- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യസ്‌നേഹം എന്ന വരട്ടുചൊറിയും ഇസ്‌ലാമോഫോബിയ എന്ന പകര്‍ച്ചവ്യാധിയും
കെ സി വര്‍ഗ്ഗീസ്
നീതിന്യായ കോടതി ഒരു പ്രതീകമാണ്. കണ്ണുകെട്ടി കൈയില്‍ തുലാസിന്റെ രണ്ടു തട്ടുകളെ തുല്യനിലയിലാക്കി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന നീതിദേവതയുടെ ശില്‍പ്പം. കറുത്ത കോട്ടണിഞ്ഞ ന്യായാധിപന്റെ മേശപ്പുറത്തെ കൊട്ടുപിടി. ന്യായാധിപന്റെ മേശപ്പുറത്തെ ആ കൂറ്റന്‍ കൊട്ടുപിടികൊണ്ടുള്ള അടി വളരെ അപൂര്‍വമായിട്ടേ യഥാര്‍ത്ഥ കുറ്റവാളിയുടെ തലമണ്ടയില്‍ പതിക്കാറുള്ളൂ. ഇന്ത്യയുടെ ന്യായാധിപ ചരിത്രത്തില്‍ അപൂര്‍വമായാണ് ഭരണകൂടത്തിന്റെ ശിരസ്സില്‍ ഈയിടെ ഒരടി ഏറ്റത്. രാജ്യസ്‌നേഹം എന്ന വരട്ടുചൊറി (ഒ വി വിജയനോട് കടപ്പാട്) മാന്തിമാന്തി പുണ്ണാക്കുക എന്നതിനപ്പുറം മറ്റു പ്രത്യയശാസ്ത്രമൊന്നും കൈമുതലായില്ലാത്ത ഭരണകൂടത്തിന് തങ്ങള്‍ക്കിഷ്ടമില്ലാത്ത ആരെയും പിടിച്ച് അകത്തിടാനും അവരുടെ നാവരിയാനും വേണ്ടി ദുരുപയോഗം ചെയ്യാവുന്ന 124-എ എന്ന പിനല്‍ കോഡ് ഐ.പി.സി. വകുപ്പ് മരവിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഏല്‍പ്പിച്ച പ്രഹരം ചില്ലറയല്ല. 1975ല്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദു ചെയ്ത വിധിപ്രഖ്യാപനത്തോട് തുല്യമായ ഒരു വിധി പ്രഖ്യാപനമാണിതെന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിരീക്ഷകരുടെ നിഗമനം. രാജ്യവ്യാപകമായ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെയാണ് അന്നത്തെ പ്രധാനമന്ത്രി ആ വിധിയെ നേരിട്ടത്. നിലവിലുള്ള നീതിന്യായ വ്യവസ്ഥയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ട് തങ്ങള്‍ക്ക് ഏതറ്റം വരെ പോകാന്‍ കഴിയും എന്ന പരീക്ഷണമാണ് സംഘപരിവാര ഹിന്ദുത്വം ഡല്‍ഹിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ചരിത്രത്തിനു പകരം സാങ്കല്‍പ്പിക കഥകള്‍
കണ്ണെത്തുംദൂരത്തുള്ള യഥാര്‍ത്ഥ ഭൂതകാലചരിത്രത്തെ പാടെ തൂത്തുമാറ്റി കണ്ണെത്താദൂരത്തുള്ള സാങ്കല്‍പ്പിക ഐതിഹ്യ കഥകള്‍ക്കു ചരിത്രപരിവേഷം ചാര്‍ത്തി പുനപ്രതിഷ്ഠിക്കാനാണ് നീക്കം. വര്‍ത്തമാനകാലത്തെ സ്വന്തം കൈപ്പിടിയിലമര്‍ത്താന്‍ നോക്കുന്ന ഏതൊരു ഏകാധിപതിയും ആദ്യം ചെയ്യുക ഇതുതന്നെയായിരിക്കും. ഇന്ത്യാമഹാരാജ്യത്തെ ഇന്നത്തെ ഇന്ത്യയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരായിരുന്നു ബ്രിട്ടിഷ് സാമ്രാജ്യവും മുഗള്‍സാമ്രാജ്യവും. ബ്രിട്ടിഷ് കൊളോണിയല്‍ ശക്തികള്‍ ഈ മഹാരാജ്യത്തെ ഏറ്റുവാങ്ങിയത് സാക്ഷാല്‍ മുഗള്‍ ചക്രവര്‍ത്തിമാരില്‍നിന്നായിരുന്നു എന്ന കാര്യം ചരിത്രത്തിന്റെ ബാലപാഠമെങ്കിലും അറിയാവുന്ന ആര്‍ക്കും അറിയാവുന്നതാണ്. അഞ്ചും പത്തുമല്ല, മുന്നൂറ്റിമുപ്പത്തിരണ്ടു വര്‍ഷമാണ് മുഗള്‍ സാമ്രാജ്യം ഇന്ത്യയില്‍ വാഴ്ച നടത്തിയത്. സത്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഒരേ ചരടില്‍ കോര്‍ത്തിണക്കി ഇന്ത്യ എന്ന രാജ്യത്തെ രൂപപ്പെടുത്തിയതു തന്നെ മുഗളന്മാരായിരുന്നു. ബ്രിട്ടിഷുകാര്‍ മുഗളന്മാരെ കീഴ്‌പ്പെടുത്തിയാണ് അവരുടെ സാമ്രാജ്യം സ്ഥാപിച്ചത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കുകയാണ് തങ്ങളുടെ ഭരണം അനുസ്യൂതം മുന്നോട്ടുകൊണ്ടുപോകാന്‍ എളുപ്പമെന്നവര്‍ കണ്ടെത്തി. അവരില്‍നിന്നും അധികാരം ഏറ്റുവാങ്ങിയവരും ഇതേ തന്ത്രം പയറ്റി. ഒരു രാജ്യം, രണ്ടു ജനത എന്ന ആശയം പ്രബലപ്പെട്ടു.
മൃദുഹിന്ദുത്വം എന്ന പരീക്ഷണം
അധികാരത്തിന്റെ അപ്പക്കൊട്ടയില്‍ കൈയിട്ടുവാരുക എന്നതിനപ്പുറമുള്ള കാഴ്ചപ്പാടുകളൊന്നും ബ്രിട്ടിഷുകാരില്‍നിന്ന് അധികാരം ഏറ്റുവാങ്ങിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനും ഉണ്ടായിരുന്നില്ല. വോട്ടുബാങ്കുകള്‍ സുരക്ഷിതമാക്കാനുള്ള എളുപ്പവഴി ജനങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതല്ല, ഭിന്നിപ്പിച്ചുനിര്‍ത്തുന്നതാണ് എന്ന തത്ത്വം ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ അവസരവാദികളെ ആരും പ്രത്യേകിച്ച് പഠിപ്പിച്ചു കൊടുക്കേണ്ടതില്ലായിരുന്നു. ഒരുവശത്ത് തീവ്രഹിന്ദുത്വം, മറുവശത്ത് മൃദുഹിന്ദുത്വം. ഇന്ത്യന്‍ ദേശീയത എന്നാല്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒന്നായിരിക്കണം. ഇതിനു പുറത്തുള്ള ക്രിസ്ത്യാനികളും മുസ്‌ലിംകളും മതേതരവാദികളും കളത്തിനു പുറത്ത് എന്ന സങ്കല്‍പ്പത്തിന് വിത്തുപാകിയവര്‍ ഭാവിയില്‍ വരാന്‍ പോകുന്ന വന്‍വിപത്തിനുള്ള വഴി വെട്ടുകയായിരുന്നു.
കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്താകുന്നതിന് മുമ്പു തന്നെ മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും പരസ്പരം കൈകോര്‍ത്തു. ബാബറുടെ പള്ളി പൊളിച്ച് രാമന്റെ അമ്പലം പണിതു. ചരിത്രപുരുഷനായ ബാബര്‍ ഐതിഹ്യപുരുഷനായി. ഐതിഹ്യപുരുഷനായിരുന്ന രാമന്‍ ചരിത്രപുരുഷനായി. 1992 ഡിസംബര്‍ 6, ആധുനിക ഇന്ത്യാചരിത്രത്തില്‍ തീവ്രഹിന്ദുത്വം കൈവരിച്ച ആദ്യവിജയം. ബാബരി മസ്ജിദ് ഇടിച്ചുപൊളിച്ചതു വഴി അവരുടെ വിജയം അടയാളപ്പെടുത്തി. ഒടുവില്‍ കോടതിയും തീവ്രഹിന്ദുത്വത്തിന് ഒരു കുട നിവര്‍ത്തിക്കൊടുത്തു. അധികാരം തീവ്രഹിന്ദുത്വവാദികളുടെ കൈയില്‍ സുസ്ഥിരമായിരിക്കുമെന്ന മിഥ്യാബോധം ഊട്ടിയുറപ്പിക്കാന്‍ മാധ്യമ കുത്തകകളും അവരുടെ പങ്കു വഹിച്ചു. മുസ്‌ലിംവിരുദ്ധത ആളിക്കത്തിക്കുന്തോറും ഹൈന്ദവ ഏകീകരണം ശക്തമാക്കുക എളുപ്പമായിരിക്കുമെന്നായിരുന്നു കണ്ടെത്തല്‍. മുസ്‌ലിം-ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം മെല്ലെ പാഠപുസ്തകങ്ങളിലേക്കു തിരിഞ്ഞു. ചരിത്രം നിര്‍മിക്കലല്ല, ചരിത്രം തിരുത്തലാണ് ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള കുറുക്കുവഴി എന്നായിരുന്നു പുതിയ തിസിസ്. അതിനായി കൗശലമുള്ളവരെ സവര്‍ണപ്പട്ടം കെട്ടിച്ച് വിദ്യാപീഠങ്ങളുടെ മേധാവികളാക്കി. കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തിലും ഉയര്‍ന്നുകേട്ട മുറവിളി മൃദുഹിന്ദുത്വവും കുടുംബവാഴ്ചയുടെ പുനസ്ഥാപിക്കലും വേണമെന്നുതന്നെയായിരുന്നു. അതിനെതിരേ ചിന്തിച്ചവരുടെ ചിന്ത കേവലം ജലരേഖയായി പരിണമിച്ചു.
മുസ്‌ലിം ഭരണാധികാരികളുടെ പേരും അവര്‍ നിര്‍മിച്ച ചരിത്രസ്ഥാപനങ്ങളും അതേനിലയില്‍ നിലനിര്‍ത്തേണ്ടതില്ലെന്നായി തീരുമാനം. ചരിത്രഗ്രന്ഥങ്ങള്‍ക്കു മേല്‍ കത്രിക പ്രയോഗിച്ചു. ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ഥലനാമങ്ങള്‍ മാറ്റി. പകരം പുരാണ കഥാപാത്രങ്ങളുമായി സ്ഥലനാമങ്ങളെ ബന്ധപ്പെടുത്താനായി ശ്രമം. ഇന്ത്യയിലുടനീളം തങ്ങളുടെ സ്വാധീനമേഖലകളിലാകെ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് നീക്കം. കേരളവും തമിഴ്‌നാടുംപോലെയുള്ള ചുരുക്കം ചില തുരുത്തുകള്‍ മാത്രമാണ് ഹിന്ദുത്വവാദികള്‍ക്കു ബാലികേറാമലയായി അവശേഷിക്കുന്നത്. അവിടെ എങ്ങനെ വിള്ളലുകളുണ്ടാക്കി സൂചി കടക്കേണ്ടിടത്ത് തൂമ്പാ കടത്താന്‍ കഴിയുമെന്നത് സംഘപരിവാര അജണ്ടയുടെ ഭാഗമാണ്. രാജ്യത്തെ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാനുള്ള സമീപകാല സൃഗാലതന്ത്രങ്ങള്‍ക്കു നല്ല പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, മുസ്‌ലിം തീവ്രവാദം, എന്നൊക്കെയുള്ള മിഥ്യാവാദങ്ങള്‍ ഉയര്‍ത്തിയും സൈബര്‍പ്പടയെ ഉപയോഗിച്ചും സാമൂഹികമാധ്യമങ്ങളില്‍ ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് ഇസ്‌ലാമിനെ ചാപ്പകുത്തുന്നു. അതിനായി ക്രിസ്ത്യാനികളെ മുസ്‌ലിംകള്‍ക്കെതിരേ തിരിച്ചുവിടുക എന്ന പരീക്ഷണം പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ ഈരാറ്റുപേട്ടയില്‍നിന്ന് മൂര്‍ച്ചപോയ തുരുമ്പുപിടിച്ച എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വെട്ടുകത്തിയും കണ്ടെത്തിയിരിക്കുന്നു. അതാണു സാക്ഷാല്‍ പി.സി. ജോര്‍ജ്. ഈ പാണ്ടന്‍നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെങ്കിലും നാവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കടിക്കാനാവില്ലെങ്കിലും കുരയ്ക്കാന്‍ സമര്‍ഥനാണ്. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്നാണല്ലോ നാട്ടുവഴക്കം.
ക്രിസ്ത്യാനികളും മുസ്‌ലിംകളും നേര്‍ക്കുനേര്‍
പി.സി. ജോര്‍ജിനെ പേടിക്കേണ്ടതില്ല. പക്ഷേ, അദ്ദേഹം കയറിയിറങ്ങുന്ന അരമനകളിലെ ചില അരജന്മാര്‍ പഴയ ശീലങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ ഇടയലേഖനങ്ങളുമായും മുഖപത്ര ലിഖിതങ്ങളുമൊക്കെയായി മലര്‍ന്നുകിടന്ന് തുപ്പുന്നത് അത്ര സുഖകരമായ ഒരു കാഴ്ചയല്ല. സ്വന്തം പാളയത്തിലെ പടയെ പ്രതിരോധിക്കുന്നതിനും മാധ്യമ ശ്രദ്ധ യഥാര്‍ഥ വിഷയങ്ങളില്‍നിന്നു തിരിച്ചുവിടുന്നതിനുമായി നടത്തുന്ന പെടാപ്പാടുകളെന്നു മാത്രം ഇത്തരം വിമര്‍ശനങ്ങളെ കണ്ടാല്‍ മതി.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ഇന്ത്യന്‍ ക്രിസ്ത്യാനികളില്‍ എണ്ണത്തില്‍ പിന്നാക്കമാണെങ്കിലും അന്തസ്സിലും ആഭിജാത്യത്തിലും വളരെ മുന്നാക്കമാണ്. ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ തങ്ങളാണ് ലോക ക്രിസ്തുമതത്തിന്റെ നട്ടെല്ലെന്നാണ് ഭാവം. റോമുമായി ഏറെക്കാലം നടത്തിയ വിലപേശലിന്റെ ഫലമായി കാക്കനാട്ട് ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അനുവദിച്ചുകിട്ടി. പോരാ, പൗരസ്ത്യ കാതോലിക്കോസ് എന്ന പദവി ഓര്‍ത്തഡോക്‌സ് സഭയില്‍നിന്നു മറുകണ്ടംചാടിവന്ന തിരുവനന്തപുരം മെത്രാന്‍ അടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ തന്നെ കേരളത്തിലെ ഒരു കൊച്ചു സഭാസമൂഹത്തിന് താങ്ങാവുന്നതില്‍ കൂടുതല്‍ കാതോലിക്കമാര്‍ ഉണ്ട്. കോട്ടയത്ത് ഒരു ഓര്‍ത്തഡോക്‌സ് കാതോലിക്ക!, മൂവാറ്റുപുഴയില്‍ ഒരു യാക്കോബായ കാതോലിക്ക!, തിരുവനന്തപുരത്ത് ഒരു മലങ്കര കാതോലിക്ക!- ഈ മൂന്ന് കാതോലിക്കമാര്‍ തമ്മിലുള്ള അടി ഇപ്പോള്‍ തന്നെ തെരുവിലെത്തിക്കഴിഞ്ഞു. അടി തീര്‍ത്തുകൊടുക്കാന്‍ കാതോലിക്കമാര്‍ കൂട്ടത്തോടെ പിണറായി വിജയന്റെ വീട്ടുപടിക്കല്‍ പെറ്റുകിടക്കുകയാണെന്നു കേള്‍ക്കുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പെന്നുള്ള സ്ഥാനപ്പേര് ലത്തീന്‍കാരായ പുതുക്രിസ്ത്യാനികളിലല്ലാതെ സുറിയാനി പാരമ്പര്യം പേറുന്ന സാക്ഷാല്‍ തോമാശ്ലീഹായുടെ നാട്ടില്‍നിന്ന് പറിച്ചുനടപ്പെട്ട സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു മതിപ്പ് ഉണ്ടാക്കുന്നില്ല. അതിനാല്‍ ഇവിടത്തെ വിമതന്മാരെ ഭയന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇപ്പോള്‍ ഭരണം കാക്കനാട്ടും താമസം അങ്ങു വത്തിക്കാനിലും ആക്കിയിരിക്കുകയാണ്. തനിക്കു വേണ്ടത് പാത്രിയാര്‍ക്കിസ് പദവിയാണ്. അതു കിട്ടിയാല്‍ ഇപ്പോള്‍ തെരുവില്‍ അഭയംതേടിയിരിക്കുന്ന യാക്കോബായക്കാരെ കൂടി മാര്‍പാപ്പയ്ക്ക് അടിയറവയ്പിക്കാം എന്ന വ്യവസ്ഥയുമായാണ് കൂടക്കൂടെയുള്ള ഈ വത്തിക്കാന്‍ സന്ദര്‍ശനമെന്നാണ് പാലാ അങ്കമാലി രൂപതയിലെ ജനാഭിമുഖ്യ കുര്‍ബാനാനുകൂലികള്‍ അടക്കംപറയുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് പകരം ലൗ ജിഹാദെന്നും നാര്‍കോട്ടിക് ജിഹാദെന്നുമൊക്കെ ഇടയ്ക്കിടെ വിളിച്ചുപറഞ്ഞു കുഞ്ഞാടുകളെ വെകളിപിടിപ്പിക്കുന്ന തിരക്കിലാണ് ഒരുപറ്റം മെത്രാന്മാരും അവരുടെ വക്താക്കളായി ടി.വി. സ്‌ക്രീനില്‍ മുഖംകാണിക്കുന്ന കെന്നഡി കരിമ്പിന്‍കാലാമാരും കുറേ വാട്‌സ്ആപ്പ് സുവിശേഷകരും. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ വലവീശിപ്പിടിക്കുന്നുവത്രേ. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവരുടെ ക്രൈസ്തവ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല, അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു- ഇതൊക്കെയാണ് ആക്ഷേപം. മുഖം ആകാത്തതിനെന്തിനാണ് കണ്ണാടി ഉടയ്ക്കുന്നത്? അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്തിന് തട്ടിക്കയറുന്നു? കേരളത്തില്‍ മറ്റേത് മതവിഭാഗങ്ങള്‍ക്കും ഉള്ളതില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ സ്വന്തമായി നടത്തുന്നവരാണ് സുറിയാനി ക്രിസ്ത്യാനികള്‍. കൃത്യമായ സണ്‍ഡേ സ്‌കൂള്‍ പാഠപദ്ധതി പ്രകാരം കുട്ടികള്‍ക്കും ധ്യാനപരമ്പരകള്‍ വഴി മുതിര്‍ന്നവര്‍ക്കും കൃത്യമായ മതപാഠ പരിശീലനം നല്‍കാനുള്ള ഏര്‍പ്പാട് ഇവര്‍ക്കുണ്ട്. ഇതൊക്കെ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങി കക്ഷത്തില്‍ മടക്കിവച്ചുകൊണ്ട് പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളെ ജീവിതപങ്കാളികളാക്കുന്നുവെങ്കില്‍ തിരുത്തല്‍ വരുത്തേണ്ടത് എവിടെയാണ്? പെണ്‍മക്കളെ വിദേശത്തയച്ച് പണം ചുരത്തുന്ന കറവപ്പശുക്കളായി കരുതുന്ന ക്രൈസ്തവ മാതാപിതാക്കള്‍ക്കായി കാലം കാത്തുവച്ചിരിക്കുന്നത് വൃദ്ധമന്ദിരങ്ങളാണ്. വൃദ്ധമന്ദിരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന വാര്‍ധക്യങ്ങള്‍, അവര്‍ മുന്‍കൈയെടുത്ത് പള്ളിയില്‍ വച്ച് ആര്‍ഭാടപൂര്‍വം വൈദിക ആശിര്‍വാദത്തോടെ നടത്തിയ അവരുടെ മക്കളുടെ ഇപ്പോഴത്തെ ദാമ്പത്യജീവിതം എവിടെ എത്തിനില്‍ക്കുന്നു, ഒന്നു തിരിഞ്ഞുനോക്കുന്നത് കൊള്ളാം. വിവാഹ വസ്ത്രത്തില്‍ ചുളിവു വീഴുന്നതിനു മുമ്പ് ഇണപിരിയലിനുള്ള അനുവാദം തേടി കുടുംബ കോടതികളില്‍ എത്തുന്ന ദമ്പതിമാര്‍ പെരുകുന്നു. ഇതൊക്കെ ഏതു സമുദായത്തിലാണ് കൂടുതല്‍ നടക്കുന്നത് എന്നതിന്റെ കണക്കു കൂടി എടുത്തിട്ടുപോരേ ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറയുന്നതിന്റെയും മുസ്‌ലിം ജനസംഖ്യ കൂടുന്നതിന്റെയും ഒക്കെ കണക്കു പരിശോധിക്കാന്‍.
വ്യാജ ജനസംഖ്യാഭീതി
എന്തൊക്കെ അസംബന്ധങ്ങളാണ് കാല്‍വരിയില്‍ ജീവത്യാഗം ചെയ്ത ആ ലോക മഹാഗുരുവിന്റെ പേരില്‍ സ്ഥാപിതമായതെന്ന് അവകാശപ്പെടുന്ന ക്രിസ്ത്യാനി സുഹൃത്തുക്കള്‍ സൈബറിടങ്ങളില്‍ അടിച്ചുവിടുന്നത്. ഒരു നുണ ഇങ്ങനെ ഒരുപാടു തവണ ആവര്‍ത്തിച്ചാല്‍ അതു നേരാകുമെന്ന് യേശുവോ ശിഷ്യന്മാരോ ഒന്നും പഠിപ്പിച്ചിട്ടുള്ളതായി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മറികടന്ന് മുസ്‌ലിംകള്‍ ഇന്ത്യയില്‍ ഭൂരിപക്ഷമായി മാറുംപോലും. എത്ര കൃത്യമായ പ്രവചനം! സത്യാവസ്ഥ എന്താണ്? 1992-93 കാലത്തെ കുടുംബാസൂത്രണ പദ്ധതിയുടെ കാലത്തുതന്നെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം ജനവിഭാഗങ്ങളുടെ എണ്ണത്തില്‍ ആനുപാതികമായ കുറവു സംഭവിച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ മൊത്തം പ്രത്യുല്‍പ്പാദന നിരക്ക് 3.3 ശതമാനം ആയിരുന്നെങ്കില്‍ പുതിയ കണക്കുപ്രകാരം 1.94 ആയി കുറഞ്ഞിട്ടുണ്ട്. മുസ്‌ലിംകളുടേത് 4.41 ശതമാനത്തില്‍ നിന്ന് 2.36 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടേത് 2.7ല്‍ നിന്ന് 1.88 ആയി കുറഞ്ഞു. വിവാഹപ്രായത്തിലെ വര്‍ധന, വിദേശത്ത് ജോലി തേടിപ്പോകല്‍, കുട്ടികളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍, ആധുനിക ഉദാരവാദ ഉപഭോഗാധിഷ്ഠിത ജീവിതശൈലിയിലേക്കുള്ള ആകര്‍ഷണം എന്നിങ്ങനെ ബഹുവിധ കാരണങ്ങളാണ് കാലാനുസൃതമായി ജനസംഖ്യാ വര്‍ധനയ്ക്കു സംഭവിക്കുന്ന കുറവിന് അടിസ്ഥാനം. ഇതൊരു കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം അവസ്ഥയല്ല, ലോകവ്യാപകമായ പ്രതിഭാസമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ചരടുവലിക്കനുസൃതമായല്ല ജനസംഖ്യയിലെ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസം സംഭവിക്കുന്നത്. അര്‍ഹതയുള്ളത് അതിജീവിക്കും. അതാണ് പ്രകൃതിയുടെ പ്രമാണം. ഇന്നത്തെ ന്യൂനപക്ഷം നാളെ ഭൂരിപക്ഷമായി മാറിയെന്നും വരും. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, മറ്റു മനുഷ്യേതര ജീവികളിലും ഇതേ പ്രതിഭാസമാണ് സഹസ്രാബ്ദങ്ങളായി നിലനിന്നുപോരുന്നത്.
'ജനിക്കുവാന്‍ ഒരുകാലം, മരിക്കുവാന്‍ ഒരുകാലം, നടുവാന്‍ ഒരുകാലം, നട്ടത് പറിക്കുവാന്‍ ഒരുകാലം. എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന് കീഴുള്ള സകലകാര്യത്തിനും ഒരു സമയമുണ്ട് (ബൈബിള്‍ സഭാപ്രസംഗി 3:1-9).' ലോകമതങ്ങളെ ആകെ ജരാനരകള്‍ ബാധിച്ചിരിക്കുന്നു. ഒരു മതം മരിക്കുമ്പോള്‍ മറ്റൊരു മതം ആവിര്‍ഭവിക്കുന്നു. ഇസ്‌ലാം മറ്റു മതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യൗവനാവസ്ഥ പിന്നിട്ടിട്ടേയുള്ളൂ. യുവസഹജമായ ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുകയും വെറുപ്പിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്തുതന്നെ ആയാലും ക്രൈസ്തവമല്ല. ക്രിസ്തുമതവും ഇസ്‌ലാമും സഹോദരമതങ്ങളാണ്. സഹോദരമതങ്ങളെ തമ്മിലടിപ്പിക്കാനും ഒരിക്കലും ഹിന്ദുവായിരുന്നിട്ടില്ലാത്ത ഈഴവ, ആദിവാസി, പട്ടികവര്‍ഗ, പട്ടികജാതി, പിന്നാക്കവിഭാഗങ്ങളെ തീവ്രഹിന്ദുത്വം ഒരുക്കിയിരിക്കുന്ന കെണിയില്‍ വീഴ്ത്താനുമുള്ള കുരുക്കുകളില്‍നിന്ന് ബുദ്ധിയുള്ളവര്‍ ഒഴിഞ്ഞുമാറും. ഒരിക്കല്‍ വെള്ളാപ്പള്ളി എന്ന പിതാവും അദ്ദേഹത്തിന്റെ പുത്രനും ആ കെണിയില്‍ അകപ്പെട്ടു. അല്‍ഫോന്‍സ് കണ്ണന്താനം എന്ന ക്രിസ്ത്യാനി ഐ.എ.എസ്. ഓഫിസറും അബ്ദുല്ലക്കുട്ടി എന്ന ഇസ്‌ലാം നാമധാരിയും ആ കെണിയില്‍ അകപ്പെട്ടവരാണ്. പിന്നാലെ വീണത് പി.സി. ജോര്‍ജാണ്. ഇപ്പോള്‍ ജോര്‍ജ് ചേട്ടന്‍ പറയുന്നത് ഇതാ പുലി വരുന്നേ... പുലി വരുന്നേ... ഇസ്‌ലാം എന്ന പുലി വരുന്നേ എന്നാണ്. ഈ പുലി ക്രിസ്ത്യന്‍ കുഞ്ഞാടുകളെ പിടിച്ച് തിന്നുംപോലും. ഒരിക്കല്‍ യഥാര്‍ഥ പുലി വരും. അന്ന് കുഞ്ഞാടുകളെ രക്ഷിക്കാന്‍ ജോര്‍ജ് അച്ചായന്‍ ഒപ്പം കാണില്ല. അദ്ദേഹം പുലികളോടൊപ്പം ആയിരിക്കും. അറേബ്യയിലെ എല്ലാ സുഗന്ധവര്‍ഗങ്ങളും ഉപയോഗിച്ചു കഴുകിയാലും ശുദ്ധമാകാത്തത്ര രക്തക്കറകൊണ്ടു മലിനമാണ് ഇന്ത്യന്‍ ഹിന്ദുത്വ തീവ്രവാദികളുടെ രക്തപങ്കിലമായ കൈപ്പത്തികള്‍.
ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയുമായ മെഹബൂബാ മുഫ്തി പറഞ്ഞതുപോലെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രകോപനങ്ങളില്‍ അകപ്പെട്ട് സ്വയം നാശം ക്ഷണിച്ചുവരുത്തരുത്. രാജ്യത്തെ വലതുപക്ഷകക്ഷികള്‍ വിരിച്ചിരിക്കുന്ന വലയില്‍ കുടുങ്ങരുത്. നാളെ ഒരുപക്ഷേ ബാബരി മസ്ജിദിനെതിരേയും ജമ്മുകശ്മീരിനെതിരേയും ഉയര്‍ന്ന കൈകള്‍ താജ്മഹലിന് നേരെ, കുത്തുബ്മീനാറിനു നേരെ നീണ്ടുവന്നുവെന്നിരിക്കും. ഇന്ത്യയിലെ മുസ്‌ലിംകള്‍ അവരുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് സമാധാനജീവിതം ഉറപ്പു വരുത്തണമെന്നായിരുന്നു ശ്രീനഗറില്‍ നിന്ന് അടുത്തദിവസം ആ വനിത നടത്തിയ അഭ്യര്‍ഥന (ഹിന്ദു ദിനപത്രം, തിയ്യതി 12.05.22). ക്രിസ്ത്യാനികള്‍ ചിരിക്കാന്‍ വരട്ടെ. ഇന്നു മുസ്‌ലിംകളെ തേടിയെത്തിയവര്‍ നാളെ നിങ്ങളെ തേടിയെത്തും. വടക്കേ ഇന്ത്യയില്‍ സംഘപരിവാരം ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷനറിമാരുടെ എണ്ണവും തകര്‍ത്തുതരിപ്പണമാക്കിയ പ്രാര്‍ഥനാലയങ്ങളുടെ എണ്ണവും കൂടി എടുത്തിട്ടു പോരേ, ഒരു മുസ്‌ലിംവിരുദ്ധ കുരിശുയുദ്ധത്തിനുള്ള പുറപ്പാട്. അല്ലാത്തപക്ഷം ഏറ്റവും ഒടുവിലായി സംഘപരിവാര ക്രൂരതയ്ക്കു വിധേയപ്പെട്ട് മരണം വരിക്കേണ്ടിവന്ന സ്റ്റാന്‍സ്വാമി എന്ന ക്രൈസ്തവ വൈദികന്റെ ആത്മാവ് നിങ്ങള്‍ക്കു മാപ്പു തരില്ല.
(തേജസ് ദൈ്വവാരിക ജൂണ്‍ 1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
RELATED STORIES
മുസ്‌ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMT