Flash News

റോണോ ഒരുങ്ങിത്തന്നെ; യുവന്റസിന് തുടര്‍ച്ചയായ പത്താം ജയം

റോണോ ഒരുങ്ങിത്തന്നെ; യുവന്റസിന് തുടര്‍ച്ചയായ പത്താം ജയം
X

ഉഡിനി: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോ ടീം വിട്ടതോടെ റയല്‍ പരാജയം മാത്രം അഭിമുഖീകരിക്കുമ്പോള്‍ തുടര്‍വിജയങ്ങളുമായി ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ്. സിരി എയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഉഡിനിസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. യുവന്റസില്‍ ഫോമിലേക്കുയര്‍ന്ന റോണോയും ഇന്നലെ ഗോള്‍ കണ്ടെത്തി.
ഈ ജയത്തോടെ എല്ലാ മല്‍സരപ്പോരാട്ടങ്ങളിലുമായി തുടര്‍ച്ചയായി പത്ത് വിജയം നേടുന്ന ടീമുകളുടെ പട്ടികയില്‍ യുവന്റസും ഇടം പിടിച്ചു. സിരി എയില്‍ എട്ടും ചാംപ്യന്‍സ് ലീഗില്‍ രണ്ടും വിജയങ്ങളാണ് ഒരുമിച്ച് അവര്‍ സ്വന്തമാക്കിയത്്.
ഉഡിനിസിന്റെ സ്വന്തം തട്ടകത്ത് നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് യുവന്റസ് ജയം അക്കൗണ്ടിലാക്കിയത്. മല്‍സരത്തിലെ 33ാം മിനിറ്റില്‍ ഉറുഗ്വേ താരം റോഡ്രിഗോ ബെന്റാക്കൂറിന്റെ ഗോളിലാണ് യുവന്റസ് അക്കൗണ്ട് തുറന്നത്. ക്ലബിന് വേണ്ടി ബെന്റാകൂര്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. തുടര്‍ന്ന് നാല് മിനിറ്റുകള്‍ക്ക് ശേഷമാണ് റോണോ എതിര്‍ വല കുലുക്കിയത്. ക്രൊയേഷ്യന്‍ മുന്നേറ്റ താരം മരിയോ മാന്‍സുക്കിച്ചിന്റെ അസിസ്റ്റിലായിരുന്നു പോര്‍ച്ചുഗല്‍ താരത്തിന്റെ ഗോള്‍ നേട്ടം.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരു ഗോള്‍ വലയും ചലിക്കാതെ നിന്നതോടെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം യുവന്റസിനൊപ്പം നിന്നു. ഇറ്റാലിയന്‍ സിരി എ യില്‍ യുവന്റസിന്റെ വിജയമുന്നേറ്റം തുടരുകയാണ്. ഇതുവരെ എട്ട് മല്‍സരങ്ങളില്‍ അണി നിരന്നിട്ടുള്ള അവര്‍ എട്ടും ജയിച്ച് 24 പോയിന്റോടെ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള നാപ്പൊളിക്ക് 15 പോയിന്റാണുള്ളത്.
Next Story

RELATED STORIES

Share it