Latest News

കുപ്രസിദ്ധ ജൂതകുടിയേറ്റ വിദഗ്ദനും പുരാവസ്തു മോഷ്ടാവുമായ സീവ് എലിച്ച് ലെബനാനിൽ കൊല്ലപ്പെട്ടു

കുപ്രസിദ്ധ ജൂതകുടിയേറ്റ വിദഗ്ദനും പുരാവസ്തു മോഷ്ടാവുമായ സീവ് എലിച്ച് ലെബനാനിൽ കൊല്ലപ്പെട്ടു
X

തെൽഅവീവ്: തെക്കൻ ലെബനാനിലെ പുരാതന കോട്ടയിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ജൂത കുടിയേറ്റ വിദഗ്ദനും പുരാവസ്തു മോഷ്ടാവുമായ സീവ് എലിച്ച് കൊല്ലപ്പെട്ടു. ഇസ്രായേലി സൈന്യത്തിലെ എലൈറ്റ് വിഭാഗമായ ഗോലാനി ബ്രിഗേഡ്സിൻ്റെ ചീഫ് സ്റ്റാഫായ കേണൽ യോവ് യരോമിനൊപ്പം എത്തിയപ്പോഴാണ് സീവ് എലിച്ച് ഹിസ്ബുല്ലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യോവ് യരോമിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സൈനികൻ കൊല്ലപ്പെട്ടു.

ഈ പ്രദേശം "ശത്രു" വിമുക്തമാണെന്ന ധാരണയിലാണത്രെ ഉന്നത ഉദ്യോഗസ്ഥർ പുരാവസ്തു കവരാൻ എത്തിയത്. പക്ഷെ മരങ്ങൾക്ക് പുറകിൽ പതിയിരുന്ന ഹിസ്ബുല്ല പ്രവർത്തകർ ഇവരുമായി ഏറ്റുമുട്ടി. തുടർന്ന് ഹെലികോപ്റ്ററിൻ്റെ സഹായത്തോടെയാണ് ബാക്കിയുള്ളവരെ ഇസ്രായേൽ സൈന്യം രക്ഷിച്ചത്.

പുരാവസ്തു ഗവേഷകനായ സീവ് എലിച്ചിന് മണ്ണിനോടും പുരാവസ്തുക്കളോടും അതിയായ കമ്പമുണ്ടായിരുന്നതായി ജൂത കുടിയേറ്റക്കാർ പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാർക്കിടയിൽ ഏറെ പ്രശസ്തനായ ഇയാളുടെ കൈയിൽ എപ്പോഴും ഭൂപടം ഉണ്ടാവും. വെസ്റ്റ്ബാങ്കിലെ ഒഫ്ര പ്രദേശത്ത് ജൂത കുടിയേറ്റ ഗ്രാമങ്ങൾ ഉണ്ടാക്കിയതിന് ഇയാൾക്ക് നേരത്തെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ലെബനാനിൽ കുടിയേറ്റ ഗ്രാമങ്ങൾ ഉണ്ടാക്കുക എന്നതും ഇയാളുടെ ലക്ഷ്യമായിരുന്നു.

ഇയാളുടെ മരണത്തിൽ ഇസ്രായേൽ ധനമന്ത്രി ബെർസലേൽ സ്മോട്രിച്ച് ദു:ഖം രേഖപ്പെടുത്തി.

" ഇസ്രായേലിൻ്റെ സുരക്ഷക്ക് സീവ് നിരവധി സഹായങ്ങൾ ചെയ്തു. ഓരോ ഭൂപ്രദേശങ്ങളെ കുറിച്ചും അറിവുള്ള സീവ് സൈനിക നടപടികൾക്ക് വളരെയധികം സഹായങ്ങൾ നൽകി " - സ്മോട്രിച്ച് പറഞ്ഞു.

വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ ഓടിച്ച് കുടിയേറ്റം നടത്തുന്ന യെശ കൗൺസിലും മരണത്തിൽ അനുശോചിച്ചു. ഗ്രാമങ്ങളുടെ ഭൂമിശാസ്ത്രം മനസിലാക്കാൻ സൈനികർ ഇയാളെ ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് കൗൺസിൽ അറിയിച്ചു. സിവിലിയൻ ആയിട്ടു കൂടി സൈനിക ബഹുമതികളോടെയാണ് ഇസ്രായേൽ സർക്കാർ ഇയാളുടെ മൃതദേഹം സംസ്കരിച്ചത്.

Next Story

RELATED STORIES

Share it