Latest News

ഒരു ഡിഗ്രിക്ക് 70,000 രൂപ വരെ; വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

വ്യാജ ഡോക്ടര്‍മാര്‍ ആയി പ്രാക്ടീസ് നടത്തിയ 14 പേരെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു

ഒരു ഡിഗ്രിക്ക് 70,000 രൂപ വരെ; വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍
X

സൂറത്ത്: വ്യാജ മെഡിക്കല്‍ ഡിഗ്രികള്‍ ഉണ്ടാക്കുന്ന സംഘത്തെ പിടികൂടി പോലിസ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ്‌ വ്യാജ ഡിഗ്രികള്‍ ഉണ്ടാക്കുന്ന സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി വ്യാജ ഡോക്ടര്‍മാര്‍ ആയി പ്രാക്ടീസ് നടത്തിയ 14 പേരെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു.ബോര്‍ഡ് ഓഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിനില്‍ (ബിഇഎച്ച്എം) ഗുജറാത്ത് നല്‍കുന്ന ബിരുദങ്ങളാണ് പ്രതികള്‍ വാഗ്ദാനം ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പോലിസ് കണ്ടെത്തി.

വ്യാജ ഡോക്ടര്‍ ബിരുദമുള്ള മൂന്ന് പേര്‍ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും പോലിസും നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ വെളിപ്പെട്ടത്. ഇലക്ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട കോഴ്സില്‍ ബിരുദം നല്‍കുന്നതിനായി പ്രതികള്‍ ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലിസ് പറഞ്ഞു. അഞ്ചുപേരെ നിയമിക്കുകയും ഇലക്ട്രോ ഹോമിയോപ്പതിയില്‍ പരിശീലനം നല്‍കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കുകയും ഇലക്ട്രോ ഹോമിയോപ്പതി മരുന്നുകള്‍ എങ്ങനെ നല്‍കാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്തതായി പോലിസ് പറയുന്നു.

ഇലക്ട്രോ ഹോമിയോപ്പതിയോട് ആളുകള്‍ക്ക് ഭയമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇവര്‍ തങ്ങളുടെ പദ്ധതികള്‍ മാറ്റി ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് ആളുകള്‍ക്ക് നല്‍കാന്‍ തുടങ്ങി. ഒരു ഡിഗ്രിക്ക് 70,000 രൂപ ഈടാക്കി അവര്‍ക്ക് പരിശീലനം വാഗ്ദാനം ചെയ്യുകയും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അലോപ്പതി, ഹോമിയോപ്പതി, ആരോഗ്യം എന്നീ മേഖലകളില്‍ ജോലി ചെയ്യാം എന്നും ഇവര്‍ ആളുകളോട് പറഞ്ഞതായും പോലിസ് വ്യക്തമാക്കി.

പണം അടച്ച് 15 ദിവസത്തിനകം അവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും, സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വര്‍ഷത്തിന് ശേഷം 5,000 മുതല്‍ 15,000 രൂപ വരെ നല്‍കി 'ഡോക്ടര്‍മാര്‍' പുതുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. പുതുക്കിയ ഫീസ് അടയ്ക്കാന്‍ കഴിയാത്ത ഡോക്ടര്‍മാരെ സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it