Latest News

ശബരിമല തീർത്ഥാടനം; മുന്നൊരുക്കം നവംബർ അഞ്ചിനകം പൂർത്തിയാക്കും

ശബരിമല തീർത്ഥാടനം; മുന്നൊരുക്കം നവംബർ അഞ്ചിനകം പൂർത്തിയാക്കും
X

കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുഴുവൻ മുന്നൊരുക്കങ്ങളും നവംബർ അഞ്ചിനകം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം.

എരുമേലിയിലെ പാർക്കിംഗ് ഫീസും ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഫീസും ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പാർക്കിംഗ് മേഖലയിൽ പല വിധത്തിൽ ഫീസുകൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്‌പെഷൽ ഡെപ്യൂട്ടി കളക്ടറെ നിയമിക്കുന്നതിന് സർക്കാർതലത്തിലേക്ക് അറിയിച്ചിട്ടുണ്ട്.

തീർത്ഥാടന മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് തടയുന്നതിനായി ലേലം ഏറ്റെടുക്കുന്ന ഓരോ സ്ഥാപനങ്ങളും മാലിന്യം തരംതിരിച്ച് ശേഖരിക്കണമെന്ന നിർദേശം ലേല നിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കും.

എരുമേലിയിലെ ശൗചാലയങ്ങളുടെ സെപ്റ്റിക് ടാങ്ക് അടിയന്തരമായി ശുചീകരിക്കുന്നതിന് ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ജലാശയങ്ങളിൽ ശൗചാലയമാലിന്യം കലരാതിരിക്കാൻ കർശന നടപടി സ്വീകരിക്കും. വസ്ത്രങ്ങൾ ജലാശയത്തിൽ ഉപേക്ഷിക്കുന്നത് തടയാൻ പ്രത്യേക സംവിധാനമൊരുക്കും.

കടകളിലും സ്ഥാപനങ്ങളിലും ജോലിക്കെത്തുന്നവർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് പൊലീസ് ഉറപ്പു വരുത്തും. പൊലീസിന്റെ നേതൃത്വത്തിൽ കടകളിലുള്ളവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനും തീരുമാനിച്ചു. കൂടുതൽ സിസിടിവികളും വാച്ച് ടവറും സ്ഥാപിക്കും.

മേഖലയിലേക്കുള്ള ഇടറോഡുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പു വരുത്താൻ പൊതുമരാമത്ത് നിരത്തു വിഭാഗത്തിന് നിർദേശം നൽകി. ദിശാസൂചന ബോർഡുകൾ, റിഫ്‌ളക്ടറുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കും. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ട ഇടങ്ങളിൽ അവ സ്ഥാപിക്കാനും നടപടി സ്വീകരിച്ചു.

കണമല, ഓരുങ്കൽ കടവ്, കൊരട്ടിപാലം, കഴുതകടവ് തുടങ്ങി എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ഓരുങ്കൽ കടവിൽ ബയോ ടോയ് ലറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.

എരുമേലി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി തുടങ്ങി സമീപ ആശുപത്രിയിൽ ജീവനക്കാരും മരുന്നും ഉണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ഈ ആശുപത്രികളിൽ ആന്റിവെനം, ആന്റി റാബീസ് എന്നിവ ഉണ്ടെന്നും ഉറപ്പാക്കണം. ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലൻസ് എരുമേലിയിൽ എല്ലാദിവസവും ഉണ്ടാകും. ആവശ്യമായ മെഡിക്കൽ സ്‌ക്വാഡിനെ നിയമിക്കാനും ഹോട്ടലുകൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനും ഡി.എം.ഒയെ ചുമതലപ്പെടുത്തി. ആയുർവേദ – ഹോമിയോ മെഡിക്കൽ ടീമിന്റെ സേവനം കടപ്പാട്ടൂർ, എരുമേലി, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ ഏർപ്പെടുത്തും.

എല്ലാ ഇടത്താവളങ്ങളിലും എരുമേലി മേഖലയിലും തടസമില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിന് കെ.എസ്.ഇ.ബി യ്ക്ക് നിർദേശം നൽകി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഒരു ഇലക്ട്രിക് ചാർജിംഗ് പോയിന്റ് സ്ഥാപിക്കാനും കെ.എസ്.ഇ.ബി ക്ക് നിർദേശം നൽകി. തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

എല്ലാ ഹോട്ടലുകളിലും അഞ്ച് ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും.

എരുമേലിയിൽ 24 മണിക്കൂറും ശുദ്ധജലലഭ്യത ഉറപ്പ് വരുത്താൻ ജല അതോറിറ്റിയ്ക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ഫയർ എൻജിനുകളും സ്‌കൂബ ഡൈവിംഗ് ടീമും സഹിതം സജ്ജമാണെന്ന് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗം അറിയിച്ചു.

സീസൺ ലക്ഷ്യമാക്കി എരുമേലിയിൽ ചാരായ വാറ്റ് നടത്തുന്നതിന് തടയാനായി കർശന പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യമുറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.

യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എ.ഡി.എം. ജിനു പുന്നൂസ്, സബ് കളക്ടർ സഫ്‌ന നസ്‌റുദീൻ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്ര ബാബു , വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it