Latest News

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്നു തുടക്കം- തൃശൂര്‍ ജില്ലയിലെ അധിക നിയന്ത്രണങ്ങള്‍ പ്രസിദ്ധപ്പെടുത്തി

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്നു തുടക്കം- തൃശൂര്‍ ജില്ലയിലെ അധിക നിയന്ത്രണങ്ങള്‍ പ്രസിദ്ധപ്പെടുത്തി
X

തൃശൂര്‍: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ചു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏതൊക്കെയെന്ന് കലക്ടര്‍ ഉത്തരവിറക്കി. പുതിയ ഉത്തരവനുസരിച്ച് കടകള്‍ നിബന്ധനകളോടെ തുറക്കുമെങ്കിലും സാധനങ്ങള്‍ നേരിട്ട് വാങ്ങാന്‍ അനുമതിയില്ല. വാര്‍ഡുതല കമ്മറ്റികള്‍ ഹോം ഡെലിവറിയായി എത്തിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

1. ജില്ലയില്‍ മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല.

2. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം.

3. അനുവദനീയമായ സ്ഥാപനങ്ങളില്‍ തന്നെ ഒരേസമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുവാന്‍ പാടില്ല

4. നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടു വരാന്‍ പാടില്ല. നിലവിലുള്ള തൊഴിലാളികളെ അവിടെ തന്നെ തുടരുവാന്‍ അനുവദിക്കണം. ഇവര്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ല.

5. വഴിയോര കച്ചവടങ്ങളും വീടുകള്‍ തോറും കയറിയിറങ്ങി വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചു.

6. ജില്ലയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് ഭാഗമായി അഞ്ച് പേരെ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

7. ജില്ലയില്‍ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല.

8. പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യുന്നത് കഴിവതും ആര്‍ ആര്‍ ടികള്‍ വഴി നടത്തണം.

9. ജില്ലയില്‍ അതിര്‍ത്തി റോഡുകളും പ്രാദേശിക റോഡുകളും അടച്ചിടണം. ജില്ലയ്ക്ക് അകത്തുള്ള പ്രധാന റോഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. അടിയന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള സഞ്ചാര സൗകര്യം ഉറപ്പാക്കണം.

10. പാല്‍ പത്രം വിതരണം അനുവദനീയമാണ്.

11. ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. മിനിമം ജീവനക്കാരെ മാത്രമുപയോഗിച്ച് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കാം.

12. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ വിതരണം ആര്‍ ആര്‍ ടി, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

13. ശനിയാഴ്ച ദിവസങ്ങളില്‍ മത്സ്യം, മാംസം, കോഴിക്കട, കോള്‍ഡ് സ്റ്റോറേജ് എന്നിവ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ വിതരണം ആര്‍ ആര്‍ ടികള്‍, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

14. ഹോട്ടലുകളും മറ്റ് ഭക്ഷ്യ ഭോജന കടകളും രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ പാര്‍സല്‍ മാത്രം കൊടുക്കുന്നതിന് അനുവദിക്കും. എന്നാല്‍ വിതരണം ആര്‍ ആര്‍ ട്ടികള്‍, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

15. ജില്ലയില്‍ റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവ രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് അഞ്ചുമണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ വിതരണം ആര്‍ ആര്‍ ടികള്‍, വാര്‍ഡ് തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

16. ആശുപത്രികള്‍, രോഗി ചികിത്സയ്ക്കായുള്ള ക്ലിനിക്, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ അനുവദനീയമാണ്. എന്നാല്‍ ദന്ത സംരക്ഷണത്തിനായുള്ള ഡെന്റല്‍ ക്ലിനിക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

17. വിവാഹ ആഘോഷങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ മാറ്റിവയ്ക്കണം. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ വധൂവരന്‍മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹം ചടങ്ങ് മാത്രം നടത്താം.

18. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ റോഡുകള്‍, പാലങ്ങള്‍, കുളങ്ങള്‍, തോടുകള്‍, റെയില്‍വേ എന്നീ പൊതുഇടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ വെച്ച് നടത്താം.

പ്രസ്തുത നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും വില്ലേജ് താലൂക്ക്തല ഇന്‍സിഡന്റല്‍ കമാന്‍ഡന്‍മാരെയും ചുമതലപ്പെടുത്തി.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് പുറമേ ദുരന്തനിവാരണ നിയമം 2005 ലെ അധ്യായം 10 പ്രകാരമുള്ള ശിക്ഷാനടപടികള്‍ കൂടി സ്വീകരിക്കുന്നതാണ്.

Next Story

RELATED STORIES

Share it