Latest News

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു: ആറ് വയസ്സുള്ള കുട്ടിക്ക് ജീവന്‍രക്ഷാ ഉപകരണവുമായി ഫയര്‍ഫോഴ്‌സ്

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു: ആറ് വയസ്സുള്ള കുട്ടിക്ക് ജീവന്‍രക്ഷാ ഉപകരണവുമായി ഫയര്‍ഫോഴ്‌സ്
X

പെരിന്തല്‍മണ്ണ: ആറു വയസ്സുകാരിക്ക് അടിയന്തരമായി ജീവന്‍രക്ഷാ ഉപകരണമെത്തിച്ചു നല്‍കി അഗ്‌നിരക്ഷാ സേനയുടെ സഹായഹസ്തം. എറണാകുളത്തുനിന്ന് പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ കോട്ടപ്പറമ്പന്‍ മുഹമ്മദ് നിസാറിന്റെ മകള്‍ക്കാണ് രണ്ടര മണിക്കൂറിനുള്ളില്‍ ഉപകരണം എത്തിച്ചത്.

ജന്മനാലുള്ള ചില പ്രശ്‌നങ്ങള്‍ മൂലം വായിലൂടെ ഭക്ഷണം കഴിക്കാനാവാത്ത കുട്ടിക്ക് വയറ്റില്‍ ഘടിപ്പിക്കുന്ന ഉപകരണത്തിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുക്കാന്‍ സഹായിക്കുന്ന ഉപകരണം കഴിഞ്ഞ ദിവസം പെട്ടെന്ന് തകരാറിലായി. എറണാകുളത്തു മാത്രം ലഭ്യമായ ഉപകരണം അവിടെപ്പോയി വാങ്ങുവാന്‍ അനുമതിക്കായി ശനിയാഴ്ച രാവിലെ മുഹമ്മദ് നിസാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിവരങ്ങള്‍ ആരാഞ്ഞ ശേഷം ദൗത്യം അഗ്‌നിരക്ഷാസേനയ്ക്ക് കൈമാറുകയായിരുന്നു.

ആലുവ നിലയത്തിലെ ഓഫീസര്‍ സന്തോഷ്‌കുമാര്‍, െ്രെഡവര്‍ എം.പി. നിസാം എന്നിവര്‍ അഗ്‌നിരക്ഷാസേനയുടെ വാനില്‍ ഉപകരണവുമായി പെരിന്തല്‍മണ്ണയിലെത്തുകയായിരുന്നു. പട്ടാമ്പി റോഡില്‍നിന്ന് കുട്ടിയുടെ വീട്ടിലേക്ക് പെരിന്തല്‍മണ്ണ നിലയത്തിന്റെ നേതൃത്വത്തില്‍ വഴിയൊരുക്കി.

മൂന്നരയോടെ വീട്ടിലെത്തിച്ച ഉപകരണം കുട്ടിയുടെ പിതാവിന് കൈമാറി. ലോക്ക്ഡൗണ്‍ കാലത്ത് അടിയന്തരമായി ഉപകരണം എത്തിച്ചുനല്‍കിയതിന് മുഖ്യമന്ത്രിയുടെ ഓഫീസിനും അഗ്‌നിരക്ഷാസേനയ്ക്കും മുഹമ്മദ് നിസാര്‍ നന്ദി പറഞ്ഞു. പെരിന്തല്‍മണ്ണ നിലയം അസി. ഓഫീസര്‍ വി.എസ്. സാബു, സീനിയര്‍ ഫയര്‍ ഓഫീസര്‍ വി. അബ്ദുള്‍സലീം, എന്‍. അശോകന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it