Latest News

അവധിക്കു നാട്ടില്‍ പോകാനിരിക്കെ പക്ഷാഘാതം തളര്‍ത്തി; സോഷ്യല്‍ ഫോറം സഹായത്തോടെ തിരൂര്‍ സ്വദേശിയെ തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു

അവധിക്കു നാട്ടില്‍ പോകാനിരിക്കെ പക്ഷാഘാതം തളര്‍ത്തി; സോഷ്യല്‍ ഫോറം സഹായത്തോടെ തിരൂര്‍ സ്വദേശിയെ തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു
X

ജിദ്ദ: മുപ്പതു വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ചു വരുന്ന മലപ്പുറം തിരൂര്‍ അന്നാര സ്വദേശി മുഹമ്മദലിയെ പക്ഷാഘാതം സംഭവിച്ചതിനാല്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ ചികിത്സക്കു ശേഷം വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കെത്തിച്ചു. ജിദ്ദ സലാമയിലെ ഒരു കര്‍ട്ടന്‍ കടയില്‍ ഇരുപത്തെട്ടു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദലി രണ്ടു വര്‍ഷത്തോളമായി മഹ്ജറിലെ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് പക്ഷാഘാതം പിടിപെട്ട് അവശനിലയിലായത്. നല്ല ആരോഗ്യ സ്ഥിതിയിലുണ്ടായിരുന്ന മുഹമ്മദലി കുറച്ചു ദിവസം മുമ്പാണ് ഇടതുകൈയ്ക്കും കാലിനും തളര്‍ച്ച ബാധിച്ച് ജിദ്ദയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. രോഗാവസ്ഥ ത്വരിതഗതിയില്‍ കൂടിയതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് ടാക്‌സിയില്‍ പോകാനായി കയറിയ മുഹമ്മദലിയെ ടാക്‌സി ഡ്രൈവറുടെ സന്ദര്‍ഭോചിതമായ ചിന്തയാണ് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിച്ചത്. അസുഖ വിവരമറിഞ്ഞ നാട്ടിലുള്ള ഭാര്യജിദ്ദയിലുള്ള അവരുടെ പിതൃസഹോദരപുത്രനായ ബഷീറിനെ ടെലിഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ബഷീര്‍ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മുഹമ്മദലി തീരേ അവശനായി ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്ന് സംസാര ശേഷി ഏതാണ്ട് നഷ്ടപ്പെട്ട രീതിയിലായിരുന്നു. ബഷീര്‍ ഇപ്പോള്‍ നാട്ടിലുള്ള സുഹൃത്തും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹിയുമായ നൗഫല്‍ താനൂരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീം ഹസൈനാര്‍ മാരായമംഗലത്തിന്റെ നേതൃത്വത്തില്‍ വിഷയത്തില്‍ ഇടപെടുകയും പരിചരണത്തിനുള്ള സഹായങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അഞ്ചു ദിവസത്തോളം കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ ലഭിച്ചതിനാല്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതി കൈവരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ ചികിത്സക്കും കുടുംബത്തിന്റെ പരിചരണം ലഭിക്കുന്നതിനും നാട്ടിലെത്തിക്കുവാനുള്ള സംവിധാനങ്ങള്‍ സോഷ്യല്‍ ഫോറം വളണ്ടിയര്‍മാര്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ജാമിഅഃ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മുഹമ്മദലിയെ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഫൈസല്‍ മമ്പാട്, ഹസൈനാര്‍ മാരായമംഗലം, ബഷീര്‍, അബ്ദുല്ല ഓണക്കാട് എന്നിവരും മറ്റു ബന്ധുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം ജിദ്ദ എയര്‍പോര്‍ട്ടിലെത്തിച്ച് കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സില്‍ നാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ മുഹമ്മദലിയെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും നൗഫല്‍ താനൂരും എത്തിയിരുന്നു. പിന്നീട് മുഹമ്മദലിയെ തുടര്‍ചികിത്സക്കായി കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it