Flash News

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സി പുറത്തിറക്കി

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സി പുറത്തിറക്കി
X

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി സൂപ്പര്‍താരം മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ഇന്നലെ കൊച്ചിയില്‍ നടന്ന ടീമിന്റെ ജഴ്‌സി ലോഞ്ചിങ് ചടങ്ങിനിടെയാണ് മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്.
മഞ്ഞപ്പടയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. യുവാക്കളെ കൂടുതലായി ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുവാന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ഫുട്‌ബോള്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ സേവനം മാറ്റിനിര്‍ത്താനാകില്ല.
ഫുട്‌ബോള്‍ സ്‌കൂളുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ ക്ലബ്ബ് തീരുമാനിച്ചത് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകപിന്തുണയാണ് ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
തിരക്കുകള്‍ മാറ്റിവച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ ആരാധകര്‍ക്കൊപ്പം കലൂര്‍ സ്റ്റേഡിയത്തിലുണ്ടാകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പ്പിനൊപ്പം പ്രമുഖ മൊബൈല്‍ വിതരണ ശൃംഖലയായ മൈജിയാണ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. ജഴ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമ നിമ്മഗഡ്ഡ പ്രസാദിനും കോച്ച് ഡേവിഡ് ജെയിംസിനും നല്‍കി മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.
സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടല്ല ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കിയതെന്നും മികച്ച ഫുട്‌ബോള്‍ ക്ലബ്ബിനെ കേരളത്തിന് നല്‍കുന്നതിനാണ് പ്രാധാന്യമെന്നും നിമ്മഗഡ്ഡ പ്രസാദ് പറഞ്ഞു. അടിമുടി മാറ്റവുമായെത്തിയ ടീമില്‍ ഒരുപാട് പ്രതീക്ഷകളുണ്ടെന്ന്‌കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു. കളിക്കളത്തില്‍ നൂറ് ശതമാനം മികവോടെ പോരാടുകയാണ് ലക്ഷ്യം. ചെറുപ്പകാര്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ടീമിന് അതിനാകുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തില്‍ ടീമിലെ മുഴുവന്‍ കളിക്കാരും ജഴ്‌സി പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി അടക്കമുള്ള ക്ലബ്ബ് അധികൃതര്‍ പങ്കെടുത്തു.ഈ മാസം 29 ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ് അഞ്ചാം എഡിഷന്‍ ഉദ്ഘാടന മല്‍സരത്തില്‍ എടികെ യെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉടന്‍ യാത്രതിരിക്കും.
Next Story

RELATED STORIES

Share it