുന്ന അപരവല്‍ക്കരണം തുടങ്ങി ആഗോളതലത്തില്‍ ഇന്ത്യയിലെ ചുരുങ്ങുന്ന ജനാധിപത്യത്തെക്കുറിച്ച് ആശങ്കയും വിമര്‍ശനങ്ങളും നിലനില്‍ക്കുന്നുവെന്നുകൂടി ഓര്‍ക്കുക. ഇത്തരം രാഷ്ട്രീയ പ്രതിസന്ധികളെ സമര്‍ഥമായി മറികടക്കാനുള്ള ഉപായംകൂടിയാണ് ബിജെപി പ്രയോഗിച്ചതെന്നു വ്യക്തമാണ്. സമീപകാലത്തായി നിയമനിര്‍മാണമെന്നതു മുസ്ലിം സാമൂഹികജീവിതത്തെ അപകടകരമായി ബാധിക്കുന്ന ഒന്നാണെന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പൗരത്വനിയമം, ഹിജാബ് നിയമം, മതപരിവര്‍ത്തന നിരോധനനിയമം, കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയ നിയമം, ഗോവധനിരോധനം, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ലൗജിഹാദ് വിരുദ്ധനിയമം, മുത്ത്വലാഖ് നിയമം തുടങ്ങി എണ്ണം പറഞ്ഞ നിയമങ്ങളെല്ലാം മുസ്ലിം സമുദായത്തിന്‍റെ ചലനാത്മകതയെ ഇല്ലാതാക്കി അവരെ രണ്ടാംതരം പൗരന്‍മാരായി മാറ്റുന്നതിന്‍റെ ഭാഗമാണ്. അമര്‍ത്യ സെന്‍, രഘുറാം രാജന്‍ തുടങ്ങി അന്തര്‍ദേശീയ പ്രശസ്തരായവര്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. അധികാരവും പണവും ഉപയോഗിച്ചു ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിന്‍റെ പരീക്ഷണങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയതിന്‍റെ മാതൃകകളും ഏറെയുണ്ട്. ഇതില്‍ പല നിയമങ്ങളും ജനകീയമായ പ്രതിരോധങ്ങള്‍ കാരണം നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്. പുതുക്കിയ കര്‍ഷകനിയമങ്ങള്‍ പലവിധത്തിലുള്ള വിവാദങ്ങളില്‍പ്പെട്ടു മരവിച്ച ഘട്ടത്തിലാണെന്നു കാണാം. നീറ്റ് പരീക്ഷപോലുള്ള ദേശീയ പരീക്ഷകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട്ടിലെ നിയമസഭ പാസാക്കിയ ബില്ലും രാഷ്ട്രീയ വിവാദങ്ങളില്‍പ്പെട്ടു തീരുമാനമെടുക്കാതെ നീളുന്ന അവസ്ഥയിലാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത്, രാഷ്ട്രപതിയെന്ന പദവി, ഫെഡറലിസവും ഭരണഘടനാ ധാര്‍മികതയും ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നുവെന്നാണ്. ചരിത്രപരമായി നോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യവും സാമൂഹിക സാമ്പത്തിക വ്യവസ്ഥയും നിര്‍ണായകമായ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ ദ്രൗപദി മുര്‍മു വഹിക്കുന്ന പദവിക്ക് ചില വിവേചനാധികാരങ്ങള്‍ പ്രായോഗിക്കേണ്ടിവരുമെന്നു ന്യായമായും കരുതാം. എന്നാല്‍, അതിനുള്ള ധാര്‍മികവും രാഷ്ട്രീയവുമായ വിവേകം ഉണ്ടാവുമോയെന്നുള്ളത് പ്രശ്നനിര്‍ഭരമായ ചോദ്യമാണ്. ആദിവാസിവിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഉന്നതപദവിയിലേക്കു വരുമ്പോള്‍ അധികാരത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് ഇളക്കം തട്ടുമെന്നതു വസ്തുതയാണ്. സ്ത്രീയെന്ന രാഷ്ട്രീയ കര്‍തൃത്വം കൂടിയാവുമ്പോള്‍ ലിംഗപദവി സംവാദങ്ങള്‍ക്ക് ഒരു പുതിയ മാനം ലഭിക്കുകയും ചെയ്യും. എങ്കിലും കോര്‍പറേറ്റ് വല്‍ക്കരണവും ദരിദ്രജനതയുടെ നിത്യജീവിതത്തിനുമേല്‍ ഭരണകൂടം നിരന്തരമായി നടത്തുന്ന ചൂഷണവും ശക്തിപ്പെടുമ്പോള്‍ ഇത്തരം പ്രതീകങ്ങള്‍ക്ക് എന്ത് മൂല്യമാണുള്ളത്? ഭീമാ കൊരേഗാവ് സംഭവത്തോടെ സംഘപരിവാരത്തിന്‍റെ ദലിത്-ആദിവാസി സ്നേഹത്തിന്‍റെ വ്യാജ മുഖം പരസ്യമായതാണല്ലോ. ഹഥ്റാസിലെ കൊലചെയ്യപ്പെട്ട പെണ്‍കുട്ടി മുതല്‍ ഇന്ത്യന്‍ ജയിലുകളില്‍ അന്യായമായി പാര്‍പ്പിക്കപ്പെടുന്ന പിന്നാക്ക ദലിത്-ന്യുനപക്ഷ സമൂഹങ്ങളില്‍പ്പെടുന്നവരോ പെരുമാറ്റത്തില്‍ വരെ ഹിന്ദുത്വ ഭരണകൂടത്തിന്‍റെ വരേണ്യബോധം പ്രകടമാണ്. അതുകൊണ്ടുതന്നെ സംഘപരിവാര രാഷ്ട്രീയത്തിന്‍റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും സുരക്ഷിതവും നിശ്ശബ്ദത ഉറപ്പുവരുത്താവുന്ന ഒരാള്‍ രാഷ്ട്രപതിയെന്ന പദവിയില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ദ്രൗപദി മുര്‍മുവിനെക്കുറിച്ചു പ്രതിപക്ഷവും സ്വതന്ത്രനിരീക്ഷകരും പങ്കുവയ്ക്കുന്ന ആശങ്കകള്‍ അസ്ഥാനത്താവില്ലെന്ന് ഉറപ്പാണെങ്കിലും അതിന്‍റെ തീവ്രത ഇന്ത്യന്‍ ജനാധിപത്യത്തെ എത്രത്തോളം ബാധിക്കുമെന്നതു കാത്തിരുന്നു കാണേണ്ട യാഥാര്‍ഥ്യമാണ്.
RELATED STORIES
നിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMT