Flash News

ശബരിമല: സുപ്രിം കോടതി വിധിക്കെതിരേ ഹൈന്ദവ സംഘടനകള്‍ തെരുവില്‍

ശബരിമല: സുപ്രിം കോടതി വിധിക്കെതിരേ ഹൈന്ദവ സംഘടനകള്‍ തെരുവില്‍
X


എറണാകുളം: സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനം നിഷേധിക്കാന്‍ പറ്റില്ലെന്ന സുപ്രിം കോടതി വിധിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിക്കുന്നു. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം നല്‍കുന്നുണ്ടെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ പ്രായത്തിന്റെ പേരില്‍ ക്ഷേത്ര ദര്‍ശനം നിഷേധിക്കാന്‍ പറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

ശബരിമല സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുക, വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശബരിമല കര്‍മ സമതിയുടെ നേത്യത്വത്തിലാണ് സമരമെങ്കിലും ആര്‍എസ്എസും ബിജെപിയുമാണ് വിവിധ പ്രദേശങ്ങളില്‍ സമരത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംഘപരിവാരത്തില്‍പ്പെട്ട ഹിന്ദുഐക്യവേദിയും വിശ്വ ഹിന്ദു പരിഷത്തും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രത്യക്ഷമായി തന്നെ രംഗത്തുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ശശികല ഉള്‍പ്പെടെയുള്ളവര്‍ വിവിധ പ്രദേശങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രാവിലെ 11 മണി മുതല്‍ 12 വരെയാണ് റോഡ് ഉപരോധിക്കുന്നത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ദേശീയപാത 213ല്‍ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴയില്‍ ദേശീയ സംസ്ഥാന പാതകള്‍ ഉപരോധിച്ചാണ് റാലി നടക്കുന്നത്. വിവിധ ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനം നടക്കുകയാണ്. എറണാകുളത്ത് വൈറ്റില, കലൂര്‍ ഉള്‍പ്പെടെ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ഇന്ന് റാലി നടത്തുമെന്നാണ് ശബരിമല കര്‍മ്മ സമതി അറിയിച്ചത്.
Next Story

RELATED STORIES

Share it