Latest News

മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മാറ്റണമെന്ന ശുപാര്‍ശ നടപ്പാക്കുന്നില്ലെന്ന് പരാതി

മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മാറ്റണമെന്ന ശുപാര്‍ശ നടപ്പാക്കുന്നില്ലെന്ന് പരാതി
X

മാള: മാള കെ കരുണാകരന്‍ സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി സൂപ്രണ്ടിനെ മാറ്റാത്തതില്‍ കടുത്ത പ്രതിഷേധം. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സൂപ്രണ്ട് ഡോ. പി എസ് ആശയെ മാറ്റുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് റീജിയണല്‍ വിജിലന്‍സ് ഓഫീസര്‍ ഡോ. ആര്‍ വിവേക് കുമാര്‍ റിപോര്‍ട്ട് നല്‍കിയിട്ട് ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞിട്ടും അത് നടപ്പാക്കുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ആരോഗ്യ വകുപ്പ് റീജിയണല്‍ വിജിലന്‍സ് യൂണിറ്റ് സെന്‍ട്രല്‍ സോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

നേരത്തെ ഈ റിപോര്‍ട്ടിന്റെയും ചില സംഘടനകളുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റാന്‍ ഉത്തരവിട്ടിരുന്നു. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലേക്കായിരുന്നു സ്ഥലംമാറ്റം. എന്നാല്‍ ശുപാര്‍ശ ഇതുവരെ നടപ്പിലായിട്ടില്ല. എറണാകുളം ജില്ലയിലെ ചെങ്ങമനാട്ടേക്ക് സ്ഥലം മാറ്റം ഡോക്ടര്‍ ചോദിച്ചിട്ടുണ്ടെന്നാണ് ബ്ലോക്ക് പഞ്ചായത്തധികൃതര്‍ പറഞ്ഞിരുന്നത്. അതേസമയം ഈ ഉത്തരവ് മാറ്റിയെടുക്കാന്‍ ഡോക്ടര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ആശുപത്രിയില്‍ 2018 ഫെബ്രുവരി 22 ന് സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അര്‍ബുദ നിര്‍ണയ ക്യാംപ് മാള ഗ്രാമപഞ്ചായത്ത് നിര്‍ദേശം അനുസരിച്ച് ഡോ. ആശ സംഘടിപ്പിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ക്യാമ്പ് നടത്തിപ്പില്‍ അഴിമതി നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല, ചില ക്രമക്കേടുകളും കണ്ടെത്തി.

ആശുപത്രിയുടെ ചുമതല വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനേയോ ആശുപത്രി വികസന സമിതിയേയോ അറിയിക്കാതെയാണ് സൂപ്രണ്ട് ഫണ്ട് ചെലവഴിക്കുന്നതെന്ന ആരോപണവും സജീവമാണ്. ഫണ്ടുകള്‍ ചെലവഴിക്കുന്നതിലെ സുതാര്യതയില്ലായ്മയും വിവര കൈമാറ്റത്തിന്റെ കുറവും ചൂണ്ടിക്കപ്പെടുന്നു.

Next Story

RELATED STORIES

Share it