Athletics

അപ്രതീക്ഷിതമായി അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം: ജിന്‍സണ്‍ ജോണ്‍സണ്‍

അപ്രതീക്ഷിതമായി അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം: ജിന്‍സണ്‍ ജോണ്‍സണ്‍
X

കോഴിക്കോട്: അര്‍ജുന പുരസ്‌കാരം കുടൂംബത്തിന് സമര്‍പ്പിക്കുകയാണെന്ന് ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ ജിന്‍സന്‍ ജോണ്‍സണ്‍ കോഴിക്കോട്ട് പറഞ്ഞു.
ഈ പുരസ്‌കാരം പ്രതീക്ഷിച്ചതല്ല. സാധാരണയായി ഒരാള്‍ക്ക് മാത്രമാണ് അര്‍ജുന പുരസ്‌കാരം നല്‍കാറ്. മാധ്യമങ്ങളില്‍ നിന്നാണ് പുരസ്‌കാരം വിവരം അറിഞ്ഞത്. അര്‍ജുന പുരസ്‌കാരം ലഭിക്കുമെന്ന് അറിയാമെങ്കിലും ഇത്തവണ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഏറെ സന്തോഷവും ആത്മവിശ്വാസവും തരുന്നു. രാജ്യത്തിനു വേണ്ടി ഏറെ നേട്ടങ്ങള്‍ കൊയ്യാനുള്ള ചുമതലാബോധമാണ് ഇതു നല്‍കുന്നത്. എനിക്കുവേണ്ടി എറെ സഹിച്ച രക്ഷിതാക്കളുടെ സ്നേഹത്തിനു മുന്നില്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു. അവര്‍ എനിക്കുവേണ്ടി ഏറെ പ്രയത്നിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് 27 വയസ്സായി. വീട്ടിലെ ഒരുകാര്യവും എനിക്ക് ശ്രദ്ധിക്കേണ്ടിവരാറില്ല. അതോടൊപ്പം ഈ പുരസ്‌കാരം എന്റെ പരിശീലകര്‍ക്കും സമര്‍പ്പിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് തിരിച്ചുവന്നതിനു ശേഷം രണ്ടു ദിവസം മാത്രമാണ് വീട്ടില്‍ തങ്ങാനായത്. ഇന്ന് സര്‍വീസസ് മീറ്റിനു വേണ്ടി ബംഗളുരുവിലേക്ക് പുറപ്പെടുകയാണ്. 1500 മീറ്ററിലാണ് അവിടെ മല്‍സരിക്കുന്നത്. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ലോകചാംപ്യന്‍ഷിപ്പുകള്‍, പിന്നീട് ഒളിംപിക്സ് എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. നാട്ടില്‍ സ്വീകരണങ്ങളുടെ തിരക്കാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഏറെ പ്രോല്‍സാഹനം തരുന്നു. ഇപ്പോള്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായാണ് പ്രവര്‍ത്തിക്കുന്നത്. കാലിലെ പരിക്കിന് ചികില്‍സിക്കാനായി അടുത്ത മാസം ചെന്നൈയിലേക്ക് പോവും. വീടു പണിക്കുള്ള സാധനസാമഗ്രികള്‍ വാങ്ങാനായാണ് വന്നത്. അതിനിടെയാണ് സന്തോഷ വാര്‍ത്ത അറിയുന്നത് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it