Flash News

ഗുജറാത്ത് കലാപ വേളയില്‍ എന്തുകൊണ്ട് 355ാം വകുപ്പ് നടപ്പാക്കിയില്ല ? ഹാമിദ് അന്‍സാരി

ഗുജറാത്ത് കലാപ വേളയില്‍ എന്തുകൊണ്ട് 355ാം വകുപ്പ് നടപ്പാക്കിയില്ല ? ഹാമിദ് അന്‍സാരി
X


യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപകാലത്ത് എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അവിടെ ഭരണഘടനയുടെ 355ാം വകുപ്പ് നടപ്പാക്കിയില്ലെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഗുജറാത്ത് കലാപം അടിച്ചമര്‍ത്തിയ സൈനിക ഡിവിഷന്റെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട) സമീറുദ്ദീന്‍ ഷായുടെ 'സര്‍ക്കാരി മുസല്‍മാന്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങിലാണ് അന്‍സാരി ചോദ്യമുന്നയിച്ചത്.
സായുധ പ്രവര്‍ത്തനത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും ജനങ്ങളുടെ ഹൃദയങ്ങളും മനസ്സും കീഴടക്കിയാലെ സാധാരണ ഗതി പുനസ്ഥാപിക്കുവാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപകാലത്ത് സിവില്‍ ഭരണകൂടത്തിന്റെ ആദ്യ പ്രതികരണം മന്ദഗതിയിലായിരുന്നു. കര്‍ഫ്യൂ ഉത്തരവിട്ടെങ്കിലും നടപ്പിലാക്കിയില്ല. സമാധാന കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. പക്ഷപാത നിലപാടാണ് പോലിസ് സ്വീകരിച്ചത്-ഷായുടെ പുസ്തകത്തിലെ കലാപം സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഉദ്ധരിച്ച് അന്‍സാരി പറഞ്ഞു.
അതേസമയം, ഗുജറാത്ത് കലാപത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് പുസ്തകം മൗനം പാലിക്കുകയാണെന്ന്് അന്‍സാരി ചൂണ്ടിക്കാട്ടി. ക്രമസമാധാന തകര്‍ച്ചയോട് പ്രതികരിക്കുന്നതില്‍ സിവില്‍ ഭരണകൂടവും പോലിസും പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കാണ്? -അദ്ദേഹം ചോദിച്ചു.
കലാപത്തെ തുടര്‍ന്ന് അഹ്മദാബാദിലെ പട്ടാളത്തിന് ഒരു ദിവസം വൈകിയാണ് ഗതാഗത സംവിധാനവും മറ്റും ലഭ്യമാക്കിയതെന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. 2002 മാര്‍ച്ച് ഒന്നിന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നും അവിടെ സന്നിഹിതനായിരുന്ന പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനോട് ഗതാഗതവും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ലഫ്റ്റനന്റ് ജനറല്‍ ഷാ ചടങ്ങില്‍ വ്യക്തമാക്കി. പക്ഷേ, ഗതാഗത സംവിധാനങ്ങള്‍ പിറ്റേ ദിവസമാണ് ലഭ്യമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it