Big stories

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും; വഖ്ഫ് നിയമഭേദഗതി ബില്ലും അവതരിപ്പിക്കും

ശീതകാല സമ്മേളനത്തില്‍ തന്നെ വഖ്ഫ് നിയമഭേദഗതി ബില്ല് പാസാക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും; വഖ്ഫ് നിയമഭേദഗതി ബില്ലും അവതരിപ്പിക്കും
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും. വഖ്ഫ് നിയമഭേദഗതി അടക്കം 15 ബില്ലുകള്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വഖ്ഫ് നിയമഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതി റിപോര്‍ട്ട് നല്‍കിയതിന് ശേഷമായിരിക്കും ബില്ല് പരിഗണിക്കുക. ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച്ചയിലെ അവസാന ദിവസമാണ് സമിതി റിപോര്‍ട്ട് നല്‍കുക.

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ വഖ്ഫ് നിയമഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. ബിജെപി എംപി ജഗദാംബിക പാല്‍ ചെയര്‍മാനായ സമിതിയാണ് ബില്‍ പരിശോധിച്ചത്. വഖ്ഫുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ നിലപാടുകള്‍ വരെ ഇയാള്‍ തേടിയതില്‍ പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ വഖ്ഫ് ഭൂമി കൈയേറിയവരെ ജഗദാംബിക പാല്‍ നേരില്‍ കണ്ടതും വിവാദമായി. ഈ മാസം 21നു നടന്ന യോഗമാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അവസാന യോഗമെന്നും ജഗദാംബിക പാല്‍ പ്രഖ്യാപിച്ചു. സംയുക്ത സമിതിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ശീതകാല സമ്മേളനത്തില്‍ തന്നെ വഖ്ഫ് നിയമഭേദഗതി ബില്ല് പാസാക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. വഖ്ഫ് നിയമം കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിന് തെളിവാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. മഹാരാഷ്ട്രയില്‍ ബിജെപി നേടിയ വിജയത്തിന് പിന്നാലെയായിരുന്നു മോദി നിലപാട് വീണ്ടും വ്യക്തമാക്കിയത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും' ഇത്തവണ പാര്‍ലമെന്റിന്റെ പരിഗണനക്ക് വരും. കൂടാതെ രാജ്യത്ത് സഹകരണ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന്റെ ബില്ല്, ദുരന്തനിവാരണ നിയമം, റെയില്‍വേ, തുറമുഖം, ബാങ്കിങ് തുടങ്ങി വിവിധ നിയമങ്ങളും ഭേദഗതി ബില്ലുകളും സഭയില്‍ അവതരിപ്പിക്കപ്പെടും.

ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ഇന്നു രാവിലെ 11ന് സര്‍വ്വകക്ഷി യോഗവും കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവായിരിക്കും ഇതിന് നേതൃത്വം നല്‍കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പങ്കെടുക്കും.

Next Story

RELATED STORIES

Share it