Ernakulam

കൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം കുട്ടികളെത്തുന്നതിന് തൊട്ട് മുന്‍പ്

കൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം കുട്ടികളെത്തുന്നതിന് തൊട്ട് മുന്‍പ്
X

കൊച്ചി: കണ്ടനാട് ജൂനിയര്‍ ബേസിക് സ്‌കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം രാവിലെ 9.30നായിരുന്നു സംഭവം. അപകട സമയത്ത് അങ്കണവാടിയിലെ ആയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികള്‍ ക്ലാസില്‍ ഉണ്ടാകാതിരുന്നതിനാല്‍ ആണ് വലിയ അപകടം ഒഴിവായത്.

അടുത്ത ദിവസം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഇവിടെ നടത്താനിരിക്കെയാണ് അപകടമുണ്ടായത്. അങ്കണവാടിയില്‍ 5 കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികള്‍ വരാറുള്ളത്. നേരത്തേ അങ്കണവാടിയിലെ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നുവെന്ന് ആയ പറഞ്ഞു. അന്നുതന്നെ പഞ്ചായത്തില്‍ പരാതി പറഞ്ഞിരുന്നു.

100 വര്‍ഷത്തിലേറെ കെട്ടിടത്തിനു പഴക്കമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പുതിയ കെട്ടിടത്തിലേക്ക് അടുത്തിടെയാണു മറ്റ് ക്ലാസുകള്‍ മാറിയത്. അങ്കണവാടി മാത്രമാണു പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ഡ് ഗ്രാമസഭകള്‍ ഇവിടെയാണ് ചേരാറുള്ളതെന്നും പോളിങ് ബൂത്തായി പ്രവര്‍ത്തിക്കാറുണ്ടെന്നും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതും തകര്‍ന്നുവീണ ക്ലാസ് മുറിയിലായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിലെ ചോര്‍ച്ച മുന്‍പ് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it